ബാങ്കുകള്‍ ഞായറാഴ്ച്ച വരെ അടച്ചിടും; പെരുന്നാള്‍ പ്രമാണിച്ച് ബുധനാഴ്ച്ച രാത്രി 10 വരെ മാംസവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കാം
Kerala News
ബാങ്കുകള്‍ ഞായറാഴ്ച്ച വരെ അടച്ചിടും; പെരുന്നാള്‍ പ്രമാണിച്ച് ബുധനാഴ്ച്ച രാത്രി 10 വരെ മാംസവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th May 2021, 11:51 pm

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നാളെ മുതല്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനം.

പെരുന്നാള്‍ പ്രമാണിച്ച് നാളെ രാത്രി 10 മണിവരെ മാംസവില്‍പ്പനശാലകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവിടെങ്ങളില്‍ ഹോം ഡെലിവറി മാത്രമെ പാടുള്ളുവെന്നും നിര്‍ദ്ദേശമുണ്ട്.

കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് പള്ളികളിലോ ഈദ് ഗാഹുകളിലോ പെരുന്നാള്‍ നമസ്‌ക്കാരം ഉണ്ടാകില്ല. പകരം വീടുകളില്‍ തന്നെ ചെറിയ പെരുന്നാള്‍ നമസ്‌ക്കാരം നടത്തണമെന്ന് വിവിധ ഖാസിമാര്‍ പറഞ്ഞു.

കേരളത്തില്‍ വ്യാഴാഴ്ചയാണ് ചെറിയ പെരുന്നാള്‍. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്.

കേരളത്തില്‍ ഇന്ന് പുതുതായി 37,290 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്പിളുകളാണ് പരിശോധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Kerala Lockdown Banks will be closed till Sunday