| Saturday, 9th September 2017, 9:22 am

ടി.എ, ഡി.എ ഇനത്തില്‍ ലക്ഷങ്ങള്‍ കൈപ്പറ്റുന്നെന്ന ആരോപണം: വസ്തുതകള്‍ തുറന്നുകാട്ടി സ്പീക്കര്‍ക്ക് കേരളത്തിലെ എം.പിമാരുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടി.എ, ഡി.എ ഇനത്തില്‍ ലക്ഷങ്ങള്‍ കൈപ്പറ്റി എം.പിമാര്‍ ഖജനാവ് കൊള്ളയടിക്കുന്നുവെന്ന ആരോപണത്തില്‍ വസ്തുതകള്‍ തുറന്നുകാട്ടി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. ഇതുസംബന്ധിച്ച് സ്പീക്കര്‍ സുമിത്രാ മഹാജന് അയച്ച കത്തിലാണ് എം.പിമാര്‍ വസ്തുതകള്‍ വിശദീകരിക്കുന്നത്.

വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ ടൈംസ് നൗ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വളച്ചൊടിച്ചതും
തെറ്റിദ്ധാരണ ജനകവുമാണെന്നും ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണ അകറ്റാന്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് വിശദീകരണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് എം.പിമാര്‍ സ്പീക്കര്‍ സുമിത്രാ മഹാജന് കത്തയച്ചത്.


Must Read:‘പാകിസ്ഥാനിലേക്കോ സിറിയയിലേക്കോ പോയ്‌ക്കോ’: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച എ.ആര്‍ റഹ്മാനെതിരെ സംഘികളുടെ ആക്രമണം


പാര്‍ലമെന്റ് പാസാക്കിയ സാലറി ആന്റ് അലവന്‍സ് ഓഫ് മെമ്പേഴ്‌സ് ഓഫ് പാര്‍ലമെന്റ് ആക്ടിലെ ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് എം.പിമാര്‍ ടി.എയും ഡി.എയും ആവശ്യപ്പെടുന്നതെന്ന കാര്യം മറച്ചുപിടിച്ചാണ് ഒരു ചാനലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്.

കേരളത്തില്‍ നിന്നും ദല്‍ഹിയിലേക്ക് ദൂരം കൂടുതലാണ് എന്നതും ദല്‍ഹി കേരള സെക്ടറില്‍ താരതമ്യേന ഉയര്‍ന്ന ഫെയര്‍ ആണെന്നതും കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ ടി.എയും ഡി.എയും കൂടാനിടയാക്കിയിട്ടുണ്ട്. ഇത് പുതിയ സംഭവമല്ല. എന്നാല്‍ ഈ വസ്തുതകള്‍ മറച്ചുപിടിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കുകയാണ് ചാനലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചെയ്തതെന്നാണ് എം.പിമാര്‍ ചൂണ്ടിക്കാട്ടുന്നത്.

ടി.എ, ഡി.എ ചിലവുകള്‍ക്കായി ലഭിക്കുന്ന തുക വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടിയാണെന്ന ടൈംസ് നൗ ചാനലിന്റെ ആരോപണത്തെയും എം.പിമാര്‍ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. എം.പിമാര്‍ക്ക് ടി.എ, ഡി.എയായി നല്‍കുന്ന തുകയുടെ 90% ഉപയോഗിക്കുന്നത് വിമാന ടിക്കറ്റുകള്‍ക്കായാണ്. അത് നേരിട്ട് ട്രാവല്‍ ഏജന്‍സികളില്‍ അടയ്ക്കുകയാണ് ചെയ്യുന്നതെന്നതിനാല്‍ ആ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന ആരോപണം നിലനില്‍ക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഡി.എയുടെ നാലിലൊന്ന് എം.പിമാരുടെ നിയന്ത്രിത യാത്രകള്‍ക്കു മാത്രമാണ് ബാധകമെന്നിരിക്കെയാണ് എം.പിമാരുടെ എല്ലാ യാത്രകള്‍ക്കും ഡി.എ ലഭിക്കുന്നു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.


Don”t Miss:‘ഈശ്വരന്‍ പണികൊടുത്തതാണ്; രണ്ടും ചാവട്ടെ’ വാഹനാപകടത്തില്‍ മരിച്ച വ്യത്യസ്ത മതസ്ഥരായ സുഹൃത്തുക്കള്‍ക്കെതിരെ ആക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍


പാര്‍ലമെന്റിലെ ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയാണ് എം.പിമാര്‍ക്ക് ടി.എയും ഡി.എയും അനുവദിക്കുന്നത്. തങ്ങള്‍ സ്ഥിരമായി പാര്‍ലമെന്ററി കമ്മിറ്റികളില്‍ ഹാജരാവുകയും ഉത്തരവാദിത്തങ്ങള്‍ തങ്ങളാലാവുംവിധം നിറവേറ്റുകയും ചെയ്യുന്നുണ്ട്. അങ്ങനെയുള്ള തങ്ങള്‍ക്കെതിരെ തെറ്റിദ്ധാരണാജനകമായ വസ്തുതകള്‍ പ്രചരിപ്പിക്കുന്ന ഇത്തരം മാധ്യമങ്ങളുടെ നടപടി ഭാവിയില്‍ പാര്‍ലമെന്ററി ഉത്തരവാദിത്തങ്ങള്‍ ശരിയായി നടപ്പിലാക്കുന്നതില്‍ ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടുന്നു.

എം.പിമാരെ പിടിച്ചുപറിക്കാരായി ചിത്രീകരിക്കുന്നത് അവര്‍ക്ക് വ്യക്തിപരമായി മാത്രമല്ല പാര്‍ലമെന്റിന്റെ പ്രതിച്ഛായയ്ക്കു തന്നെ കോട്ടം സൃഷ്ടിക്കുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

എം.പിമാരായ കെ.സി വേണുഗോപാല്‍, എം.ബി രാജേഷ്, പി.കെ ശ്രീമതി, എ. സമ്പത്ത് എന്നിവരാണ് കത്തയച്ചത്.

ലോക്‌സഭയില്‍ ഏറ്റവും അധികം ടി.എ, ഡി.എ കൈപ്പറ്റിയ ആദ്യ പത്തുപേരില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് പേരാണെന്നു പറഞ്ഞായിരുന്നു ടൈംസ് നൗ ചാനല്‍ വാര്‍ത്ത നല്‍കിയത്. എ. സമ്പത്ത് 38,19,300 രൂപയും പി.കെ ശ്രീമതി 32,58,739 രൂപയും എം.പി രാജേഷ് 30,27268 രൂപയും കെ.സി വേണുഗോപാല്‍ 3212771 രൂപയും കെ.വി തോമസ്31,34,607 രൂപയും കൈപ്പറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇത്രയും വലിയ തുക യാത്രായിനത്തില്‍ എഴുതിയെടുക്കുന്നത് ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും ടൈംസ് നൗ ചാനല്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more