തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കണക്കും കേരളാ മിഷന്റെ കണക്കുകളും തമ്മില്‍ പൊരുത്തക്കേട്. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഇക്കാര്യം നിയമസഭയില്‍ സൂചിപ്പിച്ചത്.
ഇതു സംബന്ധിച്ച രേഖകളും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്ത് വിട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ കണക്കിനെക്കാള്‍ 7000 ത്തില്‍ അധികം കൊവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് നടന്നതായാണ് കേരള മിഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയായാണ് കേരള മിഷന്‍ കണക്കുകള്‍ നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ കണക്കു പ്രകാരം 2020 ജനുവരി മുതല്‍ 23,486 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താകുറിപ്പ് പ്രകാരം 16,170 മരണങ്ങളാണ് സംസ്ഥാനത്ത് നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്.
കേരള മിഷന്‍ നല്‍കിയ കണക്കില്‍ രേഖയില്‍പ്പെടാത്ത 7316 അധികം മരണങ്ങള്‍ കൂടി രേഖപ്പെടുത്തുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ കണക്കുകള്‍ ക്രോഡീകരിച്ചാണ് കേരള മിഷന്‍ കണക്ക് പ്രസിദ്ധീകരിച്ചത്. ജില്ലാടിസ്ഥാനത്തിലുള്ള കണക്കാണ് കേരള മിഷന്‍ പുറത്ത് വിട്ടത്.
മെയ്, ജൂണ്‍ മാസങ്ങളിലായാണ് കൂടുതല്‍ മരണങ്ങള്‍ നടന്നത്. മെയ് മാസത്തില്‍ 11258 മരണങ്ങളും ജൂണില്‍ 5873 മരണങ്ങളും നടന്നെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇത് ഔദ്യോഗിക കൊവിഡ് കണക്കായി എടുക്കാനാകില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. പരാതിയുണ്ടെങ്കില്‍ പരിഗണിക്കാമെന്നും ആരോഗ്യ വകുപ്പ് വിശദീകരിച്ചു.