തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളിലായി രാവിലെ 8ന് ആരംഭിക്കും. ഉച്ചയോടെ മുഴുവന്‍ ഫലവും ലഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തപാല്‍ വോട്ടുകളാണ് ആദ്യഘട്ടത്തില്‍ എണ്ണിത്തുടങ്ങുക. ഇത്തവണ കൊവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ടുകള്‍ അനുവദിച്ചിരുന്നു. ഒന്നാം വാര്‍ഡ് മുതലുള്ള ക്രമത്തിലായിരിക്കും വോട്ടെണ്ണല്‍.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് കേന്ദ്രങ്ങളിലാണ് നടക്കുക. ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണാനും പ്രത്യേക സജ്ജീകരണങ്ങള്‍ കേന്ദ്രീകരിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക.
ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു മേശയിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.
റിട്ടേണിംഗ് ഓഫീസര്‍ക്കായി പ്രത്യേകം ടേബിള്‍ ക്രമീകരിച്ചിരിക്കും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് റിട്ടേണിങ് ഓഫീസറുടെ ടേബിളില്‍ ആയിരിക്കും. ഇവ എണ്ണി തീര്‍ന്നശേഷം ഇ.വി.എം കണ്‍ട്രോള്‍ യൂണിറ്റുകള്‍ കൗണ്ടിംഗ് ടേബിളില്‍ എത്തിക്കും. ബാലറ്റ് യൂണിറ്റുകള്‍ കൗണ്ടിംഗ് ടേബിളില്‍ കൊണ്ടുവരില്ല.
കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ്. 74899 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കുറവ് വയനാട് ജില്ലയിലാണ്.
941 ഗ്രാമപഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും 86 മുനിസിപ്പാലിറ്റികളുടെയും 6 കോര്‍പ്പറേഷനുകളുടെയും വിധിയറിയാനാണ് കേരളം കാത്തിരിക്കുന്നത്.