ആര്‍.സി.ഇ.പി കരാറിനെതിരായ പ്രമേയം ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഐകകണ്‌ഠ്യേന പാസാക്കി; ബി.ജെ.പി വിട്ടുനിന്നു
Kerala News
ആര്‍.സി.ഇ.പി കരാറിനെതിരായ പ്രമേയം ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഐകകണ്‌ഠ്യേന പാസാക്കി; ബി.ജെ.പി വിട്ടുനിന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2019, 9:00 pm

തിരുവനന്തപുരം: സ്വതന്ത്ര്യ വ്യാപാരക്കരാറായ ആര്‍.സി.ഇ.പിക്കെതിരേ കേരളനിയമസഭയില്‍ പ്രമേയം പാസാക്കി. വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ ഒപ്പുവെക്കാന്‍ പോകുന്ന സ്വതന്ത്ര്യ വ്യാപാര കരാറാണ് ഭരണപക്ഷവും-പ്രതിപക്ഷവും ചേര്‍ന്ന് ഐകകണ്‌ഠ്യേന പാസാക്കിയത്. എന്നാല്‍ ബി.ജെ.പി വിട്ടു നിന്നു.

രാജ്യത്തിന്റെ വിശാല താത്പര്യം കണക്കിലെടുത്ത് കരാര്‍ ഒപ്പിടാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സഭ ഒന്നാകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ നിന്നും ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ വിട്ടുനിന്നു.

ആര്‍.സി.ഇ.പി കരാര്‍ സംബന്ധിച്ച പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച മുഖ്യമന്ത്രി ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒപ്പുവെക്കുന്ന കരാര്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലും ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിനും ഈ കരാറിനോട് വിരുദ്ധ അഭിപ്രായമാണ് ഉള്ളത്. ചെറുകിട വ്യവസായങ്ങളെ ഇല്ലാതാക്കുന്ന കരാറാണ് ഇതെന്നും ഇതില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും കോണ്‍ഗ്രസ് നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയുടെ സഖ്യ കക്ഷിയായ പി.സി ജോര്‍ജ്ജും കരാറിനെതിരായ നിലപാടാണ് സ്വീകരിച്ചത്.

ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളും പത്ത് ആസിയാന്‍ രാജ്യങ്ങളും ചേര്‍ന്നുള്ള കരാറാണ് ആര്‍.സി.ഇ.പി കരാര്‍.

കാര്‍ഷിക വ്യാവസായിക സേവന മേഖലകളിലെല്ലാം ഉത്പന്നങ്ങള്‍ നികുതിയില്ലാതെ പരസ്പരം കയറ്റി അയക്കുക എന്നതാണ് കരാര്‍. എന്നാല്‍ ഈ നടപടി ചെറുകിട വ്യവസായങ്ങളെ തകരാന്‍ കാരണമാവും.