Kerala News
പുറത്തിറങ്ങിയ പള്‍സര്‍ സുനിയെ വരവേറ്റ് കേരള മെന്‍സ് അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 20, 01:33 pm
Friday, 20th September 2024, 7:03 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം കിട്ടിയതോടെ പുറത്തിറങ്ങിയ മുഖ്യപ്രതി പള്‍സര്‍ സുനിയെ പൂക്കളെറിഞ്ഞ് വരവേറ്റ് കേരള മെന്‍സ് അസോസിയേഷന്‍. എറണാകുളം സബ് ജയിലില്‍ നിന്ന് പുറത്തിറക്കിയ സുനിയെയാണ് മെന്‍സ് അസോസിയേഷന്‍ പൂക്കളെറിഞ്ഞ് വരവേറ്റത്.

ഏഴ് വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനിയ്ക്ക് ജാമ്യം ലഭിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്,ദിലീപ് അടക്കമുള്ള മറ്റ് പ്രതികളെ കാണരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് എറണാകുളംപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

ഇവയ്ക്ക് പുറമെ എറണാകുളം സെഷന്‍സ് കോടതിയുടെ പരിധി വിട്ടുപുറത്ത് പോവരുത്, ഒരു സിം മാത്രമെ ഉപയോഗിക്കാന്‍ പാടുകയുള്ളു, അതിന്റെ വിവരങ്ങള്‍ കോടതിയെ അറിയിക്കണം, രണ്ട് ആള്‍ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കോടതിയില്‍ കെട്ടിവെക്കണം എന്നിങ്ങനെയും ജാമ്യവ്യവസ്ഥയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം കേസിലെ ഒന്നാം പ്രതിയായ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ ഉത്തരവ് സെഷന്‍സ് കോടതിക്ക് വിടുകയായിരുന്നു.

കേസിന്റെ മുന്‍ വിചാരണവേളകളില്‍ സുനി മാധ്യമങ്ങളോട് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കേസില്‍ ഇനിയും വമ്പന്‍ സ്രാവുകള്‍ പിടിയിലാവാനുണ്ടെന്നും മാഡം എന്ന് വിശേഷിപ്പിക്കുന്ന ഒരാള്‍ക്ക് കൂടി കൃത്യത്തില്‍ പങ്കുണ്ടെന്നും സുനി പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി മാധ്യമങ്ങളെ കാണുന്നത് കോടതി വിലക്കിയതെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം കൂടി നടക്കേണ്ടതുണ്ട്. കേസിന്റെ അവസാന ഘട്ടത്തിലാണ് സുനിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. പള്‍സര്‍ സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുനിയുടെ സുരക്ഷ എറണാകുളം റൂറല്‍ പൊലീസ് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Content Highlight: Kerala Men’s Association welcomed the released Pulsar Suni with garlands