പാലക്കാട്: എല്‍.ഡി.എഫിനും യു.ഡി.എഫിനും അഭിമാന പോരാട്ടമാണ് പാലക്കാട് നഗരസഭ. കഴിഞ്ഞതവണ ബി.ജെ.പി വിജയിച്ച സംസ്ഥാനത്തെ ഏക നഗരസഭയാണ് പാലക്കാട്.
യു.ഡി.എഫില്‍ നിന്നാണ് പാലക്കാട് നഗരസഭ എന്‍.ഡി.എയിലേക്ക് എത്തുന്നത്. ഇത്തവണ ഭരണം തിരിച്ചുപിടിക്കുമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷയ്ക്കും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന എല്‍.ഡി.എഫിന്റെ പ്രതീക്ഷയ്ക്കും മങ്ങലേല്‍പ്പിക്കുന്ന ഫലമാണ് ആദ്യഘട്ടത്തില്‍ പാലക്കാട് നഗരസഭയില്‍ നിന്ന് പുറത്തുവരുന്നത്.
പാലക്കാട് ബി.ജെ.പി ഒമ്പത് സീറ്റുകളില്‍ മുന്നേറുന്നുണ്ട്. എല്‍.ഡി.എഫിനും യു.ഡി.എഫിനും മൂന്ന് സീറ്റുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. വലിയ തിരിച്ചടിയാണ് തിരുവനന്തപുരത്ത് നിലവിവലെ ഫല സൂചന പ്രകാരം യു.ഡി.എഫ് നേരിടുന്നത്.
കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു. ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റത്. പത്മകുമാരിയാണ് ഇവിടെ ജയിച്ചത്.
കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ്. 74899 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കുറവ് വയനാട് ജില്ലയിലാണ്.
941 ഗ്രാമപഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും 86 മുനിസിപ്പാലിറ്റികളുടെയും 6 കോര്‍പ്പറേഷനുകളുടെയും വിധിയറിയാനാണ് കേരളം കാത്തിരിക്കുന്നത്.