കല്ലറ: സംസ്ഥാനത്തെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. പുറത്തുവന്ന ഫലപ്രകാരം കല്ലറ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. കല്ലറ പഞ്ചായത്തിലെ വെള്ളം കുടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതോടെയാണ് പഞ്ചായത്ത് ഭരണം യു.ഡി.എഫിനു ലഭിച്ചത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി. ശിവദാസ് 143 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്. ലതയെയാണ് പരാജയപ്പടുത്തിയത്.
വെള്ളംകുടി വാര്‍ഡിലെ മെമ്പറായിരുന്ന സജുവിന് കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതോടെയാണ് പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
17 വാര്‍ഡുകളാണ് കല്ലറ പഞ്ചായത്തിലുള്ളത്. ഇതില്‍ 9 എണ്ണം എല്‍.ഡി.എഫും എട്ടെണ്ണം യു.ഡി.എഫും നേടിയിരുന്നു. എന്നാല്‍ സജുവിന്റെ രാജിയോടെ രണ്ട് മുന്നണികള്‍ക്കും എട്ടു സീറ്റുകള്‍ എന്ന നിലയിലായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയത്തോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമാകുകയും ചെയ്തു.
13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. തിരുവന്തപുരം, മലപ്പുറം, വയനാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.
തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴയില രണ്ട് നഗരസഭാ വാര്‍ഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ഓരോ വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പു നടന്നത്. 130 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.
തെരഞ്ഞെടുപ്പ് നടന്ന 44 വാര്‍ഡുകളില്‍ 23 എണ്ണം എല്‍.ഡി.എഫിന്റെയും 14 എണ്ണം യു.ഡി.എഫിന്റെയും നാലെണ്ണം ബി.ജെ.പിയുടെയും സിറ്റിങ് സീറ്റുകളാണ്.