കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ചര്‍ച്ചയായവരുടെ കൂട്ടത്തില്‍ റോബോട്ടുമുണ്ട്. എറണാകുളത്തെ അസിമോവ് റോബോട്ടിക്ക്‌സ് സ്റ്റാര്‍ട്ടപ്പ് കമ്പനി രൂപം നല്‍കിയ സായാബോട്ട് എന്ന റോബോട്ടാണ് വോട്ട് ചെയ്യാനെത്തിയവര്‍ക്ക് കൗതുകമായത്.
കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ സാമൂഹിക അകലവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോബോട്ടിന്റെ നിരീക്ഷണവും ഏര്‍പ്പെടുത്തിയത്.
കൊച്ചിയിലെ തൃക്കാക്കര മുന്‍സിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാളിലെ ബൂത്തിലാണ് റോബോട്ടിനെ കൊവിഡ് മാനദണ്ഡങ്ങള്‍ വോട്ടര്‍മാര്‍ പാലിക്കുന്നുണ്ടോ എന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന് നിയോഗിച്ചത്. വോട്ടു ചെയ്യാനെത്തിയ വോട്ടര്‍മാര്‍ക്കും കൗതുകമായി തെരഞ്ഞെടുപ്പിനിടയിലെ റോബോട്ടിന്റെ സാന്നിധ്യം.
വോട്ടര്‍മാര്‍ മാസ്‌ക് ധരിച്ചിട്ടുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ, ശരീര ഊഷ്മാവ് എത്രയാണ്, കൂട്ടം കൂടി നില്‍ക്കുന്നുണ്ടോ എന്നുള്ളതെല്ലാം റോബോട്ട് പരിശോധിക്കും.
കേരളത്തില്‍ ആദ്യമായാണ് റോബോട്ടിന്റെ സാന്നിധ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുന്നത്. റോബോട്ടിന്റെ സാന്നിധ്യമുള്ള ബൂത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകരും എത്തിയിരുന്നു. മൂന്നു ഘട്ടമായി നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണ് വ്യാഴാഴ്ച നടന്നത്.