| Thursday, 14th May 2020, 11:13 am

കേരളത്തിലെ എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കും; തിയതി പിന്നീടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ മദ്യശാലകള്‍ തുറക്കുമെന്നും എന്നാല്‍ തിയതി തീരുമാനിച്ചിട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.

എല്ലാ മദ്യവില്‍പ്പന ശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനമെന്നും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.

ബെവ്‌കോയിലെ അതേ വിലയ്ക്ക് ബാറില്‍ നിന്ന് മദ്യം ലഭിക്കും. ബാറില്‍ പാഴ്‌സലിന് പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കും. പാഴ്‌സല്‍ താത്ക്കാലിക സംവിധാനമാണെന്നും കള്ള് ക്ഷാമം വൈകാതെ തന്നെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലാണ് മദ്യത്തിന് വിലകൂട്ടാന്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധത്തിനായാണ് പ്രത്യേക സെസ് ഏര്‍പ്പെടുത്തിയത്.

ബാറുകളില്‍ നിന്ന് മദ്യം പാഴ്‌സലായി കൊടുക്കുന്നതിലൂടെയും കൂടുതല്‍ വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. 605 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ബാറുകളിലൂടെ പാഴ്‌സലായി നല്‍കുന്നതിലൂടെ കൂടുതല്‍ വരുമാനം സര്‍ക്കാരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മന്ത്രിസഭായോഗ തീരുമാനത്തിന് പിന്നാലെ ഇന്നലെ പുതുക്കിയ വില ബവ്റിജസ് കോര്‍പറേഷന്‍ പുറത്തുവിട്ടിരുന്നു. വിദേശ മദ്യത്തിന് 35 ശതമാനം വരെയും ബിയറിനും വൈനിനും പത്ത് ശതമാനവും നികുതി കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അതോടെ ചില ബ്രാന്ഡുകളുടെ പുതിയ വില വിവരമാണ് ബവ്റിജസ് കോര്‍പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഹണിബീക്ക് 620 ആണ് പുതിയ വില. നേരത്തെ ഇത് 560 രൂപയായിരുന്നു.

മറ്റ് ബ്രാന്‍ഡുകളുടെ പുതിയ വില ഇങ്ങനെയാണ്. ബ്രാക്കറ്റില്‍ പഴയവില

സെലിബ്രേഷന്‍ 580 (520), ഓള്‍ഡ് മങ്ക് റം 850 (770), എംസി ബ്രാന്‍ഡി 620 (560), എംഎച്ച് ബ്രാന്‍ഡി 910 (820), ബക്കാര്‍ഡി 1440 (1290), സിഗ്നേച്ചര്‍ 1410 (1270), മാജിക് മൊമന്റ്സ് 1010 (910).

ബിയറിന് 10രൂപ മുതലും വൈനിന് 25രൂപ മുതലും കൂടും. കിങ്ഫിഷര്‍ 110 (100), കിങ്ഫിഷര്‍ ബ്ലൂ 121 (110), ടുബോര്‍ഗ് 100 (90).

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more