ന്യൂദല്‍ഹി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇനിയും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പ്രകൃതി ദുരന്തത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം ഇനിയും ദുരന്തം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനം തുടരുന്നതിന് പുറമെ രക്ഷാപ്രവര്‍ത്തന രീതികള്‍ കാലോചിതമായി പരിഷ്‌കരിക്കാത്ത പക്ഷം പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുണ്ടാകുന്ന പ്രകൃതിക്ഷോഭം 16000 ത്തോളം പേരുടെ ജീവന്‍ കവര്‍ന്നെടുക്കുന്നതിന് പുറമെ 47000 കോടിയുടെ നാശനഷ്ടത്തിനിടയാക്കുമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.
കേരളം പ്രളയക്കെടുതിയില്‍ വലയുന്നതിനിടെയാണ് സര്‍വേ റിപ്പോര്‍ട്ട് ദേശീയ ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടത്. രാജ്യത്തുടനീളം 640 ജില്ലകളിലാണ് സര്‍വേ നടത്തിയത്.
ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളൊന്നും പ്രാദേശികമായ പാരിസ്ഥിതിക ആഘാതം പരിഗണിച്ചല്ല പദ്ധതികള്‍ നടപ്പാക്കുന്നത്. ദുരന്തങ്ങളെ കാലെക്കൂട്ടി അറിയാന്‍ ആധുനികമായ സാറ്റലൈറ്റുകളും മുന്നറിയിപ്പ് സംവിധാനങ്ങളും ഉണ്ടെങ്കിലും ഇവയൊന്നും രാജ്യം പ്രയോജനപ്പെടുത്തുന്നില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നയരൂപവത്ക്കരണവും സര്‍ക്കാരുകള്‍ നടത്തിയിട്ടില്ലെന്ന് സര്‍വേ പറയുന്നു.
നൂറ്റാണ്ടിന് ശേഷം കേരളത്തിലുണ്ടായ മഴക്കെടുതിയും വെള്ളപ്പൊക്കവും മനുഷ്യനിര്‍മിതമാണെന്നും വന്‍ തോതിലുള്ള വനനശീകരണവും മലയിടിച്ചുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങളുമാണ് കേരളത്തിലെ നിലവിലെ പ്രകൃതിക്ഷോഭത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.