ഉപതെരഞ്ഞെടുപ്പ്: ഫലം നിര്‍ണായകമായത് ആറ് പഞ്ചായത്തില്‍; മൂന്നെണ്ണം എല്‍.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ ഒന്ന് പിടിച്ചെടുത്ത് യു.ഡി.എഫ്
തിരുവനന്തപുരം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പു ഫലം നിര്‍ണായകമായ ആറ് പഞ്ചായത്തുകളില്‍ മൂന്നെണ്ണം നിലനിര്‍ത്തി എല്‍.ഡി.എഫ്. കല്ലറ പഞ്ചായത്ത് ഭരണമാണ് എല്‍.ഡി.എഫിന് നഷ്ടമായത്. കയ്യിലുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളും നിലനിര്‍ത്തിയതിനൊപ്പം കല്ലറയില്‍ നേട്ടമുണ്ടാക്കാനും യു.ഡി.എഫിനു കഴിഞ്ഞു.
തിരുവനന്തപുരത്തെ കല്ലറ പഞ്ചായത്ത് , ഇടുക്കിയിലെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് , തൊടുപുഴ നഗരസഭ, മാങ്കുളം പഞ്ചായത്ത്, മലപ്പുറത്തെ മംഗലം പഞ്ചായത്ത്, വയനാട് മുട്ടില്‍ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു ഫലം നിര്‍ണായകമായത്.
കല്ലറ പഞ്ചായത്ത് വെള്ളംകുടി വാര്‍ഡില്‍ എല്‍.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതോടെയാണ് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായത്. കോണ്‍ഗ്രസിന്റെ ശിവദാസന്‍ 143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യു.ഡി.എഫ് 9 എല്‍.ഡി.എഫ് 8 എന്ന നിലയിലാണ് കഷിനില.
മാങ്കുളം പഞ്ചായത്ത് എല്‍.ഡി.എഫ് നിലനിര്‍ത്തി. മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. സിപിഐ എം അംഗം പി.കെ രവീന്ദ്രന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വന്നത്. പി.കെ രവീന്ദ്രന്റെ മകനായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിഷ്ണു രവീന്ദ്രന്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഐ.കെ ശശിയും മത്സരിച്ചു. കഴിഞ്ഞ തവണ 2 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ എല്‍.ഡി.എഫ് ജയിച്ചത്. ഇക്കുറി 147 വോട്ടാണ് ഭൂരിപക്ഷം. എല്‍.ഡി.എഫ്-273 യു.ഡി.എഫ്-126 ബി.ജെ.പി-15 എന്നിങ്ങനെയാണ് വോട്ടിങ് നില.
തിരൂര്‍ മംഗലം പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിര്‍ത്തി. കൂട്ടായി ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സി.എം.ടി സീതി 106 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച. ആകെ പോള്‍ ചെയ്ത 1086 വോട്ടില്‍ സി.എം.ടി സീതി 596 വോട്ടും എല്‍.ഡി.എഫിലെ നാസര്‍ കല്ലിങ്ങലകത്ത് 490 വോട്ടും നേടി.
വയനാട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുട്ടില്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ (മാണ്ടാട് ) എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുള്ള പുല്‍പ്പാടി ( സി.പി.ഐ.എം ) വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച എ.എം നജീം തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡാണിത്. ആദ്യം എല്‍.ഡി.എഫുമായി ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കുപ്പെട്ട നജീം പിന്നീട് യു.ഡി.എഫിനൊപ്പമായി. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് ഉറപ്പാക്കി.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചു. ഇതോടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണവും എല്‍.ഡി.എഫ് നിലനിര്‍ത്തി.
തൊടുപുഴ നഗരസഭ 23 ആം വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി മായാ ദിനുവിന്റെ ജയം. മായാ ദിനുവിന് 574 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി നാഗേശ്വരി അമ്മാള്‍ (ശ്രീക്കുട്ടി അഭിലാഷ് ) 145 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജി രാജന് 134 വോട്ടും ലഭിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിര്‍ത്തി. 35 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് – 14, എല്‍.ഡി.എഫ്- 13, ബി.ജെ.പി-8 എന്നിങ്ങനെയാണ് ഇപ്പോള്‍ കക്ഷിനില.