തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയോ അതിലധികമോ ആകാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിയമസഭയില്‍ കൊവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച കെ. ബാബുവിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കടകളിലേതടക്കം ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസുകളാണ് കേരളത്തില്‍ 90 ശതമാനവുമെന്ന് മന്ത്രി പറഞ്ഞു.
‘രണ്ടാം തരംഗത്തില്‍നിന്ന് പൂര്‍ണമായും മോചനം നേടിയിട്ടില്ല. മൂന്നാം തരംഗ ആശങ്കയുമുണ്ട്. വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് മൂന്നാം തരംഗം ഉണ്ടായാല്‍ സ്ഥിതി ഗുരുതരമാകും,’ മന്ത്രി പറഞ്ഞു.
അത് തടയാനുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നതും നടപ്പിലാക്കുന്നതുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പകര്‍ച്ച വ്യാധികളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിവേണം ഇളവ് നല്‍കാനെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
‘പെട്ടെന്നു പൂര്‍ണമായ ഇളവ് കൊണ്ടുവരാനാകില്ല. അങ്ങനെ ചെയ്താല്‍ പകരം നല്‍കേണ്ടിവരുന്നത് ജനങ്ങളുടെ ജീവനായിരിക്കും, മന്ത്രി പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളെന്നും മന്ത്രി വ്യക്തമാക്കി.