| Thursday, 19th January 2012, 1:26 pm

ഇമെയില്‍ വിവാദം: പരിശോധനക്ക് കാരണമായത് ഈദ് ആശംസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബൈജുജോണ്‍

തിരുവനന്തപുരം: മുസ്‌ലിം ഇ-മെയില്‍ ഐ.ഡി ചോര്‍ത്തല്‍ വിവാദത്തില്‍ പോലീസ് പരിശോധനക്ക് ഉത്തരവിട്ടതില്‍ 150 എണ്ണം ഈദ് മുബാറക് ആശംസ അയച്ച മെയില്‍ ഐ.ഡികള്‍. കൊടുങ്ങല്ലൂരിലെ ഒരു ഡിസൈനിങ് സെന്ററില്‍ നിന്നുമാണ് ഈ ആശംസ മെയില്‍ അയച്ചതെന്ന് വ്യക്തമായിരിക്കയാണ്. കഴിഞ്ഞ ഓഗസ്റ്റ് 30ന് ചെറിയ പെരുന്നാളിന് അയച്ച ആശംസാമെയിലാണിതെന്ന് വ്യക്തമായി. ഈ മെയിലില്‍ ഉള്‍പ്പെട്ട ഐ.ഡികളാണ് സിമി ബന്ധം ആരോപിച്ച് പരിശോധിക്കണമെന്ന് പോലീസ് ഉത്തരവിട്ടത്.

സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് രഹസ്യന്വേഷണ വിഭാഗം പരിശോധനക്കയച്ച മെയിലുകളിലെ 258 എണ്ണത്തില്‍ നൂറ്റമ്പതെണ്ണം ഈ മെയിലില്‍ നിന്നുള്ളതാണ് തെളിഞ്ഞു. ഈ മെയില്‍ ലഭിച്ചവരെല്ലാം പോലീസിന്റെ നിരീക്ഷണ പട്ടികയിലുണ്ട്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങലൂരില്‍ നിന്നയച്ച മെയിലില്‍ ഭൂരിപക്ഷവും കൊടുങ്ങല്ലൂരിലെ സ്ഥാപനങ്ങളും വ്യക്തികളുമാണ്.

സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയുടെ ഈ മെയില്‍ ഐഡി. പ്രബോധനത്തിന്റെ പരസ്യ വിഭാഗം മെയില്‍ ഐ.ഡി തുടങ്ങിയവ ഈ പട്ടികയിലുള്ളതാണെന്നാണ്. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞ പേരുകളും ഈ മെയിലില്‍ നിന്നുള്ളത് തന്നെയാണ്. സിന്ധ്യ ചന്ദ്രന്‍, ഹരിഗോപാല്‍, ഡി.ആര്‍. പ്രമോദ്, ജ്യോതിഷ് എന്നിവരാണ് മാധ്യമം പട്ടികയില്‍ നിന്ന് മാറ്റിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഇവരും കൊടുങ്ങല്ലൂരില്ലുള്ളവരാണ്.

കൊടുങ്ങല്ലൂരിലെ ഡിസൈനിങ് സെന്ററില്‍ നിന്നയച്ച ഈദ് ആശംസാ സന്ദേശം

സിമി ബന്ധം പരിശോധിക്കാനാണ് സര്‍ക്കാര്‍ (No. p3, 2444/2011 SB) ഈ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരു പ്രദേശത്തെ നൂറിലധികം പേരെ സിമി ബന്ധത്തിന്റെ പേരില്‍ മെയിലുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത് വിശദമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. കൊടുങ്ങല്ലൂരിലെ പ്രിന്റിങ് സ്ഥാപനങ്ങളുള്‍പ്പെടെ നിരവധി പേരെ പോലീസ് പരിശോധനയ്ക്ക വിധേയമാക്കാനുള്ള കാരണം സര്‍ക്കാര്‍ വീശദീകരിക്കേണ്ടിവരും.

പരിശോധനക്ക് നല്‍കിയതില്‍ ഗള്‍ഫ് പ്രവാസികളടക്കമുള്ളവരുടെ ഇ മെയില്‍ ഐഡികളുണ്ട്. മുസ്ലീങ്ങളും അല്ലാത്തവരുമുള്ള 150 ഓളം മെയില്‍ ഐ.ഡി സര്‍ക്കാര്‍ നീരീക്ഷിക്കുമ്പോള്‍, ഇത്രയും ഈ മെയില്‍ ഐ.ഡികളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരുമിച്ച് ലഭിച്ച സന്ദേശം ആഗസ്റ്റ് 30 ന് എല്ലാവര്‍ക്കും ലഭിച്ച ഈദ് മുബാറക്ക് സന്ദേശമാണ്. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് നവംബറിലും.

