മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണം; നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങളാണ് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി
Kerala Local Body Election 2020
മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണം; നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങളാണ് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th December 2020, 6:49 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിജയമാണ് ഇക്കുറിയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങളാണ് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു തരത്തിലുള്ള ദുഃസ്വാധീനങ്ങള്‍ക്ക് വഴങ്ങാതിരുന്ന വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങള്‍ ഇപ്പോഴെങ്കിലും അവരുടെ സമീപനത്തില്‍ പുനഃപരിശോധന നടത്തണമെന്നും സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്നും പറഞ്ഞു.

കേരളത്തിലെ സര്‍ക്കാറിനെതിരെ സമാനതകളില്ലാത്ത നുണപ്രചാരണമാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടായതെന്നും ഇത്തരത്തിലുള്ള ദുഷ്പ്രചാരണം ജനഹിതത്തെ അട്ടിമറിക്കാന്‍ പര്യാപ്തമാകുമെന്നാണ് ഇതിന്റെ സ്രഷ്ടാക്കള്‍ വിചാരിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പിന്തുണയാണ് തെരഞ്ഞെടുപ്പ് വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനെ പിന്നോട്ടടിപ്പിക്കാനും തെറ്റായ പ്രചരണം നടത്താനും തയാറായവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ് സഞ്ചരിക്കുന്നത്.

വ്യാജവാര്‍ത്തകളും അപവാദങ്ങളും പ്രചരിപ്പിച്ച് എല്‍.ഡി.എഫിനേയും സര്‍ക്കാരിനേയും തകര്‍ക്കാര്‍ ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്തു. മാധ്യമങ്ങളേയും കൂട്ടുപിടിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനം ശരിയായ രീതിയില്‍ കാര്യങ്ങളെ തിരിച്ചറിയുന്നവരാണ്. അതിനാല്‍ കുപ്രചാരങ്ങളെ തള്ളിക്കളഞ്ഞ് എല്‍.ഡി.ഫിന് വന്‍ പിന്തുണ നല്‍കി. ദുഃസ്വാധീനത്തിന് വഴങ്ങാതെ തീരുമാനം എടുത്ത വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

ചെയ്ത കാര്യങ്ങളെക്കുറിച്ച് വിമര്‍ശനമുണ്ടായാല്‍ അത് പരിശോധിച്ച് തിരുത്തി പോകുന്നതിന് സഹായകമാകും. ചിലര്‍ ഭാവനയിലൂടെ കഥമെനയുന്നു. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമെ എല്‍.ഡി.എഫിനെ ഇകഴ്ത്തിക്കാണിക്കാന്‍ സാധിക്കൂ. ജനം നിലപാട് തീരുമാനിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  kerala local body election results 2020 LIVE :  CM Pinarayi vijayan press meet  media must be prepared for self-criticism