| Sunday, 18th September 2022, 4:30 pm

ബമ്പറടിച്ചാൽ എന്ത് ചെയ്യാം? | D Kerala

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളക്കരയാകെ ആകാംഷയോടെ കാത്തിരിക്കുന്ന ഓണം ബമ്പര്‍ ആര്‍ക്കടിക്കുമെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ എറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് ഒന്നാം സമ്മാനം.

എന്നാല്‍ ഒന്നാം സമ്മാനമായ 25 കോടി അടിക്കുന്ന ഭാഗ്യശാലിക്ക് വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാണ് കയ്യില്‍കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്.

കേരള ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബമ്പറിന് റെക്കോര്‍ഡ് വില്‍പനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി.

ടിക്കറ്റ് വില്‍പ്പനയില്‍ ഏറ്റവും മുന്നില്‍ പാലക്കാട് ജില്ലയാണ്. ജില്ലയില്‍ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്.

തൃശൂരില്‍ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. തൃശൂര്‍ ജില്ലയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ. തൃശൂര്‍ സബ്ഡിവിഷനില്‍ 5,56,400 ഉം ഗുരുവായൂരില്‍ 1,40,800 ഉം ഇരിങ്ങാലക്കുടയില്‍ 1,82,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്.

ടിക്കറ്റ് നിരക്ക് 500 ആക്കി കൂട്ടിയിട്ടും ടിക്കറ്റ് വില്‍പന കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. ടിക്കറ്റെടുക്കുന്നതില്‍ അഞ്ച് ശതമാനം പേര്‍ക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഓണം ബമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്. പത്ത് സീരിസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്.

ജൂലൈ 18 മുതലാണ് ബമ്പര്‍ ടിക്കറ്റിന്റെ വില്‍പന തുടങ്ങിയത്. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. പത്ത് പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനവും പത്ത് വരെയുള്ള ആകര്‍ഷകമായ സമ്മാനങ്ങളും തിരുവോണം ബമ്പറിലുണ്ട്. ആകെ 126 കോടി രൂപയുടെ സമ്മാനമാകും ഉണ്ടാകുക. അഞ്ച് ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക. ഒമ്പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുന്നത്.

ഫ്ളൂറസെന്റ് മഷിയില്‍ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ തിരുവോണം ബംബറെന്ന പ്രത്യേകത കൂടിയുണ്ട്. സുരക്ഷ പരിഗണിച്ച് വേരിയബിള്‍ ഡാറ്റ ടിക്കറ്റില്‍ ഒന്നിലേറെ ഭാഗങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റായ keralalotteries.com ലാണ് ഫലം പ്രസിദ്ധീകരിക്കുക.

അതേസമയം, ഒന്നാം സമ്മാനമായി 10 കോടി രൂപ നല്‍കുന്ന, 250 രൂപ ടിക്കറ്റ് വിലയുള്ള പൂജ ബംപര്‍ നാളെ പുറത്തിറക്കും

ഒന്നാം സമ്മാനം അടിച്ചാല്‍ എന്തുചെയ്യും?

സമ്മാനം ലഭിച്ചുവെന്ന് ഉറപ്പായാല്‍ ടിക്കറ്റുകള്‍ക്കൊപ്പം ആവശ്യം വേണ്ട രേഖകള്‍ നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസങ്ങള്‍ക്കുള്ളില്‍ ബാങ്ക് മുഖേനയോ നേരിട്ടോ ലോട്ടറി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകള്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളിലും ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാന ടിക്കറ്റുകള്‍ സമ്മാനത്തുകയ്ക്കായി ലോട്ടറി ഡയറക്ടറേറ്റിലുമാണ് ഹാജരാക്കേണ്ടത്. സമ്മാന ടിക്കറ്റിന്റെ മറുവശത്ത് സമ്മാനര്‍ഹന്റെ പേര്, വിലാസം, ഒപ്പ് എന്നിവ രേഖപ്പെടുത്തണം.

ഒന്നില്‍ക്കൂടുതല്‍ പേരൊന്നിച്ച് എടുത്ത ടിക്കറ്റാണെങ്കില്‍ ഒന്നിലേറേ പേര്‍ക്ക് ടിക്കറ്റിന് പിന്നില്‍ പേരെഴുതി ഒപ്പിട്ട് അവകാശവാദം സ്ഥാപിക്കാം. ടിക്കറ്റിന് പിന്നില്‍ ഒപ്പിട്ടവരില്‍ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് ലോട്ടറി ഡയറക്ടര്‍ക്ക് നല്‍കുന്ന അപേക്ഷയില്‍ വ്യക്തമാക്കാം. ഈ അപേക്ഷ പ്രകാരമാകും തുക അനുവദിക്കുക. ഒറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഒന്നിച്ചോ പല അക്കൗണ്ടുകളിലൂടെയോ തുക കൈപ്പറ്റാം.

Content Highlight: Kerala lottery Thiruvonam bumper 2022 result today

ഡൂള്‍ന്യൂസ് ഡെസ്‌ക്