ന്യൂദല്‍ഹി: പ്രതിപക്ഷ എം.പി.മാര്‍ക്കിടയില്‍ മോദിസര്‍ക്കാര്‍ ചാരപ്പണിയെടുക്കുന്നുവെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച എ. സമ്പത്ത് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. വീടുകളില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണം രഹസ്യങ്ങളും വിവരങ്ങളും ചോര്‍ത്താനുള്ള ശ്രമമാണെന്നാണ് ആരോപണം. ഇന്ന്് സ്പീക്കര്‍ക്കു രേഖാമൂലം പരാതി നല്‍കും.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസിലെ ശശിതരൂര്‍, എം.ബി രാജേഷ്, എ.സമ്പത്ത് എന്നിവരുടെ മൊബെലുകളാണ് മോഷ്ടിക്കപ്പെട്ടത്. സമ്പത്തിന്റെ വസതിയില്‍ മൂന്ന് വട്ടം മോഷണം ശ്രമം നടന്നു. ഇതിന്റെ പിന്നില്‍ ചാരപ്പണിയാണ്. എം.പി.മാരുടെ വീടുകളില്‍നിന്ന് കംപ്യൂട്ടറുകള്‍, സി.ഡി.കള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് മോഷ്ടിക്കുന്നത്. അത് ഇവയില്‍നിന്ന് ഡേറ്റ ശേഖരിക്കാനാണെന്നു സംശയിക്കുന്നതായി എ. സമ്പത്ത്, എം.ബി. രാജേഷ് എന്നിവര്‍ പറഞ്ഞു.
സമ്പത്തിന്റെ അശോകാ റോഡിലെ വീട്ടില്‍ മൂന്നുവട്ടം മോഷണം നടന്നു. ഈ വീട്ടില്‍നിന്ന് പ്രജാശക്തി പത്രത്തിന്റെ ലേഖകന്‍ ജഗദീശ്വര്‍ റാവുവിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും സി.പി.ഐ.എം. പാര്‍ട്ടി ഓഫീസിലെ ഡ്രൈവറുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചു. സമ്പത്തിന്റെ ലാപ്ടോപ് മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ വീട്ടിലും മോഷണം നടന്നു. കംപ്യൂട്ടറുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് തരൂരിന്റെ വീട്ടില്‍നിന്നു നഷ്ടപ്പെട്ടത്.
സമ്പത്തിന്റെ വസതിയില്‍ മൂന്നാം വട്ടം മോഷണം നടത്തിയയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും അന്വേഷണമൊന്നും ഇല്ലാതെ കേസ് തേച്ച് മായ്ച്ചു കളയുകയാണ് ചെയ്തത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭവന ഭേദനവും മോഷണവുമാണ് നടക്കുന്നതെന്ന് സംശയം പ്രകടിപ്പിച്ചു. മോഷണം നടത്തിയവര്‍ക്ക് പണമായിരുന്നില്ല ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
സീതാറാം യെച്ചൂരി, സമ്പത്ത്, രാജേഷ് എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പല സമയങ്ങളില്‍ മോഷ്ടിക്കപ്പെട്ടു. ഇവയെക്കുറിച്ച് അപ്പപ്പോള്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് സമ്പത്ത് പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ നടക്കുന്ന നിരീക്ഷണമോ ചാരവൃത്തിയോ ആണിതെന്ന് സംശയിക്കുന്നതായും എം.പി.മാര്‍ പറഞ്ഞു.