ന്യൂദൽഹി: പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കേരളത്തെ വിമർശിച്ച് ബി.ജെ.പി നേതാവും പരിസ്ഥിതി പ്രവർത്തകയുമായ മനേക ഗാന്ധി. അതേസമയം കടുവയെ കൊല്ലാനായി വെടിവെച്ചിട്ടില്ലെന്ന് ദൗത്യസംഘത്തലവന്‍ ഡോ. അരുണ്‍ സഖറിയ വ്യക്തമാക്കിയിട്ടുണ്ട്.
കടുവയെ വെടിവെച്ച് കൊല്ലരുതെന്ന ഉത്തരവ് നിലവിലുണ്ടെന്നും കേരളം തുടർച്ചയായി നിയമം ലംഘിക്കുകയാണെന്നുമാണ് മനേക ഗാന്ധിയുടെ വാദം.
കടുവയെ വെടിവെച്ച് കൊല്ലരുതെന്ന ഉത്തരവ് നിലവിലുണ്ട്. കേരളം തുടർച്ചയായി നിയമം ലംഘിക്കുകയാണ്. ആനയേയും കടുവയേയും കാട്ടുപന്നിയേയുമൊക്കെ കൊല്ലാനാണ് കേരളത്തിന് ഇഷ്ടം. കടുവയെ പിടികൂടാം എന്നാൽ കൊല്ലാൻ പാടില്ല എന്നതാണ് കേന്ദ്ര ഉത്തരവ്. ഇത് അവസാനിപ്പിക്കാൻ രാജ്യത്ത് നിയമങ്ങളുണ്ട്,’ മനേക ഗാന്ധി പറഞ്ഞു.
കടുവ ദേശീയ സമ്പത്താണെന്നും മനേക ഗാന്ധി പറഞ്ഞു. പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയത് പ്രായമാകാത്ത കടുവയാണ്. കടുവയെ പിടികൂടാനുളള ശ്രമമാണ് ഉണ്ടാകേണ്ടിയിരുന്നത്. വന്യമൃഗങ്ങളുടെ സ്ഥലം മനുഷ്യൻ കയ്യേറുന്നത് കൊണ്ടാണ് വന്യജീവി സംഘർഷമുണ്ടാകുന്നതെന്നും മനേക ഗാന്ധി പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് എല്ലാറ്റിനേയും കൊല്ലാനാണ് താൽപര്യം. കടുവയുടെ ഭക്ഷണമായ കാട്ടുപന്നിയെ മനുഷ്യർ കൊല്ലുകയാണ്. വനം കയ്യേറ്റമാണ് മൃഗങ്ങൾ കാടിറങ്ങുന്നതിന് കാരണം. മനുഷ്യർ കാടിറങ്ങുന്നതായിരിക്കും നിലവിലുളള ഏക പരിഹാരം. കേരളത്തിൽ ആറ് ലക്ഷം ഹെക്ടറിലധികം വനം വെട്ടി നശിപ്പിച്ചിട്ടുണ്ട്.
ഭാവിയെ കുറിച്ച് ചിന്തിക്കാത്തത്കൊണ്ടാണ് പ്രകൃതി ദുരന്തങ്ങളുണ്ടാകുന്നതെന്നും മനേക ഗാന്ധി പറഞ്ഞു. നിരവധിപേർ ചേർന്ന് കടുവയെ വളഞ്ഞാൽ ആക്രമിക്കുന്നത് സ്വാഭാവികമാണെന്നും അതിനാലാണ് കടുവ ദൗത്യ സംഘത്തെ അക്രമിച്ചതെന്നും മനേക ഗാന്ധി പ്രതികരിച്ചു.
ഇന്ന് പുലർച്ചെയാണ് പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവയെ വയനാട് പിലാക്കാവിൽ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണ് ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കടുവയെ വെടിവെച്ച് കൊല്ലാനുളള ഉത്തരവ് കിട്ടിയ ശേഷം വനത്തിൽ പത്തംഗ സംഘം തിരച്ചിൽ ആരംഭിച്ചിരുന്നു.
കാല്‍പാദം പിന്തുടർന്ന ദൗത്യസംഘമാണ് പുലർച്ചെ ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്. മറ്റൊരു കടുവയുടെ ആക്രമണത്തിൽ കടുവയുടെ കഴുത്തിന് നാല് വലിയ മുറിവുകളേറ്റിരുന്നു, ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ ശരീരഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തു.
പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് രാധ. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കടുവയെ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കുകയായിരുന്നു.
Content Highlight: ‘Kerala loves to kill elephants and wild boars, the tiger is a national treasure’; Maneka Gandhi