| Tuesday, 5th December 2023, 6:32 pm

സഞ്ജുവിന് മിന്നും സെഞ്ച്വറി; റെയില്‍വേക്കെതിരെ കേരളത്തിന് തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ നവംബര്‍ 5ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ റെയില്‍വേസിന് വിജയം. കിനി സ്‌പോര്‍ട്‌സ് അരേന ഗ്രൗണ്ടില്‍ ടോസ് നേടിയ കേരളം റെയില്‍വേസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് ആണ് റെയില്‍വേസ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലും സെഞ്ച്വറിയിലും വിജയം അരികിലെത്തിയെങ്കിലും 18 റണ്‍സിന്റെ തോല്‍വിയാണ് കേരളം വഴങ്ങിയത്.

ചെയ്സിങ്ങില്‍ ഓപ്പണര്‍ കൃഷ്ണ പ്രസാദ് 51 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 29 റണ്‍സ് നേടി തുടക്കം കുറിച്ചു. എന്നാല്‍ രോഹന്‍ കുന്നുമ്മല്‍ പൂജ്യം റണ്‍സിനും സച്ചിന്‍ ബേബി ഒമ്പത് റണ്‍സിനും സല്‍മാന്‍ നിസാര്‍ രണ്ട് റണ്‍സിനും പുറത്തായി കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചില്ല.

ടോപ്പ് ഓര്‍ഡറിലെ വിക്കറ്റ് നഷ്ടം കേരളത്തെ ഏറെ സമ്മര്‍ദ്ദത്തില്‍ ആക്കിയപ്പോളായിരുന്നു ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വരവ്. 139 പന്തുകള്‍ കളിച്ച് 128 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ആറ് സിക്‌സറുകളും എട്ട് ബൗണ്ടറികളും അടക്കമാണ് റെയില്‍വേ ബൗളര്‍മാരെ സഞ്ജു അടിച്ചു പരത്തിയത്.
മിഡ് ഓര്‍ഡറില്‍ ഇറങ്ങിയ സഞ്ജുവിന് ശ്രേയസ് ഗോപാല്‍ മികച്ച കൂട്ടുകെട്ടാണ് നല്‍കിയത്. 63 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ അടക്കം 53 റണ്‍സാണ് ഗോപാല്‍ സ്‌കോര്‍ ചെയ്തത്.

എന്നാല്‍ മധ്യനിരക്ക് ശേഷം അബ്ദുല്‍ ബാസിത്, അഖില്‍ സക്കറിയ എന്നിവര്‍ പൂജ്യത്തിന് പുറത്തായി വിജയ സാധ്യത കുറഞ്ഞു വരികയായിരുന്നു. ലൈന്‍ അപ്പില്‍ അവസാനം ഇറങ്ങിയ ബേസില്‍ തമ്പി 7 റണ്‍സും വൈശാഖ് ചന്ദ്രന്‍ ഒരു റണ്‍സും നേടി. തകര്‍പ്പന്‍ ബൗളിങ് മികവാണ് റെയില്‍വേസിനെ വിജയത്തില്‍ എത്തിച്ചത്. സഞ്ജുവിന്റെ വിക്കറ്റ് അടക്കം രാഹുല്‍ ശര്‍മ നേടിയത് നാല് വിക്കറ്റ് ആണ്. ഹിമാന്‍ശു സഗ്വാന്‍ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ രാജ് ചൗധരിയും കരണ്‍ ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
കേരളത്തിനുവേണ്ടി വൈശാഖ് ചന്ദ്രന്‍ 10 ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും അഖിന്‍ സത്താര്‍ 31 റണ്‍സ് വിട്ടുകൊടുത്തു ഒരു വിക്കറ്റും ബേസില്‍ തമ്പി 43 റണ്‍സ് വിട്ട്കൊടുത്ത് ഒരു വിക്കറ്റും നേടിയിരുന്നു.

തുടക്കത്തില്‍ ബാറ്റ് ചെയ്ത റെയില്‍വേക്ക് ശിവം ചൗധരി (3), വിവേക് സിങ് (11) എന്നിവരെ നഷ്ടപ്പെട്ട് മോശപ്പെട്ട തുടക്കമായിരുന്നു ഉണ്ടായത്. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ പ്രഥം സിങ് 77 പന്തില്‍ മൂന്ന് സിക്‌സറുകളും രണ്ടു ബൗണ്ടറികളും ഉള്‍പ്പെടെ 61 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തി. ശേഷം ബാറ്റിങ്ങിന് എത്തിയ സഹബ് യുവരാജ് സിങ്ങാണ് റെയ്ല്‍വേയില്‍ മികച്ച പ്രകടനം നടത്തിയത്. സഹബ് 136 പന്തില്‍ നിന്നും ഒരു സിക്‌സറും 13 ബൗണ്ടറിയും അടക്കം 121 റണ്‍സിന്റെ മികച്ച ബാറ്റിങ് പ്രകടനമാണ് റെയില്‍വേയ്ക്ക് നല്‍കിയത്.

ടീമിന് 255 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറില്‍ എത്താന്‍ സഹായിച്ചത് സഹബിന്റെ നിര്‍ണായക പ്രകടനമാണ്. പിന്നീട് വന്ന ഉപേന്ദ്ര യാദവ് 31 റണ്‍സും അഷുദോഷ് ശര്‍മ രണ്ട് റണ്‍സും ബാര്‍ഗവ് മിറായി ഏഴു റണ്സും നേടി.
ഇതോടെ പോയിന്റ് പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്തും മുംബൈ ഒന്നാം സ്ഥാനത്തുമാണ്. ഇരുവരും ആറു മത്സരങ്ങളില്‍ അഞ്ചു മത്സരങ്ങള്‍ വിജയിച്ചെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ മുംബൈ മുന്നിലാണ്. 1.952 നെറ്റ് റേറ്റാണ് ആണ് മുംബൈ നേടിയത്, കേരളത്തിനും 1.916ന് തൊട്ടു പുറകെയും ഉണ്ട്.

വിജയ് ഹസാരയില്‍ ത്രിപുരയുമായി നടന്ന കഴിഞ്ഞ മത്സരത്തിലും സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് മികവ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. വീണ്ടും താരം നഷ്ടപ്പെട്ട ഫോം തിരിച്ചുപിടിക്കുകയാണ് വിജയ് ഹസാരയിലൂടെ. മോശം ഫോമിനെ തുടര്‍ന്ന് ബി.സി.സി.ഐ നിരവധി മത്സരങ്ങള്‍ നിഷേധിച്ചിരുന്നെങ്കിലും ഇപ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഉള്ള മൂന്ന് ഏകദിന മത്സരത്തില്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി ടീമിലേക്ക് തിരിച്ചുവരാനുള്ള വലിയ അവസരമാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്.

Content Highlight: Kerala lost against Railways

We use cookies to give you the best possible experience. Learn more