ഡിസൈനിങ് സെന്ററില്‍ നിന്നും സന്ദേശമയച്ച ഇ-മെയില്‍ ഐ.ഡികള്‍

അതേസമയം കൊടുങ്ങലൂരിലെ പല വ്യവസായികളുടെയും മെയില്‍ ഐ.ഡികള്‍ പോലീസ് നേരത്തെയും പരിശോധനയ്്ക്ക് വിധേയമാക്കിയിരുന്നെന്നുള്ള തെളിവുകളും പുറത്തുവന്നു. കൊടുങ്ങലൂര്‍ അഴിക്കോട് സ്വദേശിയായ സലാം എന്‍ മുഹമ്മദ് എന്നയാളുടെ മെയില്‍ ഐ.ഡി പലതവണ ഹാക്ക് ചെയ്യപ്പെട്ടിടുണ്ടെന്നും രഹസ്യ പോലീസ് തന്റെ വീട്ടിലെത്തി പ്രായമായ മാതാപിതാക്കളെ പലതവണ ചോദ്യം ചെയ്തതായും അദ്ദേഹമയച്ച ഇ മെയിലില്‍ വെളിപ്പെടുത്തുന്നു. സര്‍ക്കാര്‍ നിരീക്ഷണ പട്ടികയില്‍ ഇപ്പോഴും അദ്ദേത്തിന്റെ പേരുണ്ട്. 2009 ലാണ് ആദ്യമായി പ്രവാസിയുടെ മെയില്‍ ഹാക്ക് ചെയ്തായി വ്യക്തമായത്. അടുത്ത ദിവസം തന്നെ വീട്ടില്‍ രഹസ്യപോലിസെത്തിയെന്നും സലാം പറയുന്നു. ഇത്തരത്തില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് നീങ്ങീയ പോലീസിന്റെ ചാരക്കണ്ണുകളാണ് ഈദ് മുബാറക്ക് ആശംസയ്ക്ക് പിന്നാലെയും തിരിയാന്‍ കാരണം.

കൊടുങ്ങലൂരിലെ എല്ലാ പ്രിന്റിങ് ഡി.ടി.പി സ്ഥാപനങ്ങളും മതവ്യത്യാസം കൂടാതെ ഈ പട്ടികയിലുണ്ട്.  എറണാകുളത്തെ പ്രമുഖമായ പിന്റിങ്ങ് സ്ഥാപനങ്ങളും ഇവര്‍കക്കൊപ്പം പോലീസ് നിരീക്ഷണ പട്ടികയിലുണ്ട്. എല്ലാ മെയില്‍ ഐ.ഡികളിലേക്കും ഒരുമിച്ച് കഴിഞ്ഞ ആഗസ്റ്റില്‍ ഈദ് മുബാറക്ക് സന്ദേശം എത്തിയട്ടുണ്ട്.  പോലീസ് പട്ടികയിലുള്ള മെയില്‍ ഐ.ഡികളില്‍ ഇരുപതോളം ജിമെയിലുകള്‍ സെര്‍ച്ച് ഓപ്പ്ഷന്‍ വഴി പരിശോധിച്ചെങ്കിലും എല്ലാവര്‍ക്കും ഒരറ്റമെയിലായി എത്തിയത് ഈദ് മൂബാറക്ക് സന്ദേശമാണ്.

കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് ഇത്രയധികം പേരെ പോലീസ് നിരീക്ഷണത്തിന് വിധേയമാക്കിയത് എന്തിനാണെന്ന് വിശദീകരിക്കാതിരിക്കാന്‍ സര്‍ക്കാരിനാവില്ല. കേരളത്തിലെ പോലീസ് നിരീക്ഷണപട്ടികയിലുള്ളവര്‍ ഭൂരിപക്ഷവും എന്ത് കൊണ്ട് ഈ പ്രദേശത്തുകാരായെന്നത് മറ്റൊരു ചോദ്യമായി അവശേഷിക്കുകയാണ്. വിദ്യാര്‍ത്ഥികളും വ്യവസായികളും പ്രവാസികളുമുള്‍പ്പെടെ നൂറുകണക്കിന് പേരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ഇവരുടെ സ്വകാര്യകള്‍ അന്വേഷിക്കുകയും ചെയ്യുന്നത് എന്തിനാണെന്ന് അറിയാനുള്ള അവകാശം പൗരന്‍മാര്‍ക്കുണ്ട്. സര്‍ക്കാര്‍ നിരിക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച പട്ടികയിലെ മുഴുവന്‍ പേരും ഈദ് മുബാറക്ക് ആശംസാ സന്ദേശം ഒരറ്റമെയിലില്‍ കൈപ്പറ്റിയവരാണെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മാധ്യമം വാരിക പുറത്ത് വിട്ട റിപ്പോര്‍ട്ട് ഈ വെളിപ്പെടുത്തലിലുടെ വിഴിത്തിരിവിലെത്തുകയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ രേഖകളും പരിശോധയക്ക് വിധേയമാക്കി മെയില്‍ ഐഡികളുമായിരുന്നു വാരിക പുറത്ത് വിട്ടത്. എന്നാല്‍ നിരീക്ഷണത്തിനു കാരണമായ മെയില്‍ ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

