| Tuesday, 27th July 2021, 6:36 pm

കൊവിഡ് ചികിത്സയിലും വാക്‌സിനേഷനിലും കേരളം മാതൃകയെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

വാക്സിന്‍ ക്ഷാമം മൂലം കേരളത്തില്‍ വാക്സിനേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യത്തില്‍ തന്നെ വന്ന് കണ്ട ഇടത് എം.പിമാരോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വാക്സിന്‍ പാഴാക്കാതെ പരമാവധി ഉപയോഗിക്കുന്നതിന് കേരളത്തെ മന്ത്രി അഭിനന്ദിച്ചു. വാക്സിനേഷന്റെ വേഗത കണക്കിലെടുത്ത് മുന്‍കൂറായി തന്നെ കേരളത്തിന് കൂടുതല്‍ വാക്സിന്‍ അനുവദിക്കാന്‍ കേന്ദ്രം സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.

സി.പി.ഐ.എം. രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എം.പിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍, എ.എം. ആരിഫ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

രോഗികളുടെ എണ്ണത്തെക്കുറിച്ചും മരണ നിരക്കിനെ കുറിച്ചും ആരോഗ്യമന്ത്രി എംപിമാരോട് ചോദിച്ചറിഞ്ഞു. ടെസ്റ്റ് വ്യാപകമാക്കിയതും രോഗലക്ഷണങ്ങള്‍ ഉള്ളവരെ വ്യാപകമായി ടെസ്റ്റ് ചെയ്യുന്നതുമാണ് രോഗമുക്തി നിരക്ക് ഉയരാന്‍ കാരണമെന്ന് എം.പി.മാര്‍ മന്ത്രിയോട് പറഞ്ഞു.

സംസ്ഥാനം കടുത്ത വാക്സിന്‍ ക്ഷാമത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് തിങ്കളാഴ്ച തന്നെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. സംസ്ഥാനത്തിന് നല്‍കിയ 1.66 കോടി ഡോസില്‍ നിന്നും 1.87 കോടിയോളം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു.

45 വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസും നില്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Model Covid Vaccine Central Govt

We use cookies to give you the best possible experience. Learn more