ആലപ്പുഴയിലും അഞ്ചലിലും റാന്നിയിലും യു.ഡി.എഫ് വാര്‍ഡുകള്‍ പിടിച്ചെടുത്ത് എല്‍.ഡി.എഫ്
Kerala
ആലപ്പുഴയിലും അഞ്ചലിലും റാന്നിയിലും യു.ഡി.എഫ് വാര്‍ഡുകള്‍ പിടിച്ചെടുത്ത് എല്‍.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 11:26 am

കൊച്ചി: സംസ്ഥാനത്തെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആലപ്പുഴയിലും അഞ്ചലിലും റാന്നിയിലും യു.ഡി.എഫ് വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു.

ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എസ് സുനീഷ് വിജയിച്ചു. സി.പി.ഐ.എം അംഗം പി.കെ രവീന്ദ്രന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.

പി.കെ രവീന്ദ്രന്റെ മകനായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിഷ്ണു രവീന്ദ്രന്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഐ.കെ ശശിയും മത്സരിച്ചു. കഴിഞ്ഞ തവണ 2 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രം വിജയിച്ച എല്‍.ഡി.എഫ് ഇത്തവണ 147 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
എല്‍.ഡി.എഫ്-273 , യു.ഡി.എഫ്-126 , ബി.ജെ.പി-15 എന്നിങ്ങനെയാണ് വോട്ടിങ് നില.

ഇതോടെ എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. 13 അംഗ പഞ്ചായത്തില്‍ 6 – 6 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. ഈ ഉപതെരഞ്ഞെടുപ്പു ഫലത്തോടെ എല്‍.ഡി.എഫിന് പഞ്ചായത്തില്‍ ഭൂരിപക്ഷമായി.

ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പഞ്ചായത്ത് മുത്തുപറമ്പ് വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. കെ.പി.സി.സി അംഗം അബ്ദുള്‍ഗഫൂര്‍ ഹാജി 11 വോട്ടിന് ജയിച്ച വാര്‍ഡായിരുന്നു ഇത്. അദ്ദേഹം മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ്. സി.പി.ഐയിലെ കെ എസ്.ഷിയാദ് ആണ് വിജയിച്ചത്. 76 വോട്ടാണ് ഭൂരിപക്ഷം. എം കമാല്‍ (യു.ഡി.എഫ്), ബി ആര്‍ ബൈജു (ബി.ജെ.പി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.

റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാത്യു ഏബ്രഹാം പടിഞ്ഞാറെ മണ്ണില്‍ 38 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബി.ജെ.പിക്ക് 9 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

കായംകുളം നഗരസഭ വെയര്‍ ഹൗസ് വാര്‍ഡില്‍ എല്‍.ഡി.എഫിലെ എ.ഷിജി (സി.പി.ഐ) ജയിച്ചു. എന്‍.സി.പി റിബലായി വിജയിച്ച് എല്‍.ഡി.എഫിനൊപ്പം നിന്ന സുള്‍ഫിക്കല്‍ മയൂരി അഗ്രോ ഇന്‍ഡസ്ട്രീസ്‌ചെയര്‍മാനായതിനാല്‍ അയോഗ്യനാക്കപ്പെട്ടു. തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. അനീസ് കലാം (മുസ്‌ലീം ലീഗ്), പ്രദീപ് (ബി.ജെ.പി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.

അങ്ങാടി പഞ്ചായത്ത് നെല്ലിക്കാണ്‍ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യൂസ് എബ്രഹാം പടിഞ്ഞാറേ മണ്ണില്‍ വിജയിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അനി വലിയകാലായും ചേര്‍ത്തല രാധാകൃഷ്ണന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായും മത്സരിച്ചു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബാബു പുല്ലാട്ട് 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മെമ്പര്‍ സ്ഥാനം രാജിവെച്ചു.

കൊല്ലം ജില്ലയില്‍ 4 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥലത്ത് എല്‍.ഡി.എഫ് വിജയിച്ചു. അഞ്ചല്‍ പഞ്ചായത്ത് മാര്‍ക്കറ്റ് വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു.46 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിലെ നസീമ ബീവി വിജയിച്ചു.

