സംഭവബഹുലം നിയമസഭ സമ്മേളനം; സഭ പിരിച്ചുവിട്ടു
Kerala News
സംഭവബഹുലം നിയമസഭ സമ്മേളനം; സഭ പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th October 2024, 1:32 pm

തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോര് ശക്തമായതിനെത്തുടരന്ന് പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പിരിച്ചുവിട്ടു. മലപ്പുറം പരാമര്‍ശത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടക്കാനിരിക്കവെയാണ് സ്പീക്കര്‍ സഭ പിരിച്ചുവിട്ടത്.

ഇന്ന് രാവിലെ ആരംഭിച്ച സമ്മേളനത്തില്‍ എ.ഡി.ജി.പി അജിത് കുമാര്‍, മലപ്പുറം പരാമര്‍ശം, പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍, തൃശൂര്‍ പൂരം കലക്കല്‍ എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. സഭ സംഘര്‍ഷഭരിതമായതോടെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസ്സില്‍ കയറി പ്രതിഷേധിച്ചു.

നിയമസഭയിലെ ചോദ്യോത്തര വേളയില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യം ഒഴിവാക്കിയതിന്റെ പേരിലാണ് ആദ്യം പ്രശ്‌നമുണ്ടാകുന്നത്. സഭയ്ക്കുള്ളില്‍ ചോദ്യം ചോദിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്തതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാനത്തിലെ ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് എങ്ങനെയാണ് പ്രാധാന്യം ഇല്ലാത്ത ചോദ്യം ആകുന്നതെന്ന് സ്പീക്കറോട് ചോദിച്ചു.

എന്നാല്‍ പ്രതിപക്ഷത്തിനോട് യാതൊരു വിധത്തിലുള്ള വേര്‍തിരിവ് കാണിച്ചിട്ടില്ലെന്ന് പറഞ്ഞ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിന് മുമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് ഉചിതമായ നിലപാട് അല്ലെന്നും പറഞ്ഞു.

ഇരുപക്ഷവും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ ആരാണ് പ്രതിപക്ഷ നേതാവ്? എന്ന് സ്പീക്കര്‍ എന്‍.ഷംസീര്‍ ചോദിച്ചതോടെ പ്രതിഷേധം ശക്തമായി. സ്പീക്കറുടെ കസേരയില്‍ ഇരുന്നുകൊണ്ട് ഇങ്ങനെയൊരു ചോദ്യം ചോദിച്ച സ്പീക്കറുടെ പ്രതികരണം അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ മാത്യു കുഴല്‍നാടന്റെ ബഹളം കാരണമാണ് അങ്ങനെ ചോദിക്കേണ്ടി വന്നതെന്ന് സ്പീക്കര്‍ പിന്നീട് വിശദീകരിച്ചിരുന്നു.

സ്പീക്കര്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രി എം.ബി രാജേഷും പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് വി.ഡി സതീശന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇതുവരെയുണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും അപക്വമായ പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശനെന്ന് എം.ബി രാജേഷും പറഞ്ഞു.

മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ വി.ഡി സതീശന്‍ കാപട്യം നിറഞ്ഞ ആളാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കൂടാതെ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ സഭാ ടി.വിയില്‍ നിന്ന് ഒഴിവാക്കിയതും പ്രശ്‌നം വഷളാക്കി.

Content Highlight: Kerala Legislative assembly dismissed due to protest