ന്യൂദല്‍ഹി: നിത്യോപയോഗ സാധനങ്ങളുടെ മേലുള്ള ജി.എസ്.ടി അഞ്ച് ശതമാനം വര്‍ധിപ്പിക്കുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമെന്ന് കോണ്‍ഗ്രസ്- സി.പി.ഐ.എം എം.പിമാര്‍. അരി, പാല്‍ ഉത്പന്നങ്ങള്‍, പയറു വര്‍ഗങ്ങള്‍ എന്നിവയുടെ വന്‍ വിലക്കയറ്റത്തിന് ഇത് കാരണമാകും. സാധാരണക്കാരനെ വലക്കുന്ന ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെന്ന് മുരളീധന്‍ എം.പി അറിയിച്ചു.
അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ.എം രാജ്യസഭാ കക്ഷി നേതാവും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീം എം.പി രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കുകയും ചെയ്തു.
ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കുള്‍പ്പെടെ ജി.എസ്.ടി ചുമത്തി വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ‘ഉയര്‍ന്ന നികുതിയും തൊഴിലില്ലായ്മയും, ഒരുകാലത്ത് ലോകത്തിലെ അതിവേഗം വളര്‍ന്നിരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നിനെ എങ്ങനെ തകര്‍ക്കാം എന്നതിനെക്കുറിച്ചുള്ള ബി.ജെ.പിയുടെ മാസ്റ്റര്‍ക്ലാസ്’ എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.