|

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് നാണംകെട്ട തോല്‍വി; രാജസ്ഥാന്‍ സെമി ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാജസ്ഥാനെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് 200 റണ്‍സിന്റെ നാണംകെട്ട തോല്‍വി. ടോസ് നേടിയ കേരളം രാജസ്ഥാനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 21 ഓവറില്‍ വെറും 67 റണ്‍സ് മാത്രം നേടിയാണ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. ഇതോടെ കേരളത്തിന്റെ സെമി ഫൈനല്‍ സ്വപ്നം നഷ്ടമായിരിക്കുകയാണ്.

രാജസ്ഥാന് വേണ്ടി വണ്‍ ഡൗണ്‍ ബാറ്റര്‍ മഹിപാല്‍ ലംറോര്‍ 114 പന്തില്‍ ആറ് സിക്‌സറുകളും ആറ് ബൗണ്ടറികളും ഉള്‍പ്പെടെ 122 റണ്‍സ് നേടി പുറത്താകാതെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ അഭിജീത് തൊമര്‍ (15), റാം ചൗഹാന്‍ (18) എന്നിവര്‍ കാര്യമായി സംഭാവന ചെയ്യാതെയാണ് മടങ്ങിയത്. മുന്‍നിര തകര്‍ച്ച നേരിട്ടതോടെ കുണാല്‍ സിങ് റാത്തോര്‍ 52 പന്തില്‍ രണ്ട് സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടെ 66 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തി. ടീമിലെ അഞ്ചുപേര്‍ക്ക് രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല. ബേസില്‍ തമ്പി ഒരു മെയ്ഡന്‍ ഓവര്‍ അടക്കം 57 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ അഖിന്‍ സത്താര്‍ 62 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു. ഓപ്പണിങ് ഇറങ്ങിയ കൃഷ്ണ പ്രസാദ് ഏഴ് റണ്‍സിനും രോഹന്‍ കുന്നുമ്മല്‍ 11 റണ്‍സിനും കളം വിട്ടപ്പോള്‍ മുഹമ്മദ് അസറുദ്ദീന്‍ മൂന്ന് റണ്ണിനും പുറത്തായി. സച്ചിന്‍ ബേബി മാത്രമാണ് 39 പന്തില്‍ രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയും അടിച്ച് 28 റണ്‍സ് എന്ന ഉയര്‍ന്ന സ്‌കോര്‍ കേരളത്തിന് നല്‍കിയത്.

ഖലീല്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റ് ആയ സച്ചിന്‍ ബേബിക്ക് ശേഷം ഇറങ്ങിയ വിഷ്ണു വിനോദ് പൂജ്യം റണ്‍സിന് റിട്ടയേര്‍ഡ് ഔട്ട് ആയപ്പോള്‍ ശേഷം ഇറങ്ങിയ ശ്രേയസ് ഗോപാല്‍ അഞ്ച് പന്തില്‍ പൂജ്യം റണ്‍സ് നേടി കൂടാരം കയറി. പിന്നീടങ്ങോട്ട് രാജസ്ഥാന്‍ ബൗളിങ് അറ്റാക്ക് തുടര്‍ന്നുകൊണ്ടേയിരുന്നു. അബ്ദുല്‍ ബാസിത് 17 പന്തില്‍ ഒരു റണ്‍സും അഖില്‍ സക്കറിയ ഒരു റണ്‍സും എടുത്തു പുറത്തായി. തുടര്‍ന്ന് വൈശാഖ് ചന്ദ്രന്‍ വീണ്ടും ഒരു ഡക്ക് രാജസ്ഥാന് കൊടുത്തപ്പോള്‍ ബേസില്‍ തമ്പി 5 റണ്‍സിനും പുറത്തായി.

കേരളത്തിന്റെ നാല് പേരാണ് 0 റണ്‍സിന് പുറത്തായത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ സ്‌കോറുകളില്‍ ഒന്നാണ് രാജസ്ഥാനെതിരെ നേടിയത്. രാജസ്ഥാന്റെ മികച്ച ബൗളിങ് പ്രകടനത്തില്‍ തലതാഴ്ത്തുകയായിരുന്നു കേരളം അനികെട് ചൗദരി ഏഴോവറില്‍ ഒരു മെയ്ഡന്‍ അടക്കം 26 റണ്‍സ് വിട്ടുകൊടുത്തു 4 വിക്കറ്റുകളാണ് നേടിയത്. അറഫാത്ത് ഖാന്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റും നേടിയപ്പോള്‍ ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

Content Highlight: kerala lose Against Rajastan  in vijay hazare Trophy