“സര്‍ക്കാരിനെ താഴെയിറക്കാന്‍ പോയതല്ലെ നന്നായി”, “ഒരു ക്യാമറയും മൈക്കും കുറഞ്ഞ് കിട്ടി” , പറയു ഹരീഷ് ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് മുങ്ങികൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ശ്വാസം ലഭിക്കുന്നുണ്ടോ? ഒരു കറുത്ത ബാഡ്ജ് കുത്തി ആദരാഞ്ജലി പ്രകടിപ്പിച്ചോ…….. വൈക്കത്തിനടുത്ത് വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങി വരുന്നതിനിടെ വള്ളം മറിഞ്ഞ് മാതൃഭൂമിയുടെ വാര്‍ത്താ സംഘത്തിലെ രണ്ടുപേരെ കാണാതായ വാര്‍ത്തകള്‍ക്ക് കീഴിലും മരണപ്പെട്ട പ്രാദേശിക ലേഖകന്‍ സജി മെഗാസിന്റെ മരണം സ്ഥിരീകരിച്ച വാര്‍ത്തകള്‍ക്ക് അടിയിലും വന്ന ചില അഭിപ്രായപ്രകടനങ്ങളാണിത്.
ഇത്തരം അഭിപ്രായങ്ങളേക്കാള്‍ കൂടുതലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്തകള്‍ക്ക് താഴേ വന്ന സ്‌മൈലികള്‍. സ്വന്തം തൊഴില്‍ ചെയ്യന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് ജീവനുകളെ പോലും പരിഹസിക്കുകയാണ്. സുരക്ഷിതത്വം ഉറപ്പുവരുത്താതെ സ്വന്തം ജോലി ചെയ്യുമ്പോള്‍ പോലും ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പരിഹാസങ്ങള്‍ നേരിടുന്നുണ്ട്.
കാലവര്‍ഷം അതിന്റെ സര്‍വ്വസംഹാര രൂപവും പൂണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പെയ്തിറങ്ങുമ്പോള്‍ ജനങ്ങളിലേക്ക് വാര്‍ത്തകള്‍ എത്തിക്കാനും ജനപ്രതിനിധികളുടെ കാഴ്ച എത്താത്തിടത്തേക്ക് തങ്ങളുടെ ക്യാമറ കണ്ണുകള്‍ എത്തിക്കാനുമാണ് മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ തൊഴിലില്‍ എത്രത്തോളം സുരക്ഷിതത്വം മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിക്കുന്നുണ്ടെന്നതും ചോദ്യമാണ്.
പല ദുരന്തമുഖങ്ങളിലും മാധ്യമപ്രവര്‍ത്തകരെ കാണാം അപകടമോ ദുരന്തമോ ഉണ്ടായാല്‍ നിമിഷങ്ങള്‍ക്കകം മാധ്യമങ്ങള്‍ സംഭവസ്ഥലത്ത് എത്തും. എന്നാല്‍ അപ്പോള്‍ പോലും സ്വന്തം സുരക്ഷയെ കുറിച്ച് പലരും ബോധമുള്ളവരാകാറില്ലെന്നാണ് പലസംഭവങ്ങളും സൂചിപ്പിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമസംഘത്തിലെ രണ്ട് പേരുടെ മരണം.
മറ്റുള്ളവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പുറത്തെത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ആരോടാണ് പറയുക എന്നാണ് എഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകനായ പ്രിന്‍സ് പനങ്ങോടന്‍ പറയുന്നത്. വാര്‍ത്തയെഴുതുന്നവരുടെ, റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ തൊഴിലിടങ്ങളില്‍ എന്ത് സുരക്ഷയാണ് ഉള്ളത്, ഇത്തരം സുരക്ഷകള്‍ ഒരുക്കേണ്ടതല്ലേന്നും അദ്ദേഹം ചോദിക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ എന്നത് മറ്റെന്തോ സംഭവമാണെന്നുള്ള തരത്തില്‍ കഴിഞ്ഞ കുറേ കാലമായി ചിലര്‍ ബോധപൂര്‍വ്വം വരുത്തി തീര്‍ത്തിട്ടുണ്ട്. അത്തരം ആളുകളാണ് ഇന്ന് ഈ സഹപ്രവര്‍ത്തകരുടെ മരണത്തിന് താഴേ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. രാഷ്ട്രീയ രംഗത്തുള്ള പലപ്രമുഖരും ഇത്തരം പ്രവര്‍ത്തിയെ തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും കാലി കൂട്ടങ്ങളെ പോലെയാണ് സൈബര്‍ ഇടങ്ങളിലെ ഇത്തരം ആളുകള്‍ തെളിച്ച രീതിയില്‍ പോകാതെ തോന്നിയ രീതിയില്‍ പോകുകയാണ് – പ്രിന്‍സ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ജോലിസമയത്തെ അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് സ്ഥാപനങ്ങള്‍ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പറയുന്നത്. അപകടങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് തന്നെയാണ്. അതേപോലെ തന്നെ തങ്ങളുടെ തൊഴിലാളികളുടെ സുരക്ഷാ മുന്‍കരുതലിനും മാധ്യമസ്ഥാപനങ്ങള്‍ ശ്രദ്ധചെലുത്തണം. മാധ്യമസംഘത്തില്‍പ്പെട്ട് രണ്ട് പേരുടെ മരണം സങ്കടകരമാണ്. അവരുടെ കുടുംബത്തിന് എല്ലാവിധ സഹായം ലഭിക്കുന്നതിനും വിഷയത്തില്‍ ഗൗരവമായി സര്‍ക്കാര്‍ ഇടപ്പെടുന്നതിനുമായി പത്രപ്രവര്‍ത്തക യൂണിയന്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും കമാല്‍ വരദൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെ ചരിത്രം തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മുപ്പത് വര്‍ഷത്തില്‍ താഴേയാണ് ദൂരദര്‍ശനെ മാറ്റി നിര്‍ത്തിയാല്‍ മലയാളത്തിലെ ദൃശ്യമാധ്യമങ്ങള്‍ക്ക് അവകാശപ്പെടാനുള്ളു. ഇത് തന്നെയാണ് ഏറ്റവും വലിയ പോരായ്മയെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ് ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.
സ്വന്തം സുരക്ഷിതത്വം മുന്‍ നിര്‍ത്തി തന്നെ വേണം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെന്ന് അദ്ദേഹം പറയുന്നു. ദുരന്തമുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്‍ മാതൃകകള്‍ ഒന്നും തന്നെ മുമ്പിലില്ല. അപകടരംഗത്ത്, ദുരന്തമുഖത്ത്, പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ ഒക്കെ എങ്ങിനെയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഈ രംഗത്തുള്ള പ്രൊഫഷണല്‍ സംഘടനകള്‍ ആലോചിക്കണം. ലോകത്തു ലഭ്യമായ മികച്ച മാതൃകകള്‍ ഇവിടെയും ഉണ്ടാകണം- ജേക്കബ് പറയുന്നു.