| Thursday, 19th December 2019, 10:16 am

പൗരത്വഭേദഗതി നിയമത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഇനിയും സമരം ഉണ്ടാകണം; കോണ്‍ഗ്രസ് നിലപാട് തള്ളി ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് ഇനി സമരത്തിനില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ വിയോജിപ്പുമായി മുസ്‌ലീം ലീഗ്.

സംയുക്ത സമരം ഇനിയും ഉണ്ടാകണമെന്നാണ് ലീഗിന്റെ നിലപാടെന്ന് മുസ്‌ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് കാണിക്കാനാണ് സംയുക്ത പ്രതിഷേധമെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തരമൊരു സംയുക്ത സമരം യുവാക്കളില്‍ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് ഇനി സമരം വേണ്ടെന്ന യു.ഡി.എഫ് നിലപാട് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്തതാണെന്നുമാണ് ലീഗ് വിശദീകരിക്കുന്നത്.

ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസിനും ഇടതുമുന്നണിയ്ക്കുമിടയില്‍ കഴിഞ്ഞ കാലങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പുതിയ സാഹചര്യം അതല്ലെന്നാണ് മുസ്ലിം ലീഗ് വിശദീകരിക്കുന്നത്. പൗരത്വഭേദഗതി നിയമം പിന്‍വലിക്കുംവരെ രാഷ്ട്രീയം നോക്കാതെ അതിനെതിരെ പോരാടണമെന്നാണ് ലീഗിന്റെ നിലപാട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ പാര്‍ട്ടിയ്ക്കകത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം, സര്‍ക്കാറുമായി യോജിച്ചൊരു സമരം ഇനിയുണ്ടാവില്ലെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബെഹനാന്‍ വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.സുധാകരന്‍ എം.പിയും സമരത്തെ തള്ളി രംഗത്തെത്തിയിരുന്നു. ഇടതുമുന്നണിയുമായി ചേര്‍ന്ന് യോജിച്ചൊരു സമരം ഇനിയുണ്ടാകില്ലെന്നായിരുന്നു നേതാക്കള്‍ നിലപാടെടുത്തത്.

We use cookies to give you the best possible experience. Learn more