ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്നും ഒന്ന് പോയപ്പോള്‍ യു.ഡി.എഫ് അധികം നേടിയത് മൂന്ന് വാര്‍ഡുകള്‍
By Election
ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്നും ഒന്ന് പോയപ്പോള്‍ യു.ഡി.എഫ് അധികം നേടിയത് മൂന്ന് വാര്‍ഡുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 2:33 pm

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. വോട്ടെടുപ്പ് നടന്ന 44 വാര്‍ഡുകളില്‍ 22 ഇടത്ത് എല്‍.ഡി.എഫും 17 ഇടത്ത് യു.ഡി.എഫും അഞ്ചിടത്ത് ബി.ജെ.പിയുമാണ് ജയിച്ചത്.

നേരത്തെ 23 ഇടത്ത് എല്‍.ഡി.എഫും 14 ഇടത്ത് യു.ഡി.എഫും നാലിടത്ത് ബി.ജെ.പിയും മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും എന്ന നിലയിലായിരുന്നു. എല്‍.ഡി.എഫിന് ഒരു വാര്‍ഡ് നഷ്ടമായപ്പോള്‍ യു.ഡി.എഫ് മൂന്നിടത്ത് കൂടി വിജയം നേടി.

കഴിഞ്ഞതവണ യു.ഡി.എഫ് ജയിച്ച എട്ടുവാര്‍ഡുകള്‍ ഇത്തവണ എല്‍.ഡി.എഫ് പിടിച്ചെടുത്തു. നേരത്തെ വിമതന്‍ ജയിച്ച വാര്‍ഡും ഇക്കുറി എല്‍.ഡി.എഫിന് തിരിച്ചുപിടിക്കാനായി എന്നത് നേട്ടമാണ്.

കഴിഞ്ഞതവണ എല്‍.ഡി.എഫ് ജയിച്ച പത്ത് വാര്‍ഡുകളില്‍ ഇക്കുറി യു.ഡി.എഫിനും ജയിക്കാനായി. ലീഗ് വിമതന്‍ ജയിച്ച വാര്‍ഡും ഇത്തവണ യു.ഡി.എഫ് ജയിച്ചു. ബി.ജെ.പിക്ക് ലഭിച്ച അധികം സീറ്റ് യു.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തതാണ്.

തിരുവന്തപുരം, മലപ്പുറം, വയനാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.

തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴയില രണ്ട് നഗരസഭാ വാര്‍ഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ഓരോ വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പു നടന്നത്. 130 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

തെരഞ്ഞെടുപ്പ് നടന്ന 44 വാര്‍ഡുകളില്‍ 23 എണ്ണം എല്‍.ഡി.എഫിന്റെയും 14 എണ്ണം യു.ഡി.എഫിന്റെയും നാലെണ്ണം ബി.ജെ.പിയുടെയും സിറ്റിങ് സീറ്റുകളാണ്.