മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചു; പകരം ലൈറ്റ് മെട്രോ
Daily News
മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചു; പകരം ലൈറ്റ് മെട്രോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th August 2014, 3:46 pm

mono-rail
[]തിരുവനന്തപുരം: കോഴിക്കോട്ടും തിരുവനന്തപുരത്തും ഗതാഗതകുരുക്കൊഴിവാക്കി യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ തുടങ്ങാനിരുന്ന മോണോ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. പദ്ധതി അധിക ചെലവും അമിത ബാധ്യതയുമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്. മോണോറെയിലിന് പകരം ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ലൈറ്റ് മെട്രോയുടെ വിശദമായ പദ്ധതിരേഖ നാലാഴ്ച്ചയ്ക്കകം ഡി.എം.ആര്‍.സിക്ക് നല്‍കണം.

രണ്ടിടത്തേയ്ക്കുമുള്ള മോണോ റയിലിനായി ലഭിച്ച ടെന്‍ഡറില്‍ 10,392 കോടി രൂപ രേഖപ്പെടുത്തിതും ഇത്രയും വലിയ തുക സംസ്ഥാനത്തിനു ബാധ്യതയാകും എന്ന വിലയിരുത്തലാണ് ലൈറ്റ് മെട്രോയിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നും പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

കോഴിക്കോട്ടും തിരുവനന്തപുരത്തും മോണോറെയില്‍ പദ്ധതിക്കായി ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത് ബൊംബാര്‍ഡിയര്‍ എന്ന കമ്പനിയായിരുന്നു. മോണോറെയില്‍ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ കിലോമീറ്റര്‍ ഒന്നിന് 288 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.

തുടക്കത്തില്‍ കോഴിക്കോട് പതിനാലും തിരുവനന്തപുരത്ത് ഇരുപത്തിരണ്ടും കിലോമീറ്ററും മോണോറെയില്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. മോണോ റെയില്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടും വിലയിരുത്തിയ ശേഷമാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.