| Saturday, 28th April 2018, 12:59 pm

തീരപരിപാലന ഭേദഗതി വിജ്ഞാപനം; മത്സ്യത്തൊഴിലാളി സംരക്ഷണത്തിന്റെ മറവില്‍ ടൂറിസ്റ്റ്- കുത്തക നിര്‍മാണ മാഫിയകളെ സഹായിക്കാനെന്ന് ആക്ഷേപം

ആര്യ. പി

കോഴിക്കോട്: തീരദേശ പരിപാലന നിയമത്തിലെ പുതിയ ഭേദഗതി മത്സ്യത്തൊഴിലാളി സംരക്ഷണത്തിന്റെ മറവില്‍ ടൂറിസ്റ്റ്- കുത്തക-നിര്‍മാണ മാഫിയകളെ സഹായിക്കാനെന്ന ആക്ഷേപം ഉയരുന്നു. കായല്‍ത്തുരുത്തുകളിലും തീരദേശങ്ങളിലും നിര്‍മാണ നിരോധന പരിധി തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി തീരമേഖലാ നിയന്ത്രണ നിയമത്തിന്റെ പുതിയ കരട് ഏപ്രില്‍ 18 നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്.

രണ്ടു വര്‍ഷം മുന്‍പു ഡോ. ശൈലേഷ് നായിക് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരട് തയ്യാറാക്കിയത്. 60 ദിവസത്തിനകം സംസ്ഥാന സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും കരട് വിജ്ഞാപനത്തില്‍ അഭിപ്രായം അറിയിക്കണമെന്നാണ് നിര്‍ദേശം.

1991 ലെ തീരദേശ നിയന്ത്രണ വിജ്ഞാപനവും 2011 ലെ തീരപരിപാലന വിജ്ഞാപനവും പരിഷ്‌കരിച്ച പുതിയ കരട് വിജ്ഞാപനം സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി(ടി.യു.സി.ഐ) പറയുന്നു.

12 നോട്ടിക്കല്‍ മൈല്‍ വരെ വരുന്ന കടല്‍, കായല്‍ നീര്‍ത്തടങ്ങളുടെ പരിപാലനാവകാശം സംസ്ഥാന സര്‍ക്കാരിനായിരുന്നത് ഭേദഗതിയിലൂടെ കേന്ദ്രം ഏറ്റെടുക്കുകയാണ്. ഭരണഘടനയുടെ 246 ാം അനുച്ഛേദം ലിസ്റ്റ് 21 ഷെഡ്യൂള്‍ ആറിന്റെ ലംഘനമാണ് ഇതെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം ഏറ്റെടുത്താല്‍ തീരം അനായാസം കൈയേറാന്‍ കുത്തകകള്‍ക്ക് അവസരമൊരുങ്ങുമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പറയുന്നു.

പുതിയ ഭേദഗതി പ്രകാരം തീരവാസികള്‍ക്ക് കടലോരത്ത് വേലിയേറ്റ മേഖലയില്‍ നിന്ന് 50 മീറ്റര്‍ കഴിഞ്ഞ് വീട് നിര്‍മിക്കാം. മുന്‍പ് 500 മീറ്ററായിരുന്നു പരിധി. കായലോരത്ത് 50 മീറ്റര്‍ വരെയുണ്ടായിരുന്ന നിര്‍മാണ വിലക്ക് 20 മീറ്റര്‍ ആക്കി. വര്‍ഷങ്ങളായുള്ള തീരവാസികളുടെ ആവശ്യമായിരുന്നു ഇതെങ്കിലും ഇതിന്റെ മറവില്‍ ആര്‍ക്കും നിര്‍മാണപ്രവര്‍ത്തനം നടത്താവുന്ന നിലയിലാണ് പുതിയ വിജ്ഞാപനമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“”മത്സ്യത്തൊഴിലാളി സംരക്ഷണത്തിന്റെ മറവില്‍ പരിസ്ഥിതി വിനാശത്തിന് വഴിയൊരുക്കുകയും തീരദേശത്തെ, ടൂറിസ്റ്റ്- നിര്‍മാണ മാഫിയ സംഘങ്ങള്‍ക്ക് തീറെഴുതുകയും ചെയ്യുന്ന നിര്‍ദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്. മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും വീട് വെക്കാം എന്നാണ് ഈ കരട് വിജ്ഞാപനം പറയുന്നത്. അത് വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു. അത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കായല്‍തീരങ്ങള്‍ ഭവനനിര്‍മാണത്തിനുള്ള നിയന്ത്രണം നൂറ് മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചിട്ടുണ്ട്. തുരുത്തുകള്‍ നിര്‍മാണത്തിനുള്ള പരിധി 20 മീറ്ററാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഇളവുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമല്ല,, ടൂറിസ്റ്റ് നിര്‍മാണ ലോബികള്‍ക്കും ഇതേ ഇളവുകള്‍ അനുവദിച്ചിരിക്കുന്നു. ഇത് പ്രതിഷേധാര്‍ഹമാണ്””. ചാള്‍സ് ജോര്‍ജ്ജ് പറയുന്നു.

സി.ആര്‍.ഇസെഡിന്റെ 2018 ലെ വിജ്ഞാപനം അക്ഷരാര്‍ത്ഥത്തില്‍ അവരുടെ പേര് തന്നെ നഷ്ടപ്പെടുത്തിയിരിക്കുകയാണെന്ന് നാഷണല്‍ ഫിഷറീസ് ഫോറം ജനറല്‍ സെക്രട്ടറി ടി. പീറ്ററും ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“”മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മാണത്തിന് മാത്രം അനുമതി നല്‍കണമെന്നായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. മത്സ്യത്തൊഴിലാളികളുടെ പേര് പറഞ്ഞ് എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതികൊടുത്തിരിക്കുകയാണ് ഇപ്പോഴത്തെ വിജ്ഞാപനത്തില്‍. അത് മത്സ്യമേഖലയെ ആകെ പ്രതിസന്ധിയിലാക്കുന്നതാണ്. അതിന്റെ പേരില്‍ ഇനി ആളുകള്‍ ഇറക്കിവിടപ്പെടും. തീരവും തീരപ്രദേശവും ഒക്കെ ടൂറിസം ഇന്‍ഡസ്ട്രിയില്‍ ലോബിക്ക് ഗുണകരമാകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ ഞങ്ങളുടെ എതിര്‍പ്പ് അയക്കും. ഇത് ഫലത്തില്‍ കടലിനെ മലിനമാക്കും. ഈ വരുന്ന ടൂറിസത്തിന്റെ സര്‍വമാന വേസ്റ്റുകളും കടലില്‍ അടിയും. കടലും തീരവും ഇല്ലാതാകും-ടി. പീറ്റര്‍ പ്രതികരിക്കുന്നു.

1991 ലെ സി.ആര്‍.ഇ.സെഡിന്റെ ആദ്യത്തെ വിജ്ഞാപനം മത്സ്യത്തൊഴിലാളികളേയും തീരദേശവാസികളുടേയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ളതായിരുന്നു. മത്സ്യബന്ധന മേഖല സംരക്ഷിക്കുക എന്നതായിരുന്നു അതിന്റെ പ്രധാന ഉദ്ദേശം. രണ്ട് നോട്ടിഫിക്കേഷനിലും അവകാശം സംരക്ഷിച്ചുപോന്നു. എന്നാല്‍ 2018 ലെ ഈ വിജ്ഞാപനം മത്സ്യത്തൊഴിലാളികളുടെ സംരക്ഷണങ്ങളെല്ലാം പാടെ എടുത്തുമാറ്റിയിരിക്കുകയാണ്.

രണ്ട് നോട്ടിഫിക്കേഷനിലും സി.ആര്‍.ഇ.സെഡ് പ്രൊട്ടക്ട് ഏരിയയില്‍ യാതൊരു വിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ല എന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 2018 ലെ നോട്ടിഫിക്കേഷനില്‍ അതീവ സുരക്ഷ ആവശ്യമുള്ള മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നുള്ള നിയമം മാറ്റി. സി.ആര്‍.ഇ.സെഡ് ഒന്നില്‍ ടൂറിസം അനുവദിച്ചിരിക്കുകയാണ്. അത് ശരിയായ സമീപനമല്ല. – ടി പീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.

മത്സ്യത്തൊഴിലാളികളുടെ ഭൂമി മുഴുവന്‍ പടിപടിയായി ടൂറിസ്റ്റ് നിര്‍മാണ ലോബി കയ്യടക്കുമെന്നും അങ്ങനെ കടല്‍കായല്‍ തീരങ്ങളും തുരുത്തുകളും കുത്തകലോബികളുടെ കയ്യിലാകുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷനിലെ മറ്റംഗങ്ങളും ഡൂള്‍ന്യൂസിനോട് പ്രതികരിക്കുന്നു.

യാഥാര്‍ത്ഥ്യബോധമില്ലാതെ തയ്യാറാക്കിയതും മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളെന്ന് പറഞ്ഞ് ഫലത്തില്‍ നിര്‍മാണ നിക്ഷേപ ടൂറിസ്റ്റ് മാഫിയ സംഘങ്ങള്‍ക്ക് അനുകൂലമാക്കിയുമാണ് ഈ കരട് പുറത്തിറക്കിയത്. ഇത് വിനാശകരമായ തീരുമാനമാണ്. ഈ നയം പിന്‍വലിക്കണം. യാഥാര്‍ത്ഥ്യബോധത്തോടെ തൊഴിലാളികളുമായി ചര്‍ച്ച ചെയ്ത് ആള്‍ടര്‍നെറ്റീവ് തീരുമാനം എടുക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പറയുന്നു.

കേരളത്തില്‍ പ്രത്യക്ഷത്തില്‍ നോക്കിയാല്‍ തീരദേശ പരിപാലന നിയമം കേരളത്തിന്റെ ഭൂവിസ്തൃതിയുടെ ഒരുശതമാനം മാത്രമേ വരുന്നുള്ളൂ. തീരദേശ നിയമം ബാധകമായ പ്രദേശങ്ങള്‍ എന്നുപറയുന്നത് തന്നെ ഏതാണ്ട് കേരളത്തിന്റെ ഭൂവിസ്തൃതിയുടെ പത്ത് ശതമാനം മാത്രമാണ്. പക്ഷേ ഈ പത്ത് ശതമാനത്തിലാണ് കേരളത്തിലെ ജനസംഖ്യയുടെ 25 ശതമാനംപേരും താമസിക്കുന്നത്.

ഇന്ന് തീരദേശ പരിപാലന നിയമം ബാധകമായിരിക്കുന്നത് കേരളത്തില്‍ 129 പഞ്ചായത്തുകളിലും 24 മുനിസിപ്പാലിറ്റികളിലും നാല് കോര്‍പ്പറേഷനുകളിലുമാണ്. ഇത്രയും സ്ഥലങ്ങളില്‍ ഈ നിയമം ബാധകമാണ്. അതുകൊണ്ട് തന്നെ ഇതിന്റെയൊരു പ്രാധാന്യം കേരള സമൂഹത്തിന്റെ മൂന്നിലൊന്നോ നാലിലൊന്നോ ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. എന്നിരിക്കെ ഇതുമായി ബന്ധപ്പെട്ട് പഴയനിയമങ്ങളിലുള്ള പ്രശ്‌നങ്ങളെ വേണ്ടവിധം പരിശോധിക്കുന്നതില്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം.


Dont Miss സി.പി.ഐ.എം വോട്ട് അസാധുവായി; പാലക്കാട് ബി.ജെ.പിയ്‌ക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു


തീരം മുഴുവന്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് അന്യമാകുകയും ഇത്ര കര്‍ക്കശമായ നിയമമുണ്ടായിട്ടും തീരം മൊത്തത്തില്‍തന്നെ വന്‍കിട കുത്തക ശക്തികളുടെ കൈകളില്‍പ്പെടുകയും ചെയ്തതായിട്ടാണ് ഇക്കാലമത്രയുമുള്ള അനുഭവം. 2011 ന് ശേഷവും ഒരുപാട് വ്യവഹാരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായി. പക്ഷേ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് അവര്‍ക്ക് വീടുവെക്കാനുള്ള പ്രശ്‌നം സാധ്യമായില്ല എന്നതൊഴിച്ചാല്‍ തീരം കയ്യടക്കാന്‍ ശ്രമിക്കുന്ന കുത്തക കമ്പനികള്‍ക്ക് മുഴുവന്‍ ഏതാണ്ട് ഏല്ലാ തരം ആനുകൂല്യവും ലഭിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതില്‍ നിയമപരമായ പരാജയമുണ്ടായിട്ടുണ്ട്. -മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

