തദ്ദേശ സ്വയം ഭരണ വകുപ്പുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സാധ്യതകള്‍ മുന്നിലുണ്ടായിട്ടും നേട്ടം ഉണ്ടാക്കാന്‍ കഴിയാതെ ബി.ജെ.പി. സംസ്ഥാനത്തെ 3000 തദ്ദേശ സ്വയം ഭരണ സീറ്റുകളില്‍ വിജയിക്കാനുള്ള പദ്ധതിയുമായി ഇറങ്ങിയ ബി.ജെ.പിക്ക് 2015 നെക്കാള്‍ മുന്നൂറോളം സീറ്റുകള്‍ മാത്രമാണ് അധികം പിടിക്കാനായത്.
ആര്‍.എസ്.എസ് നേരിട്ട് ഇടപ്പെട്ടിട്ടും ബി.ജെ.പിക്കേറ്റ തിരിച്ചടി കനത്ത ആഘാതമാണ് നേതൃത്വത്തിന് ഉണ്ടാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വരെ ആര്‍.എസ്.എസ് നേതൃത്വം ഇടപ്പെട്ടിരുന്നു. സംസ്ഥാന നേതാക്കള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കണമെന്ന് നിര്‍ദ്ദേശം കര്‍ശനമായി മുന്നോട്ട് വെച്ചത് ആര്‍.എസ്.എസ് ആയിരുന്നു.
ഇതിന്റെ ഭാഗമായിട്ടായിരുന്നു ബി.ജെ.പി നേതാക്കളായ എസ്.സുരേഷ്, ബി ഗോപാലകൃഷ്ണന്‍, വി.വി രാജേഷ് തുടങ്ങിയ പ്രമുഖ നേതാക്കളടക്കം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
എന്നാല്‍ വി.വി രാജേഷിന് മാത്രമാണ് വിജയം നേടാനായത്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളിലാണ് ബി ഗോപാലകൃഷ്ണനും എസ് സുരേഷും പരാജയപ്പെട്ടത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ബി.ജെ.പി മത്സരിക്കാനിറങ്ങിയത്.
പ്രധാനമന്ത്രി കേരളത്തില്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് ബി.ജെ.പി മേയര്‍ ഉണ്ടാകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമായും പറഞ്ഞിരുന്നത്. ഇതിന് പുറമെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന്റെ സഹോദരന്‍ പോലും പരാജയപ്പെട്ടു.
ഇതിന് പുറമെ ആര്‍.എസ്.എസിന്റെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പിയിലെ സാധാരണ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. പലയിടങ്ങളിലും ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളെ മത്സരത്തിന് ഇറക്കുകയും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നല്‍കാതിരുന്നതുമാണ് പ്രതിഷേധത്തിന് കാരണം.
രക്ഷിക്കാനെത്താത്ത അയ്യപ്പനും പിണങ്ങി മാറിയ ശോഭയും
ശബരിമല യുവതി പ്രവേശനം തന്നെയായിരുന്നു രണ്ട് വര്‍ഷത്തിന് ശേഷവും ബി.ജെ.പിയുടെ പ്രചാരണ വിഷയം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാരണമായിരുന്നെന്നായിരുന്നു ബി.ജെ.പിയുടെ പ്രചരണം. എന്നാല്‍ ഇതിനിടയ്ക്ക് അബദ്ധത്തിലോ ബോധപൂര്‍വ്വമോ താര പ്രചാരകനായ സുരേഷ് ഗോപിയുടെ ശബരിമലയിലെ യുവതി പ്രവേശനത്തെ കുറിച്ചുള്ള പരാമര്‍ശം പാര്‍ട്ടിക്ക് തിരിച്ചടിയും എല്‍.ഡി.എഫിന് വീണ് കിട്ടിയ പ്രചാരണ ആയുധവുമായിരുന്നു.
ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി അനുസരിച്ചേ പറ്റുകയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതാണ് ചെയ്തതെന്നുമായിരുന്നു ബി.ജെ.പി രാജ്യസഭ എം.പിയും നടനുമായ സുരേഷ് ഗോപി പറഞ്ഞത്.
തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രചാരണ ആയുധമാക്കാന്‍ നിരവധി വിഷയങ്ങള്‍ ഉണ്ടായിരുന്നിട്ടും നേട്ടമുണ്ടാക്കാന്‍ കഴിയാത്തത് സംസ്ഥാന നേതൃത്വത്തിന്റെ പരാജയമായിട്ടായിരിക്കും ബി.ജെ.പിയിലെ വിമതര്‍ അവതരിപ്പിക്കുക. അതേസമയം പരാജയത്തിന്റെ കാരണം വിമതരുടെ മേല്‍ ആണ് ഔദ്യോഗിക പക്ഷം ആരോപിക്കുക.
തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ശോഭാ സുരേന്ദ്രനെ പോലെയുള്ള നേതാക്കള്‍ പരസ്യമായി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. കെ. സുരേന്ദ്രനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ആര്‍.എസ്.എസിനും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരാതി നല്‍കിയിരുന്നു.
പാര്‍ട്ടിയില്‍ എല്ലാവരും സജീവമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുമെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സുരേന്ദ്രന്‍ വിളിച്ച് ചേര്‍ത്ത ഭാരവാഹി യോഗത്തില്‍ പോലും ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തില്ല.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ വിളിച്ച് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ചര്‍ച്ച ചെയ്തിരുന്നു. എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുമായിരുന്നു കേന്ദ്രനേതൃത്വം സുരേന്ദ്രനോട് ആവശ്യപ്പെട്ടത്.
സ്ഥിതിഗതികള്‍ അനുകൂലമായിട്ടായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃതം വിലയിരുത്തിയത്. സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ആരോപണങ്ങളും ബി.ജെ.പിക്ക് വോട്ട് ആയി മാറുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഫല പ്രഖ്യാപനം വരുമ്പോള്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെല്ലാം തന്നെ അസ്ഥാനത്ത് ആവുകയായിരുന്നു.
ഇനിയെന്ത്
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള ദിനങ്ങള്‍ നിര്‍ണായകമാണ്. ബി.ജെ.പിയിലെ തര്‍ക്കങ്ങള്‍ വഷളാകാന്‍ കാരണം സുരേന്ദ്രനാണെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തിയിരുന്നത്. നേരത്തെ കെ.സുരേന്ദ്രനെ വിളിച്ച് വരുത്തി ആര്‍.എസ്.എസ് താക്കീത് നല്‍കിയിരുന്നു.
വിഷയം ഇത്രയും വലുതാവുന്നതുവരെ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തിയും ആര്‍.എസ്.എസ് സുരേന്ദ്രനെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷനെന്ന പേര് വിളിച്ചുവരുത്തരുതെന്നും സുരേന്ദ്രന് ആര്‍.എസ്.എസ് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന അധ്യക്ഷസ്ഥാനം ഇല്ലാതായാല്‍ രാഷ്ട്രീയ വിസ്മൃതിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകുമെന്നും ആര്‍.എസ്.എസ് ഓര്‍മ്മിപ്പിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: kerala local body election results 2020 : Kerala BJP dim victory, RSS intervention was also unsuccessful.