തന്റെ ഇ-മെയില്‍ ഹാക്ക് ചെയ്യുന്നുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുവെന്നും കാണിച്ച് ജനുവരി 18ന് അബ്ദുസ്സലാം അയച്ച മെയില്‍ സന്ദേശം…

ഞാനടക്കമുള്ള മുസ്ലിം പൌരപ്രമുഖരുടെ ഇമെയില്‍ ഹാക്ക് ചെയ്തു എന്ന് പ്രമുഖപത്രമായ മാധ്യമത്തിലും ഇന്ത്യവിഷന്‍ ടിവിയിലും വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം.  കുടുംബത്തിലും സമൂഹത്തിലും പ്രവര്‍ത്തന സുതാര്യത ആവുന്നത്ര കാഴ്ചവെച്ച എന്നെക്കുറിച്ച് ഈരൂപത്തില്‍പത്രത്തില്‍ വാര്‍ത്ത വന്നു എന്നതാണ് എന്റെ പ്രതികരണം അനിവാര്യമാക്കിയത്. ഭീകരതക്കെതിരായ ആഗോളയുദ്ധത്തില്‍ പങ്കെടുത്തകേന്ദ്രഭരണകൂടത്തിന്റെ ഭാഗമായ സംസ്ഥാനത്തിലാണ് പത്രധ്വാരാ സംശയിക്കപ്പെട്ട പ്രവ്യത്തി എന്നതിനാല്‍ പൌരപ്രതികരണത്തിന്റെ ന്യായവും ഇതിനുണ്ട്.

ഈ സംഭവത്തിന്റെ ഏതാനും നാളുകള്‍ക്ക് മുന്‍പ് എന്റെ നാട്ടില്‍ (കൊടുങ്ങല്ലൂര്‍, അഴീക്കോട്) എഴുപത് കഴിഞ്ഞ എന്റെ വ്യദ്ധമാതാപിതാക്കളെ കണ്ട് ഇന്റലിജന്‍സില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി പ്രദേശത്ത് തന്നെയുള്ള മുഹമ്മദ് എന്ന പോലീസുകാരന്‍ മൊഴിയെടുത്തിരുന്നു. ഖത്തറിലെ എന്റെ ബിസിനസ്സില്‍ നിന്ന് അവധി കണ്ടെത്തി നാട്ടിലെത്തി മാതാപിതാക്കളുടെ ചികിത്സാര്‍ഥം ഒരു മാസം ഞാന്‍ അവരോടൊപ്പമുണ്ടായിരുന്നു. ഖത്തറില്‍ തിരിച്ചെത്തിയതിന്റെ പിറ്റേന്നാണ് എന്റെ തറവാട്ടില്‍ ഒറ്റക്ക് താമസിക്കുന്ന പ്രായമായ മാതാപിതാക്കളില്‍ നിന്ന് അവര്‍ മൊഴിയെടുത്തത്.

മാതാപിതാക്കളില്‍ നിന്ന് അവര്‍ക്കറിയേണ്ടിയിരുന്നത്, എന്നെ സംബന്ധിച്ചുള്ള പൊതുവായ കാര്യങ്ങളും അല്ലാത്തവയും ഉണ്ടായിരുന്നു.  ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള എന്റെ സ്ഥിരമായ വരവിന്റെ കാരണങ്ങള്‍ മുതല്‍ എന്റെ മക്കള്‍ ആരൊക്കെ, അവര്‍ എവിടെയൊക്ക എന്തിനൊക്ക പഠിക്കുന്നുവെന്ന് വരെയുള്ള “സ്‌പെസിഫിക്ക്” കളിലേക്ക് കടന്നു വിവരങ്ങള്‍ ശേഖരിച്ചു.

