| Wednesday, 16th December 2020, 8:13 pm

ലോക്കലില്‍ ചുവന്ന് കേരളം

ജിതിന്‍ ടി പി

കോഴിക്കോട്: കൊവിഡ്, സ്പ്ലിംഗ്ലര്‍, സ്വര്‍ണ്ണക്കടത്ത്, ബിനീഷ് കോടിയേരി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, മാധ്യമപ്രചരണങ്ങള്‍… സമാനതകളില്ലാത്ത പ്രതിസന്ധികളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ 2020 ല്‍ മാത്രം നേരിട്ടത്. ഒരുപക്ഷെ കേരളത്തില്‍ അധികാരത്തിലിരുന്ന ഒരു സര്‍ക്കാരും ഇന്നേവരെ അഭിമുഖീകരിക്കാത്ത വെല്ലുവിളികള്‍.

എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് ഇടതുമുന്നണി ചരിത്രവിജയം കുറിക്കുമ്പോള്‍ അവസാന ചിരി പിണറായി സര്‍ക്കാരിന്റേതാകുകയാണ്. പിണറായി സര്‍ക്കാര്‍ അതിന്റെ കാലാവധി തീര്‍ക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവെക്കുന്നത് മുന്നണിയെ നയിക്കുന്ന സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ തന്ത്രത്തെ കൂടിയാണ്.

സര്‍ക്കാരിനെതിരായ ആക്രമണങ്ങളെ കേരളത്തിനെതിരായ ആക്രമണമെന്ന് പറഞ്ഞ് പിണറായിയും ഇടതുമുന്നണിയും പ്രതിരോധിച്ചപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ അതിനൊപ്പം നിന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം പറഞ്ഞുവെക്കുന്നത്. പ്രതിസന്ധികള്‍ക്കിടയില്‍ കാണിച്ച അസാമാന്യ ഭരണമികവ് തന്നെയാണ് പിണറായി സര്‍ക്കാരിന് ബാക്കിയുള്ള ആറ് മാസക്കാലം ആശ്വാസത്തോടെ ഭരിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ നല്‍കാന്‍ കാരണമെന്ന് വിലയിരുത്താം.

പ്രാദേശിക തലത്തില്‍ രാഷ്ട്രീയത്തിനുപരി വ്യക്തിബന്ധങ്ങളാണ് ഒരുപരിധി വരെ തെരഞ്ഞെടുപ്പ് ജയങ്ങളെ നിര്‍ണയിച്ചതെങ്കില്‍ ഈ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവെക്കുന്നത് കൃത്യമായ രാഷ്ട്രീയമാണ്. യു.ഡി.എഫും ബി.ജെ.പിയും ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങളും മാധ്യമവിചാരണകളും അന്വേഷണ ഏജന്‍സികള്‍ ഓരോ ദിവസവും പുറത്തുവിട്ട മൊഴികളും ഒന്നിച്ചാണ് കേരളസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്.

എന്നാല്‍ സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളും കേരളത്തിന്റെ മതേതരമനസും മുന്നില്‍ നിര്‍ത്തിയായിരുന്നു എല്‍.ഡി.എഫിന്റെ പ്രതിരോധം. ഒരുവേള ചില മാധ്യമങ്ങളെ പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച് ബഹിഷ്‌കരിക്കാനും സൈബര്‍ ഇടങ്ങളില്‍ സജീവമായി ഇടപെടാനും ഇടതുമുന്നണി വിശിഷ്യാ സി.പി.ഐ.എം കാണിച്ച ആര്‍ജവം എടുത്തുപറയേണ്ടതാണ്.

മുമ്പെങ്ങുമില്ലാത്ത വിധം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്കെത്തിക്കാന്‍ ഇടതുമുന്നണിയ്ക്കായി. പ്രകടന പത്രികയിലെ ബഹുഭൂരിപക്ഷം വാഗ്ദാനങ്ങളും നിറവേറ്റിയതിന്റെ പട്ടിക നിരത്തിയാണ് പ്രതിപക്ഷത്തിന് ഇടതുപക്ഷം മറുപടി നല്‍കിയത്.

ഏത് പ്രതിസന്ധിയിലും ജനങ്ങളെ പട്ടിണിക്കിടില്ലെന്ന് പറയാനും അത് നടപ്പാക്കാനുമുള്ള പ്രയത്‌നം, കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി കേരളത്തിലെ പൊതുവിദ്യാലങ്ങളിലുണ്ടായ വികസനം, ലൈഫ്, ആരോഗ്യം, ക്ഷേമപെന്‍ഷന്‍, കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ എന്നിവയില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാനും സര്‍ക്കാരിന് കഴിഞ്ഞു. പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ തിരിച്ചുവരവും സര്‍ക്കാരിന്റെ ആത്മവിശ്വാസത്തിനു ശക്തിയേകി.

കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമ്പോഴും പതറാതെ യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന ജില്ലകളാണ് മലപ്പുറവും കോട്ടയവും. ഇവിടെ കോട്ടയത്ത് മാണി കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ പ്രായോഗികമായി തന്ത്രങ്ങള്‍ മെനഞ്ഞ് ജോസ് കെ.മാണിയെ കൂടെ നിര്‍ത്തിയ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയതന്ത്രവും വിജയം കാണുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് 25 വര്‍ഷത്തിന് ശേഷമാണ് എല്‍.ഡി.എഫ്. പിടിച്ചെടുക്കുന്നത്. ജോസ് കെ. മാണിയ്ക്ക് ചെറുതല്ലാത്ത പങ്കാണ് ഇതിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Local Body Election Results Left Politics Emerging

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more