| Friday, 28th June 2019, 11:59 am

ശബരിമല സമരം നടന്ന റാന്നിയിലെ വാര്‍ഡില്‍ ബി.ജെ.പിക്ക് ലഭിച്ചത് ഒമ്പത് വോട്ട്; യു.ഡി.എഫില്‍ നിന്നും വാര്‍ഡ് പിടിച്ചെടുത്ത് എല്‍.ഡി.ഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാന്നി: ശബരിമല യുവതീ പ്രവേശനത്തിനെതിര സമരം നടന്ന റാന്നിയില്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത് ഒമ്പത് വോട്ട്. കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ച റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ നെല്ലിക്കമണ്ണിലാണ് ബി.ജെ.പിക്ക് ഒമ്പതുവോട്ടുകള്‍ മാത്രം ലഭിച്ചത്.

വാര്‍ഡ് യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു. ഇടത് സ്വതന്ത്രന്‍ മാത്യൂസ് എബ്രഹാം 38 വോട്ടിനാണ് ഇവിടെ ജയിച്ചത്.

കോണ്‍ഗ്രസംഗവും പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ബാബു പുല്ലാട് അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അനി വലിയകാലായിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ടി.കെ രാധാകൃഷ്ണനുമാണ് മത്സരിച്ചത്.

കോണ്‍ഗ്രസിലെ ധാരണ പ്രകാരം ബാബു പുല്ലാട് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഡി.സി.സി നിര്‍ദേശ പ്രകാരം അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ഇങ്ങനെയൊരു ധാരണയില്ലെന്ന് പറഞ്ഞ് സ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരുന്ന ബാബു പുല്ലാട് അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ച ദിവസം പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് നെല്ലിക്കമണ്ണില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. തിരുവന്തപുരം, മലപ്പുറം, വയനാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.

തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴയില രണ്ട് നഗരസഭാ വാര്‍ഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ഓരോ വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പു നടന്നത്. 130 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

തെരഞ്ഞെടുപ്പ് നടന്ന 44 വാര്‍ഡുകളില്‍ 23 എണ്ണം എല്‍.ഡി.എഫിന്റെയും 14 എണ്ണം യു.ഡി.എഫിന്റെയും നാലെണ്ണം ബി.ജെ.പിയുടെയും സിറ്റിങ് സീറ്റുകളാണ്.

Latest Stories

We use cookies to give you the best possible experience. Learn more