2009 മെയ് മുതല്‍ ഞാന്‍ ഏകദേശം രണ്ട് മാസത്തിലൊരിക്കല്‍ രോഗിയായ എന്റെ മാതാപിതാക്കളെയും എന്റെ ഭാര്യസന്തതികളേയും സന്ദര്‍ശിക്കല്‍ പതിവാക്കിയിരുന്നു. വിവരങ്ങളുടെ നിജസ്ഥിതി ഉറപ്പ് വരുത്താന്‍ മഹല്ല് പള്ളിഭാരവാഹികള്‍, സുഹ്യത്തുക്കള്‍, സഹസാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരോടും സ്‌പെഷ്യല്‍ ബ്രാഞ്ചുപോലീസുകാരന്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഒന്ന് സൂക്ഷിച്ചിരിക്കാന്‍  അവര്‍എന്നോടുപദേശിക്കുകയും ചെയ്തു.

തുടര്‍ന്ന്  ഞാന്‍ ഗൂഗിള്‍ മെയിലില്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു ഐ.പി. അഡ്ഡ്രസ്സില്‍ നിന്ന് (117.203.117.95 ) എന്റെ ഇമെയില്‍ ഡിസംബര്‍ 27ന് ആരോഹാക്ക് ചെയ്തതായി ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ വന്നു. ഐ.പി. അഡ്ഡ്രസ്സിന്റെ ലൊക്കേഷന്‍ തേടിയ എന്നെ ഗൂഗിള്‍ കോയമ്പത്തൂരിലേക്ക് പോയിന്റ്‌ചെയ്തു. ഗൂഗിള്‍ ആവശ്യപ്പെട്ട പ്രകാരം ഞാനുടന്‍ പാസ് വേര്‍ഡ് മാറ്റുകയും ചെയ്തു. പിന്നീട് വന്ന വാര്‍ത്തകള്‍ പ്രകാരം എന്റെ ഔദ്യോഗികഇമെയിലും യാഹൂ ഇമെയിലും കൂടി പരിശോദിച്ചതായി മനസ്സിലാവുന്നു.

എല്ലാ പൌരന്മാരും ലോകാടിസ്ഥാനത്തില്‍ ശത്രുവിന്റെ നിരീക്ഷണ വലയത്തിലാണെന്നത് വിശ്വാസിപ്പിച്ചെടുക്കാന്‍ ഒട്ടും ബുദ്ധിമുട്ടില്ലാത്ത ഒരുസാമൂഹികാവസ്ഥ നിലവിലുണ്ട്. അതിക്രമങ്ങളുടെ മുറിപ്പാടുകളുണങ്ങാത്ത എന്റെ സമൂഹത്തെ വീണ്ടും വീണ്ടും മുറിപ്പെടുത്തുന്നതിനാവാം,വിവരങ്ങള്‍ ഭരണകൂടം ഇപ്രകാരം ശേഖരിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് തയ്യാറെടുത്ത ഒരു മനസ്സ് എനിക്കും കുടുംബത്തിനുംഅതിജീവനാവശ്യാര്‍ഥം അനിവാര്യമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.

ഗവണ്മെന്റിന്റെ ഈ ചെയ്തിമൂലവും അതിന്റെ വാര്‍ത്തകള്‍ പത്രധ്വാരാ പ്രചരിച്ചതുമൂലവുമുണ്ടായ വ്യക്തിപരമായും സ്വന്തം ബിസിനസ്സിലുംഉണ്ടായ നഷ്ടങ്ങള്‍ ഞാന്‍ വിലയിരുത്താന്‍ തുടങ്ങുന്നതേയുള്ളു. ദൈവത്തിലര്‍പ്പിച്ച ശേഷം, കേന്ദ്രസംസ്ഥാന ഗവണ്മെന്റുകളുടെ ഇക്കാര്യത്തിലുള്ളവ്യക്തമായ നിലപാടിലാണെന്റെ പ്രതീക്ഷ,. വാര്‍ത്തയുടെ ശരിയും തെറ്റും അവരന്വേഷിക്കുകയും നിജസ്ഥിതി കാര്യകാരണങ്ങളടക്കം മാധ്യമങ്ങളിലൂടെവിശദീകരിക്കുകയും ചെയ്യേണ്ടത്, ഇതിലകപ്പെട്ട എല്ലാ പൌരന്മാരുടെയും സുതാര്യമായ സാമൂഹിക ജീവിതത്തിന് അത്യാവശ്യമാണ്.

