പാലക്കാട്: കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ മൂന്നുപേര്‍ക്ക് വെടിയേറ്റത് പിന്നില്‍നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം പുറത്തുവിട്ട പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കൊല്ലപ്പെട്ട മണിവാസകം ഒഴികെയുള്ളവര്‍ക്ക് വെടിയേറ്റത് പിന്നില്‍നിന്നാണെന്ന നിര്‍ണായക വിവരം പുറത്തുവന്നത്.
മണിക്കൂറുകളോളം തണ്ടര്‍ബോള്‍ട്ടിനെതിരെ നിറയൊഴിച്ചുവെന്ന് ആരോപിക്കപ്പെട്ട മണിവാസകത്തിന്റെ ഇരുകാലുകളും ഒടിഞ്ഞനിലയിലായിരുന്നു. മണിവാസകത്തിന്റെ കാലുകള്‍ ഒടിഞ്ഞത് വീഴ്ചയിലാണോ ബലപ്രയോഗം കൊണ്ടാണോയെന്ന് വ്യക്തമല്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വീഴ്ചയുടെ ലക്ഷണങ്ങള്‍ ശരീരത്തിലില്ല. കാലുകളില്‍ വെടിയേറ്റിട്ടുമില്ല. കാര്‍ത്തി, അരവിന്ദ്, രമ എന്നിവരുടെ പിന്‍ഭാഗത്തുനിന്നാണ് വെടിയുണ്ട തുളച്ചുകയറിയിട്ടുള്ളത്. രമയുടെ വയറ്റില്‍നിന്ന് ദഹിക്കാത്ത ഭക്ഷണത്തിന്റെ അംശങ്ങള്‍ കണ്ടെത്തിയെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മണിവാസകത്തിന്റെ മുഖം വികൃതമായ നിലയിലായിരുന്നെന്ന് മൃതദേഹം കണ്ട സഹോദരങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.
മാവോയിസ്റ്റ് സംഘം ഷെഡില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ തണ്ടര്‍ബോള്‍ട്ട് വളഞ്ഞ് വെടിവെക്കുകയായിരുന്നുവെന്ന ആദിവാസികളുടെ ആരോപണം ശരിവെക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിച്ച സി.പി.ഐ നേതാക്കളും വ്യാജ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനും പൊലിസിന്റെ വാദങ്ങളെ തള്ളി രംഗത്തെത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തിങ്കളാഴ്ച അഗളിയിലെ ഉള്‍വനത്തിലാണ് വെടിവെയ്പില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. മണിവാസകം, ശ്രീമതി, സുരേഷ്, തമിഴ്‌നാട് കാര്‍ത്തി എന്നിവരായിരുന്നു മരണപ്പെട്ടത്.
ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് അവര്‍ തിരിച്ചാക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസ് വാദം. തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ മുഖേന പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ കീഴടങ്ങല്‍ ധാരണ തെറ്റിച്ചത് പൊലീസാണെന്നുമായിരുന്നു ആദിവാസി പ്രവര്‍ത്തകയും മധ്യസ്ഥയുമായ ശിവാനി പറഞ്ഞത്.
WATCH THIS VIDEO: