കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ചതും സുതാര്യവുമായ ഉച്ചഭക്ഷണ വിതരണ പദ്ധതി കേരളത്തിലേത്. തെക്കന്‍ മേഖലയിലെ ഡി.പി.ഐമാരുടെ യോഗത്തിലാണ് കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതിയെ ഏറെ പ്രസംശിച്ചത്.
നിലവില്‍ സംസ്ഥാനത്തെ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ 97.71% കുട്ടികള്‍ക്കും സര്‍ക്കാറിന്റെ ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നുണ്ട്. 12327 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലായി 26,54,807 ലേറെ വിദ്യാര്‍ഥികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
കഴിഞ്ഞഒരു വര്‍ഷത്തിനിടെ ഈ പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ എണ്ണം ഒരു ലക്ഷത്തോളമായി വര്‍ധിച്ചിട്ടുണ്ടെന്നും ഡി.പി.ഐ കെ.വി മോഹന്‍കുമാര്‍ പറയുന്നു.
ഉച്ചഭക്ഷണ പദ്ധതിയുടെ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും സ്‌കൂളിലെ കമ്മിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഈ കമ്മിറ്റി എല്ലാ മാസവും യോഗം ചേര്‍ന്ന് സ്‌കൂള്‍ ആവശ്യത്തിനായി വാങ്ങുന്ന ഭക്ഷ്യോല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും ഭക്ഷണത്തിന്റെ രുചിയും ചിലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഒരു ഭക്ഷ്യവിഷബാധ കേസുപോലും ഇവിടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
സ്‌കൂളിലെ കമ്മിറ്റിക്കു പുറമേ ജില്ലാ തലത്തിലുള്ള മറ്റൊരു കമ്മിറ്റിയുമുണ്ട്. ജില്ലാ കലക്ടറും ജില്ലയിലെ മുതിര്‍ന്ന എം.പിമാരും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷനും ഉള്‍പ്പെട്ട ഈ കമ്മിറ്റി ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ പരിശോധിക്കുകയും അവ എത്രയും പെട്ടെന്ന് തീര്‍പ്പാക്കുകയും ചെയ്യാറുണ്ടെന്നും മോഹന്‍കുമാര്‍ പറഞ്ഞു.
ഭരണനിര്‍വഹണത്തില്‍ കേരളം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നേടിയിരുന്നു. പബ്ലിക് അഫയര്‍ ഇന്‍ഡെക്‌സ് പുറത്തുവിട്ട 2017ലെ പട്ടികയിലാണ് കേരളം ഒന്നാമതെത്തിയത്.