സഞ്ജുവില്ല, കേരളത്തെ ആഞ്ഞടിച്ച് ബറോഡ; നിനന്ദ് രത്‌വയ്ക്ക് മുന്നില്‍ അസറുദ്ദീന്റെ സെഞ്ച്വറിയും പാഴായി
Sports News
സഞ്ജുവില്ല, കേരളത്തെ ആഞ്ഞടിച്ച് ബറോഡ; നിനന്ദ് രത്‌വയ്ക്ക് മുന്നില്‍ അസറുദ്ദീന്റെ സെഞ്ച്വറിയും പാഴായി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd December 2024, 5:48 pm

വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡക്കെതിരെ കേരളത്തിന് തോല്‍വി. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 62 റണ്‍സിനാണ് ബറോഡ വിജയിച്ചു കയറിയത്. മത്സരത്തില്‍ ടോസ് നേടിയ കേരളം ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 403 റണ്‍സ് നേടാന്‍ ബറോഡക്ക് കഴിഞ്ഞു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 45.5 ഓവറില്‍ 341 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ബറോഡയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് നിനന്ദ് റത്‌വയാണ്.

99 പന്തില്‍ നിന്നും മൂന്ന് സിക്‌സും പത്തൊമ്പത് ഫോറും ഉള്‍പ്പെടെ 136 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. താരത്തിന് പുറമേ ക്രുണാല്‍ പാണ്ഡ്യ 54 പന്തില്‍ നിന്ന് 80 റണ്‍സും പാര്‍ത് കോഹ്‌ലി 72 റണ്‍സ് നേടിയിരുന്നു.

കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് അഞ്ചാമന്‍ മുഹമ്മദ് അസറുദ്ദീന്‍ ആയിരുന്നു. 58 പന്തില്‍ നിന്നും 7 സിക്‌സും 8 ഫോറും ഉള്‍പ്പെടെ 104 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ 65 റണ്‍സും അഹമ്മദ് ഇമ്രാന്‍ 51 റണ്‍സും നേടിയിരുന്നു.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ പരിക്കിനെ തുടര്‍ന്ന് ഇലവനില്‍ ഇടം നേടിയില്ലായിരുന്നു. ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ പ്രതീക്ഷയ്‌ക്കൊത്ത് മുന്നേറാഞ്ഞത് തിരിച്ചടിയായി.

ബറോഡക്ക് വേണ്ടി ആകാശ് സിങ് മൂന്ന് വിക്കറ്റും രാജ് ലിംബാനി, നിനന്ദ് രത്‌വ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റും മഹേഷ് പിത്യ ഒരു വിക്കറ്റ് നേടി. കേരളത്തിനുവേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയത് ഷറഫുദ്ദീന്‍ എന്‍.എം ആയിരുന്നു. ഈഡന്‍ ആപ്പിള്‍ ടോം, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Kerala Loss Against Baroda In Vijay Hazare Trophy