| Tuesday, 8th August 2023, 2:30 pm

ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ ; രാജ്യത്ത് ആദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള നിയമസഭയില്‍ ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കി. ഇതോടെ പ്രമേയം പാസാക്കുന്ന ആദ്യത്തെ നിയമസഭയായി കേരളം മാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഏകകണ്‌ഠേനയാണ് സഭ പ്രമേയം പാസാക്കിയത്. ഏക പക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് പ്രമേയം വിലയിരുത്തി. ജനങ്ങളുടെ ഒരുമയെ തകര്‍ക്കാനുള്ള വര്‍ഗീയ നീക്കമാണ് ഇതെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഹാനികരമാണ് ഇത്തരം അടിച്ചേല്‍പ്പിക്കലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മതപരമായ വ്യക്തിനിയമങ്ങള്‍ അനുസരിക്കാനും ജീവിതത്തില്‍ ആചരിക്കാനുമുള്ള അവകാശം നല്‍കുന്നുണ്ട്. ആ ആചരിക്കലിനെ വിലക്കുന്ന നിയമ നിര്‍മ്മാണം ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ നിഷേധവും ലംഘനവുമാണെന്നും പ്രമേയത്തില്‍ പറയുന്നു.

ഒരു ആശയസംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയമായ നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ ഏത് നീക്കം നടത്തുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ ഇന്ത്യയുടെ സങ്കീര്‍ണമായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളുടെ സമന്വയത്തെ ശക്തമാക്കുന്നതുമായിരുന്നു അംബേദ്കറുടെ നിലപാട്. വ്യക്തിനിയമങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം പൗരജനങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പൊതു സിവില്‍ നിയമത്തിനായി വേണമെങ്കില്‍ പാര്‍ലമെന്റിനു ശ്രമിക്കാമെന്നു പറഞ്ഞ അംബേദ്കര്‍ അതുപോലും നിര്‍ബ്ബന്ധമായി വേണമെന്നു പറയുന്നില്ല. കേവലം ഒരു സാധ്യത സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അതിന്റെ പ്രതിഫലനമാണ് പൊതു സിവില്‍ നിയമ പരാമര്‍ശം നിര്‍ദേശക തത്വങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടതെന്നും പ്രമേയത്തില്‍ പറയുന്നു.

Content Highlights: Kerala legislative assembly passes resolution against Uniform Civil Code

We use cookies to give you the best possible experience. Learn more