| Tuesday, 19th October 2021, 2:46 pm

മള്‍ട്ടിപ്ലക്‌സുകള്‍ അടക്കം മുഴുവന്‍ തിയേറ്ററുകളും 25 ന് തന്നെ തുറക്കും; തീരുമാനം തിയേറ്റര്‍ ഉടമകളുടെ യോഗത്തില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച് പൂട്ടിയ മള്‍ട്ടിപ്ലക്‌സുകള്‍ അടക്കമുള്ള മുഴുവന്‍ തിയേറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കും. ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗമാണ് തീരുമാനം എടുത്തത്. ഈ മാസം 22 ന് തിയേറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും.

നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് വേണ്ടിയാണ് തിയേറ്റര്‍ ഉടമകളുടെ പ്രതിനിധികള്‍ വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തുന്നത്. 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെ.എസ്.ഇ.ബി ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങള്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിരുന്നു.

ഇക്കാര്യങ്ങളിലടക്കം ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തിയേറ്ററുകള്‍ തുറക്കാനാണ് ഇന്ന് ചേര്‍ന്ന യോഗം തീരുമാനമെടുത്തത്.

കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലായിരുന്നു മാനദണ്ഡങ്ങള്‍ പാലിച്ച് തിയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.

പകുതി സീറ്റുകളില്‍ ആളുകളെ ഇരുത്തി തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് അനുമതി നല്‍കിയത്. എന്നാല്‍ തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു.

നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചാല്‍ മാത്രമേ തിയറ്റുകള്‍ തുറക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍. ഇതിലാണ് മാറ്റം വന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Multiplex Theatres Open on 25th october

We use cookies to give you the best possible experience. Learn more