ബേഡഡുക്ക: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ പോസ്റ്ററുകളിലൊന്നായിരുന്നു ബേഡഡുക്ക പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടേത്. കൈകൂപ്പിയോ മുഷ്ടി ചുരുട്ടിയോ വോട്ടഭ്യര്‍ത്ഥിക്കുന്ന സ്ഥാനാര്‍ത്ഥി പോസ്റ്ററുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ബേഡഡുക്കയിലെ ഇടതു പോസ്റ്ററുകള്‍. തികച്ചും പരിചിതമായ ദൈംദിന ജീവിത പരിസരങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
ഈ പോസ്റ്ററുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ഹിറ്റായിരുന്നു. വ്യത്യസ്തമായ പോസ്റ്റര്‍ പ്രചരണതന്ത്രം വിജയിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 17 വാര്‍ഡുകളുള്ള ബേഡഡുക്കയിലെ മുഴുവന്‍ സീറ്റുകളും എല്‍.ഡി.എഫ് നേടിയിരിക്കുകയാണ്.
ചെറുപ്പക്കാരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിക്കൊണ്ട് വോട്ട് തേടാനിറങ്ങിയ ഇടതുപക്ഷം പ്രചാരണത്തിലും ന്യൂജെന്‍ രീതികള്‍ പിന്തുടരുകയായിരുന്നു. ഫോട്ടോ സ്റ്റോറികള്‍ പോലെ കഥ പറയുന്ന പോസ്റ്ററുകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഈ കണക്കുകൂട്ടലിപ്പോള്‍ വിജയിച്ചിരിക്കുകയാണ്.
ചായക്കടയും വഴിയില്‍ വെച്ചു കണ്ടുമുട്ടുന്ന അമ്മൂമ്മയും സ്‌റ്റൈലന്‍ ബൈക്കിലെത്തുന്ന യൂത്തന്മാരോട് സംസാരിക്കുന്നതും തോണിയില്‍ പുഴ കടക്കുന്നതും തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാനാര്‍ത്ഥിയുമൊക്കെയാണ് പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
സിനിമാപോസ്റ്ററുകളെ വെല്ലുന്ന ഒരു പോസ്റ്ററും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൃഥ്വിരാജ് ചിത്രമായ കടുവയുടെ പോസ്റ്ററിന് സമാനമായാണ് ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ചെമ്പക്കാട് നാരായണന്റെ പോസ്റ്റര്‍ ഒരുക്കിയിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ വ്യക്തമായ ലീഡാണ് എല്‍.ഡി.എഫിന് ഉള്ളത്. 476 പഞ്ചായത്തുകളിലാണ് നേട്ടം. 381 പഞ്ചായത്തുകളില്‍ യു.ഡി.എഫും മുന്നേറുന്നുണ്ട്. 24 ഇടത്ത് ബി.ജെ.പിയും മുന്‍തൂക്കം നിലനിര്‍ത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക