| Monday, 28th September 2020, 7:01 pm

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉദ്ദേശിക്കുന്നില്ല, നിയന്ത്രണം കടുപ്പിക്കും: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സമ്പൂര്‍ണ്ണമായ ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് അടച്ചിടലല്ല, നിയന്ത്രണം കടുപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

‘സാമൂഹിക അകലം പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ക്ക് വലിയ അലംഭാവം വന്നു. രോഗവ്യാപനത്തെ നിസാരമായി കാണരുത്’, മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ചൊവ്വാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, ഡി.ജി.പി, ആരോഗ്യവിദഗ്ധര്‍ തുടങ്ങിയവര്‍ സര്‍വകക്ഷി യോഗത്തില്‍ സംബന്ധിക്കും.

അതേസമയം സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.

ഇന്ന് 4538 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായത്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 20 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നിലവില്‍ 57877 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

ഉറവിടം അറിയാത്ത 249 പേരാണ് ഇന്ന് സംസ്ഥാനത്ത് ഉള്ളത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 67 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 36027 സാമ്പിള്‍ 24 മണിക്കൂറില്‍ പരിശോധിച്ചു. 3847 പേര്‍ രോഗമുക്തി നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Lockdown Covid-19 Pinaray Vijayan

Latest Stories

We use cookies to give you the best possible experience. Learn more