ഇട്ടിവ പഞ്ചായത്തിലെ നെടുംപുറത്ത് എല്‍.ഡി.എഫിലെ ബി. ബൈജു 480 വോട്ടിന്റെ ഭൂരിപക്ഷത്തിലും കടയ്ക്കല്‍ പഞ്ചായത്തിലെ തുമ്പോട്ട് എല്‍.ഡി.എഫിലെ ജെ.എം മര്‍ഫി 287 വോട്ട് ഭൂരിപക്ഷത്തിനും വിജയിച്ചു.

കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സിന്ധു പ്രസാദ് 137 വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ചു. നിലവില്‍ ഇത് എല്‍.ഡി.എഫ് വാര്‍ഡായിരുന്നു. നെടുപുറം, തുമ്പോട് വാര്‍ഡുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തുകയായിരുന്നു.

ഇടുക്കി ഉപ്പുതറ കാപ്പി പതാല്‍ വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. 268 വോട്ട് നേടി പി.നിക്‌സണ്‍ വിജയിച്ചു. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ബിജു പോളിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞടുപ്പ്.

അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 18-ാം വാര്‍ഡ് കളപ്പാറ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി ഷഹര്‍ബാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുബൈദയെ 106 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫിന്റെ സിറ്റിംഗ് വാര്‍ഡായിരുന്നു കളപ്പാറ.

പാലാ കരൂര്‍ പഞ്ചായത്ത് വലവൂര്‍ ഈസ്റ്റ് രണ്ടാം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. എല്‍.ഡി.എഫ് സ്വതന്ത്രന്‍ രാജേഷ് 394 വോട്ടിന് വിജയിച്ചു. ഭുരിപക്ഷം 33. പോള്‍ ചെയ്ത 890 വോട്ടില്‍ യു.ഡി.എഫിലെ രശ്മി തങ്കപ്പന് 361 ഉം ബി.ജെ.പിയുടെ വി കെ അജിക്ക് 135 വോട്ടും ലഭിച്ചു. എല്‍.ഡി.എഫ് പ്രതിനിധി കെ എസ് ജയ കുമാര്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

തൊടുപുഴ നഗരസഭ 23 ആം വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി മായാ ദിനുവിന്റെ ജയം. മായാ ദിനുവിന് 574 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി നാഗേശ്വരി അമ്മാള്‍ (ശ്രീക്കുട്ടി അഭിലാഷ് ) 145 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജി രാജന് 134 വോട്ടും ലഭിച്ചു. 35 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് – 14, എല്‍.ഡി.എഫ്- 13, ബി.ജെ.പി-8 എന്നിങ്ങനെയാണ് ഇപ്പോള്‍ കക്ഷിനില.

ചേര്‍ത്തല നഗരസഭ ടി.ഡി അമ്പലം വാര്‍ഡ് യു.ഡി.എഫില്‍നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. സുരേഷ്‌കുമാര്‍ (ബി.ജെ.പി)ആണ് വിജയി. യു.ഡി.എഫ് 50 വോട്ടിനു ജയിച്ച വാര്‍ഡായിരുന്നു. ജയിച്ച ജെ.രാധാകൃഷ്ണ നായിക് മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. ഡി പ്രദീപ്കുമാര്‍ (എല്‍.ഡി.എഫ് സ്വതന്ത്രന്‍), മുരളീധര ഷേണായ് (യു.ഡി.എഫ്) എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.

മലപ്പുറം, ആനക്കയം പഞ്ചായത്ത് പത്താം വാര്‍ഡ് നരിയാട്ടുപ്പാറ യു.ഡി.എഫ് നിലനിര്‍ത്തി. മുസ്‌ലിം ലീഗിലെ വിപി ഹനീഫ 631 വോട്ടിന് വിജയിച്ചു. നേടിയ വോട്ട് 850. എല്‍ഡിഎഫ് സ്വതന്ത്രന്‍ പുഴക്കല്‍ ഇസ്മായില്‍ 219 വോട്ട് നേടി. കഴിഞ്ഞ തവണ യു.ഡി.എഫ് 705 വോട്ടിനായിരുന്നു ജയിച്ചിരുന്നത്.

എറണാകുളം മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് നെല്ലാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സീബ വര്‍ഗീസ് 627വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു.