തിരുവനന്തപുരം: നിലവിലുള്ള എ.ബി.സി റൂള്‍സ് തെരുവ് നായ നിയന്ത്രണത്തെ അസാധ്യമാക്കുന്ന തരത്തിലുള്ളതാണെന്ന് മന്ത്രി എം.ബി. രാജേഷ്. കേന്ദ്ര ചട്ടങ്ങളില്‍ ഉടന്‍ ഭേദഗതി വരുത്തണമെന്നും സംസ്ഥാനത്ത് നിലവില്‍ ഗുരുതര സാഹചര്യമാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
‘എ.ബി.സി റൂള്‍സ് ആരാണ് എഴുതി ഉണ്ടാക്കിയതെന്ന് നമുക്ക് അത്ഭുതം തോന്നും. കാരണം ഇത് തെരുവ് നായകളെ നിയന്ത്രിക്കാന്‍ വേണ്ടിയിട്ടുള്ളതല്ല. നടത്താതിരിക്കാന്‍ വേണ്ടിയുള്ളതാണ്.
ഫലത്തില്‍ സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈയ്യും കാലും കെട്ടിയിട്ട് പട്ടികള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്ന തരത്തിലുള്ളതാണ് കേന്ദ്ര ചട്ടങ്ങള്‍.
കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇവിടെ സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നതിന് പകരം, അപ്രായോഗികമായ ചട്ടങ്ങള്‍ ഭേദഗതി വരുത്തുന്നതിനാണ് മുന്‍കൈ എടുക്കേണ്ടത്. അതിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഇന്ന് തീരുമാനമെടുത്തിട്ടുണ്ട്.
എ.ജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ ചട്ടങ്ങള്‍ വെച്ച് എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാരിന് വളരെ പ്രയാസമാണ്. അതുകൊണ്ട് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടും,’ മന്ത്രി പറഞ്ഞു.
അതേസമയം ഇന്ന് ചേര്‍ന്ന യോഗത്തില്‍ മൃഗസംരക്ഷണ മന്ത്രി മൃഗസ്‌നേഹികളുടെ സംഘടനയുടെ യോഗം വിളിച്ച് ചേര്‍ക്കാനും എ.ബി.സി കേന്ദ്രങ്ങള്‍ നടത്തുന്നതിന് അവരുടെ സഹായം കൂടി തേടാനും തീരുമാനമായെന്ന് മന്ത്രി അറിയിച്ചു.
അവരുടെ പിന്തുണയും പങ്കാളിത്തം പ്രധാനമാണെന്നാണ് സര്‍ക്കാര്‍ കാണുന്നത്. അവര്‍ക്കാവശ്യമുള്ള സഹായവും പിന്തുണ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്ഥാപനങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 25 എ.ബി.സി കേന്ദ്രങ്ങള്‍ കൂടി വളരെ പെട്ടെന്ന് പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ‘കൂടുതല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കും.
മൊബൈല്‍ എ.ബി.സി കേന്ദ്രങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കും. അറവ് മാലിന്യം തള്ളുന്ന സ്ഥലങ്ങളില്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്രങ്ങള്‍ ആരംഭിക്കും,’ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.