അന്യദേശത്ത് പണിയെടുത്ത് കുടുംബത്തിനേയും നാടിനേയും പരിപോഷിപ്പിക്കുന്ന ഗള്‍ഫുകാര്‍ക്ക് സ്വന്തം നാട്ടിലെ ഭരണകൂടവും ഉദ്യോഗസ്ഥരുംമാധ്യമങ്ങളും നല്‍കുന്ന ഇത്തരം “റിമോട്ട് ഷോക്കുകള്‍” നാടിനെ എവിടെയെത്തിക്കുമെന്ന് നാം ഭാരതീയരും കേരളീയരും ആലോചിച്ചേ മതിയാകൂ.

ജനങ്ങളേക്കാള്‍ സുതാര്യത ഗവണ്മെന്റിനും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകുന്ന  കാലത്താണ് ജനാധിപത്യബോധത്തിന്റെ ആശയവും പ്രയോഗവും തമ്മിലുള്ളപൊരുത്തക്കേടുകള്‍ ഇല്ലാതാകുന്നത്. ഏകാധിപത്യത്തെയും വര്‍ഗ്ഗീയഫാസിസത്തേയും ഇളക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടെ ഇളകുന്ന ഭരണകൂടങ്ങള്‍ജനാധിപത്യത്തിന്റെ പൊള്ളയായ വശങ്ങളിലേക്കുള്ള ശ്രദ്ധയാകര്‍ഷിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ ഗവണ്മെന്റുകള്‍ക്ക് പൌരസ്വാതന്ത്ര്യത്തെനീതികൊണ്ടും നന്മകൊണ്ടും മാത്രമേ സംരക്ഷിക്കാനാകൂ.

തന്ത്രപൂര്‍വ്വമായി പൌരസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള തീരുമാനങ്ങള്‍ ഭരണകൂട നയങ്ങളായി പരിവര്‍ത്തിപ്പിക്കപ്പെടുന്നത് ഭരണത്തിന്റെക്രിമിനല്‍വല്‍ക്കരണമാണ്. ജനകീയ ജാഗ്രതയിലും മാധ്യമ വിചാരണയിലും അവ പ്രതിരോധിക്കപ്പെട്ടേക്കും. പക്ഷെ, സാധാരണ പൌരന്റെവെളിവാക്കപ്പെട്ട മാനക്കേടിനും നഷ്ടപ്പെട്ട ജീ!വിതദിനങ്ങള്‍ക്കും പകരമാവാന്‍ ഒന്നിനുമാവില്ലല്ലോ. അവന് ദൈവവിധിയെ ആശ്രയിക്കേണ്ടി വരുന്നു.

എന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, അത് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെയും എല്ലാ നിയമ പരിരക്ഷയോടുകൂടിയും എന്റെ ഇമെയില്‍ പാസ്സ്‌വേര്‍ഡ്, ഇനിയെങ്കിലും, നേരിട്ട് ചോദിച്ചു വാങ്ങി പരിശോധിച്ച് കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ കേന്ദ്രസംസ്ഥാനഭരണകൂടത്തോടും അവര്‍ നയിക്കുന്ന ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്കിനോടും ആവശ്യപ്പെടുന്നു. ഇത്തരം രീതികള്‍ക്ക് പകരം, ഉദ്യോഗസ്ഥര്‍ നടത്തുന്നഒളിച്ചുകളികള്‍ക്ക് സംരക്ഷണം നല്‍കിയാല്‍, കൂടുതല്‍ വക്രീകരിക്കപ്പെട്ട സാമൂഹികാവസ്ഥ കേരളത്തില്‍ സംജാതമാകും. ഇത്തരം വാര്‍ത്തകള്‍പത്രത്തില്‍ പ്രസിദ്ധീകരിമ്പോള്‍, പുറത്തറിയിക്കേണ്ട വിവരങ്ങള്‍ തീര്‍ച്ചപ്പെടുത്തും മുമ്പേ, അതില്‍ പരാമര്‍ശിക്കുന്ന വ്യക്തികള്‍ക്കുണ്ടാകുന്നമാനക്കേടിന്റെയും കച്ചവട നഷ്ടങ്ങളുടെയും കണക്ക് ലേഖകനും പത്രാധിപരും മനസ്സിലാക്കുന്നത് നന്നായിരിക്കും. എല്ലാം മറക്കുക.ദൈവത്തെയോര്‍ക്കുക. ജീവിതം മുന്നോട്ട് പോകാന്‍ അതത്യാവശ്യമാണ്.

എന്‍. എം. അബ്ദുല്‍ സലാം (ഇന്‍ഫോബാന്‍.നെറ്റ്, ദോഹ ഖത്തര്‍)

Latest Stories

We use cookies to give you the best possible experience. Learn more