പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; ബജറ്റിലെ നികുതി പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ടാഞ്ഞ് സര്‍ക്കാര്‍
Kerala News
പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; ബജറ്റിലെ നികുതി പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ടാഞ്ഞ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st March 2023, 12:33 pm

തിരുവനന്തപുരം: അടഞ്ഞ് കിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഈടാക്കാനുള്ള ബജറ്റ് നിര്‍ദേശത്തില്‍ നിന്ന് പിന്‍വാങ്ങി സര്‍ക്കാര്‍. നികുതിയിനത്തില്‍ പദ്ധതി പെട്ടെന്ന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചത്. നിയമസഭ സമ്മേളനത്തിനിടയിലാണ് മന്ത്രിയുടെ പരാമര്‍ശം.

അടഞ്ഞ് കിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം സംസ്ഥാനത്തെ ധനകമ്മി മറികടക്കാന്‍ മുന്നോട്ട് വെച്ച നിര്‍ദേശം മാത്രമായിരുന്നെന്നും ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ്  മന്ത്രി സഭയെ അറിയിച്ചത്. ഇക്കാര്യം ബജറ്റ് പ്രഖ്യാപന സമയത്ത് തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.

പ്രവാസികളടക്കമുള്ള ആളുകള്‍ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. എന്നാല്‍ നികുതി നിര്‍ദേശത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന്  പറഞ്ഞ മന്ത്രി വിഷയത്തില്‍ തദ്ദേശ വകുപ്പുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും പറഞ്ഞു. ഭാവിയില്‍ ഇത്തരമൊരു നികുതി സംവിധാനം കേരളത്തില്‍ നടപ്പിലാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി നികുതി നയങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരുമെന്നാണ് ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നത്. അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ചുമത്താനുള്ള തീരുമാനവും ബജറ്റിലുണ്ടായിരുന്നു.

ഇതിനെതിരെ പ്രവാസികളടക്കമുള്ള ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കേരളത്തില്‍ വീട് വെച്ച് മറ്റ് രാജ്യങ്ങളില്‍ പോയി ജോലി ചെയ്യുന്ന പ്രവാസികളുടെ ബുദ്ധിമുട്ടിനെ സര്‍ക്കാര്‍ മനസ്സിലാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തര തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായത്.
്Content Highlight: Kerala minister K.N Balagopal addressing in kerala assembly