തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ട് ചെയ്ത മന്ത്രി എ.സി മൊയ്തീനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര.
മന്ത്രി പോളിങ്ങ് ബുത്തില്‍ നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തിയെന്ന് കാണിച്ചാണ് അനില്‍ അക്കര എം.എല്‍.എ എ.സി മൊയ്തീനെതിരെ രംഗത്ത് വന്നത്.
6.55ന് തെക്കൂംകര കല്ലമ്പാറ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
”ജനാധിപത്യ രീതി അനുസരിച്ച് വോട്ട് ചെയ്യേണ്ടത് രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ്. സ്വന്തം നാട്ടില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്ത് വകുപ്പ് മന്ത്രിയുടേതാണ്. ഞങ്ങളൊന്നും ഇങ്ങനെ അല്ലല്ലോ ചെയ്യാറ്”
അനില്‍ അക്കര പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പോളിങ്ങ് ഏജന്റ് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് എന്തുകൊണ്ട് പോളിങ്ങ് ഏജന്റ് എതിര്‍പ്പ് അറിയിച്ചില്ല എന്ന ചോദ്യത്തിന് അനില്‍ അക്കര കൃത്യമായി മറുപടി നല്‍കിയില്ല.
മന്ത്രിയെപ്പോലൊരാള്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ബൂത്തിലിരിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ ഭയക്കും അതുകൊണ്ടായിരിക്കാം അവര്‍ ആ സമയത്ത് എതിര്‍പ്പ് അറിയിക്കാത്തതെന്നാണ് ചോദ്യത്തിനുള്ള അനില്‍ അക്കരയുടെ മറുപടി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത് മന്ത്രി എ.സി മൊയ്തീനാണ്. ക്യൂവില്‍ നിന്നാണ് എ.സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയത്. 6.40 മുതല്‍ ക്യൂവിലുണ്ടായിരുന്ന മന്ത്രിയെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം വോട്ട് ചെയ്യാന്‍ വിളിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ പ്രകാരം 6.56നാണ് മന്ത്രി വോട്ട് ചെയ്തത്. ഇതിന് പിന്നാലെ ക്യൂവിലുണ്ടായിരുന്ന ബാക്കിയുള്ളവരും വോട്ട് രേഖപ്പെടുത്തിയിരുന്നു.