തിരുവനന്തപുരം: സെന്‍സസ് നടപ്പാക്കുമ്പോള്‍ എന്‍.പി.ആറിന് വേണ്ടിയുള്ള വിവരങ്ങളും ശേഖരിക്കുമെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.എം ഷാജിയാണ് സഭയില്‍ നോട്ടീസ് നല്‍കിയത്.
സഭ നിര്‍ത്തിവെച്ച് എന്‍.പി.ആര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നും സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പ്രതിപക്ഷം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സെന്‍സസ് ഉദ്യോഗസ്ഥരുടെയും എന്യുമറേറ്റര്‍ മാരുടെയും നിയന്ത്രണം കേന്ദ്രത്തിനാണെന്നും ആശങ്ക ഇപ്പോഴും ഉണ്ടെന്നും കെ.എം ഷാജി പറഞ്ഞു.
ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വിഢികളാക്കുന്നുവെന്നും മുസ്‌ലിങ്ങളെ കെട്ടിപ്പിടിച്ചാല്‍ തീരുന്നതല്ല പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കെ.എം ഷാജിക്ക് വോട്ടവകാശമില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. വോട്ടവാകാശമില്ലാത്തൊരാള്‍ വോട്ടവകാശമുള്ള പ്രമേയം എങ്ങനെ അവതരിപ്പിക്കുമെന്നാണ് മന്ത്രി ചോദിച്ചത്.
എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കെ.എം ഷാജിയെ മനഃപൂര്‍വ്വം അവഹേളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കെ.എം ഷാജിക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പറ്റില്ല എന്നു മാത്രമേ കോടതി പറഞ്ഞിട്ടുള്ളു എന്ന് വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. മന്ത്രി എകെ ബാലന്‍ ഉന്നയിച്ചത് ബാലിശമായ കാര്യമാണെന്ന് ചെന്നിത്തലയും പറഞ്ഞു.
കേരളത്തില്‍ മെയ് ഒന്നു മുതല്‍ സെന്‍സസ് നടപടികള്‍ ആരംഭിക്കാനിരിക്കേ ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വേണ്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. സെന്‍സസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കളക്ടര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
കേരളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും നിലവില്‍ നടക്കുന്ന സെന്‍സസുമായി സഹകരിക്കുമെന്നും ജനുവരി 20ന് നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു.
ആര്‍.എസ്.എസ്. അജന്‍ഡയായ പൗരത്വ രജിസ്റ്റര്‍ കേരളം നടപ്പാക്കില്ലെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാനം സ്റ്റേ ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.