| Friday, 3rd September 2021, 6:13 pm

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഉണ്ടാകില്ല; ക്വാറന്റീന്‍ ലംഘിച്ചാല്‍ കനത്ത പിഴയൊടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന നിലപാടാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയേയും ജീവനോപാധികളേയും ഇത് വലിയതോതില്‍ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈറസിനെതിരെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ട് പോയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

‘കൊവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. പലയിടങ്ങളിലും ക്വാറന്റീന്‍ ലംഘനമടക്കമുള്ള കാര്യങ്ങള്‍ സംഭവിച്ചു. രോഗികളില്‍ ചിലര്‍ ഇറങ്ങിനടക്കുന്ന സാഹചര്യം വരെയുണ്ടായി. അത്തരം സാഹചര്യങ്ങള്‍ രോഗ വ്യാപനം ഉയരാന്‍ ഇടയാക്കി,’ മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ഡുതല സമിതികള്‍, അയല്‍പ്പക്ക നിരീക്ഷണം, സി.എഫ്.എല്‍.ടി.സികള്‍, ഡൊമിസിലറി കേന്ദ്രങ്ങള്‍, ആര്‍.ആര്‍.ടികള്‍ എല്ലാം വീണ്ടും ശക്തിപ്പെടുത്തും. ക്വാറന്റീന്‍ ലംഘകരെ കണ്ടെത്തിയാല്‍ കനത്ത പിഴ, ലംഘകരുടെ ചെലവില്‍ പ്രത്യേക ക്വാറന്റീന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതല്‍ നിയന്ത്രണ വിധേയമാക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അതേസമയം സംസ്ഥാനത്ത് പുതുതായി 29,322 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍, ആര്‍.ടി. എല്‍.എ.എം.പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,20,65,533 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,280 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,874 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തൃശൂര്‍ 3505, എറണാകുളം 3368, കോഴിക്കോട് 3282, കൊല്ലം 2950, മലപ്പുറം 2683, പാലക്കാട് 1708, ആലപ്പുഴ 2055, തിരുവനന്തപുരം 1742, കോട്ടയം 1730, കണ്ണൂര്‍ 1401, പത്തനംതിട്ട 1058, വയനാട് 982, ഇടുക്കി 942, കാസര്‍ഗോഡ് 468 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

പാലക്കാട് 24, കണ്ണൂര്‍ 19, തൃശൂര്‍ 17, വയനാട് 15, പത്തനംതിട്ട 10, എറണാകുളം 8, കൊല്ലം 6, കോഴിക്കോട് 5, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,938 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1619, കൊല്ലം 3109, പത്തനംതിട്ട 442, ആലപ്പുഴ 912, കോട്ടയം 2834, ഇടുക്കി 601, എറണാകുളം 2321, തൃശൂര്‍ 2803, പാലക്കാട് 2758, മലപ്പുറം 1493, കോഴിക്കോട് 1635, വയനാട് 256, കണ്ണൂര്‍ 1707, കാസര്‍ഗോഡ് 448 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,46,437 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,83,186 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,78,704 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,45,246 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,458 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2829 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Lockdown Pinaray Vijayan Covid 19

We use cookies to give you the best possible experience. Learn more