2011 ന് ശേഷം ഏറ്റവും ശക്തമായ ഭേദഗതികളും നിര്‍ദേശങ്ങളും മുന്നോട്ടുവെച്ച ഒരു സംസ്ഥാനം കേരളമായിരുന്നു. എന്നാല്‍ കേരളത്തിന്റെ നിര്‍ദേശങ്ങള്‍ ഭൂരിഭാഗവും തളളപ്പെട്ടു എന്നാണ് മനസിലാക്കുന്നത്. എന്നാല്‍ പ്രത്യക്ഷത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സേവനപരമായ നിലപാടാണ് എന്ന് തോന്നുന്ന രൂപത്തിലാണ് ഈ നിയമം വന്നിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.

കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കുംവരെ 100 മീറ്റര്‍ നിര്‍മാണ നിരോധന പരിധി ഉറപ്പാക്കണമെന്നാണു കരടു വിജ്ഞാപനത്തില്‍ പറയുന്നതെങ്കിലും സംസ്ഥാന കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി എല്ലാ ജില്ലകള്‍ക്കും താല്‍ക്കാലിക കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കിയിട്ടുള്ളതിനാല്‍ 50 മീറ്റര്‍ ദൂരപരിധി പാലിച്ചാല്‍ മതി. സിആര്‍ഇസഡ് ഒന്നും രണ്ടും ഉപ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

2011ലെ കരടു റിപ്പോര്‍ട്ടില്‍ ഒരുതരത്തിലുള്ള നിര്‍മാണങ്ങളും അനുവദിക്കാതിരുന്ന ഇവിടെ ഇക്കുറി ഇക്കോടൂറിസം പദ്ധതികള്‍ക്ക് അനുമതിയുണ്ട്. തുറമുഖ മേഖലകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ ഇങ്ങനെ

നിലവിലുള്ള മല്‍സ്യ സംസ്‌കരണ ശാലകള്‍ക്കു കര പ്രദേശത്തേക്കു തറ വിസ്തീര്‍ണത്തിന്റെ 25 ശതമാനം കൂടി കൂട്ടി ചേര്‍ക്കാം. മലിനീകരണ നിയന്ത്രണ സംവിധാനം ഒരുക്കാനോ, പ്ലാന്റിന്റെ ആധുനികവല്‍ക്കരണത്തിനോ ആയിരിക്കണം ഇത്.

സി.ആര്‍.ഇ.സഡ് മൂന്നില്‍ സംസ്ഥാന, ദേശീയപാതകള്‍ കടന്നുപോകുന്നുണ്ടെങ്കില്‍ കടലിനോടു ചേര്‍ന്ന ഭാഗത്തു ടോയ്ലറ്റ്, താല്‍ക്കാലിക കച്ചവട കേന്ദ്രങ്ങള്‍ എന്നിവ ആകാം. കര ഭാഗത്ത് റിസോര്‍ട്ട്, ഹോട്ടല്‍ എന്നിവയും പ്രവര്‍ത്തിപ്പിക്കാം.

മല്‍സ്യത്തൊഴിലാളികളുടെ വീടുകളില്‍ തറ വിസ്തീര്‍ണം കൂട്ടാതെയും വീടിന്റെ രൂപത്തില്‍ മാറ്റം വരുത്താതെയും ഹോം സ്റ്റേ നടത്താം.

പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകള്‍ ഒഴികെ ബാക്കി ജില്ലകള്‍ക്കു കേരളത്തില്‍ നിയമം ബാധകം.
കോട്ടയം കടല്‍ത്തീര ജില്ലയല്ലെങ്കിലും തീരനിയന്ത്രണ പരിധിയില്‍ ഉള്‍പ്പെടുന്നു.

ഫോട്ടോ:ഡൂള്‍ന്യൂസ്

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more