സി.പി.ഐ.എമ്മിന്റെ സ്റ്റേറ്റ് നേതൃത്വം പാര്‍ട്ടിയുടെ ബ്രാഞ്ച് തലം വരെ പ്രചരിപ്പിച്ച ഒരു ഭരണനേട്ടമുണ്ട്. ‘പാര്‍ട്ടി സെല്‍ ഭരണം’ അവസാനിപ്പിച്ചു എന്നതാണ് ആ നവകേരളരേഖ.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഭരണ/പൊലീസ്/സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സത്യസന്ധമായി ഇടപെടേണ്ടി വരുന്ന സാമൂഹികസാഹചര്യങ്ങള്‍ക്ക് ചരിത്രപരമായ ചില യാഥാര്‍ഥ്യങ്ങളുണ്ട്. രാഷ്ട്രീയഅധികാരങ്ങള്‍ക്ക് താഴെ നിലനില്‍ക്കുന്ന ബ്യുറോക്രസിയിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും കമ്യൂണിസ്റ്റുകാരുടെ സമൂഹത്തിന് കാര്യമായ റോളൊന്നും ഉണ്ടായിരുന്നില്ല.
കടുത്ത അവഗണനയും പീഡനവും കമ്യൂണിസ്റ്റ് അനുഭാവികള്‍ക്ക് മാത്രം ഏല്‍ക്കുന്ന കാലത്താണ് കമ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ അധികാരത്തിലേക്ക് കേരളത്തില്‍ വരുന്നത്.എന്നാല്‍ മേല്‍ക്കിടമധ്യവര്‍ഗ്ഗവും സവര്‍ണവര്‍ഗ്ഗവും കയ്യടക്കിയ ഉദ്യോഗസ്ഥ- പൊലീസ് സംവിധാനത്തില്‍ നിന്ന് നീതി മാത്രം കമ്യൂണിസ്റ്റുകള്‍ക്ക് അന്യമായി.
അവിടെയാണ് പാര്‍ട്ടി എന്ന അര്‍ത്ഥത്തില്‍ ഇടപെടല്‍ രൂപപ്പെടുന്നത്. ന്യായമായ നീതി എന്നതാണ് അതിന്റെ അടിസ്ഥാനകാരണം. പൊലീസിനോടാണ് പാര്‍ട്ടി എപ്പോഴും തര്‍ക്കിച്ചത്. 90% ഇടപെടലും നാടിന്റെ പൊതുനന്മക്കും വ്യക്തിയുടെ മൗലികഅവകാശങ്ങളുമായും ബന്ധപ്പെട്ടായിരിക്കും. (കുറഞ്ഞ അളവില്‍ അനാരോഗ്യകരമായ- കുറ്റകരമായ ഇടപെടല്‍ ഉണ്ടായിരിക്കാം)
വലതുപക്ഷവും മാധ്യമങ്ങളും പാര്‍ട്ടിയുടെ ഈ ഇടപെടലുകളെ പതിറ്റാണ്ടുകളോളം കള്ളങ്ങള്‍ കൊണ്ട് നേരിട്ടു.’പാര്‍ട്ടി ഭരണം’എന്ന വാചകം കൊണ്ട് നിരന്തരമായി ആക്രമിച്ചു. എന്നാല്‍ കമ്യൂണിസ്റ്റുകള്‍ ഒരു പടി പോലും പിന്നോട്ട് പോയില്ല. പാര്‍ട്ടി സ്‌നേഹികള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
ജനങ്ങള്‍ക്ക് അറിയാമായിരുന്നു നാട്ടിലെ പാര്‍ട്ടി നേതാവ് എന്തിനാണ് പൊലീസ് സ്റ്റേഷനില്‍ പോകുന്നത് എന്ന്, എന്തിനാണ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നത് എന്ന്. പാര്‍ട്ടി ശക്തമായി ആ പ്രചാരണത്തെ മറികടന്നു.
പൊതുവെ വലത് സ്വഭാവമുള്ള പൊലീസില്‍ ലെഫ്റ്റുകാരുടെ നാമമാത്രമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ ദുരന്തമായിരിക്കും ഫലമെന്ന് പാവപ്പെട്ടവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ജനകീയപ്രശ്‌നങ്ങളില്‍ പൊലീസിനോട് ഇടപെട്ട് കൊണ്ട് നീതി ഉറപ്പാക്കാന്‍ വലത്പാര്‍ട്ടി നേതാക്കള്‍ തന്നെ പല വട്ടം മുമ്പോട്ട് വന്നത് കമ്യൂണിസ്റ്റുകളുടെ ജനപിന്തുണ കണ്ടിട്ടാണ്.
പാര്‍ട്ടിയുടെ സത്യസന്ധമായ ഇടപെടല്‍ ശേഷിയെ ദുര്‍ബലപ്പെടുത്തിയാണ് പിണറായി സര്‍ക്കാര്‍ പൊലീസ് നയം കൊണ്ട് വന്നത്. പൊലീസിന്റെ വലത് പക്ഷ സ്വഭാവത്തെ കൃത്യമായി അറിയുന്ന സി.പി.ഐ.എം പി.ബി മെമ്പര്‍ എന്തിന് ഈ നയം നടപ്പിലാക്കി എന്ന ചോദ്യത്തിന് സുഖകരമല്ലാത്ത പല ഉത്തരങ്ങളുമുണ്ട്.
2006 – 2011 കാലത്തെ അനുഭവങ്ങള്‍ കൊണ്ട് പാര്‍ട്ടി സര്‍ക്കാരില്‍ കൃത്യമായി ഇടപെട്ട് പ്രവര്‍ത്തിച്ചാല്‍ ഭരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകും എന്ന് വി.എസിനെ കണ്ട് പഠിച്ച നേതൃത്വമാണ് അന്നത്തെ സി.പി.ഐ.എം. അന്ന് പാര്‍ട്ടി അണികളുടെ വികാരം പാര്‍ട്ടിക്കൊപ്പമായിരുന്നു.
വിഷമത്തോടെ ആ ഘട്ടത്തെ വി.എസ് നേരിട്ടു.
പാര്‍ട്ടി വിഭാഗീയതയെ കൂടി അവിടെ പ്രശ്‌നവത്കരിക്കാമെങ്കിലും അധികാരത്തെ ചുറ്റിപ്പറ്റിയാണ് പലതും മുമ്പോട്ട് പോയത്. വ്യക്തിപരമായുള്ള അധികാരത്തെ പരിഗണിക്കാത്ത കമ്യൂണിസ്റ്റുകാര്‍ പാര്‍ട്ടി അധികാരത്തെ ആദരിക്കുന്നു. ആ ആദരവിനെയാണ് അന്നത്തെ സി.പി.ഐ.എം മാനിച്ചത്, ആ ആദരവിന്റെ ബലമാണ് അന്നത്തെ സെക്രട്ടറിക്ക് തുണയായത്.
പക്ഷെ, ഇന്ന് പാര്‍ട്ടിക്കല്ല അധികാരം, പകരം വ്യക്തിക്കള്‍ക്കാണ്. വ്യക്തികളില്‍ മാത്രം അധികാരം കേന്ദ്രീകരിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ കൂടും. അവരെ ചുറ്റിപറ്റി മാത്രം ബ്യുറോക്രസിക്ക് വികൃതി കാണിച്ചാല്‍ മതി. പങ്കിട്ടും നിരീക്ഷിച്ചും കൊണ്ട് പോകേണ്ട സംവിധാനത്തെ പിടി തരാതെ ഒരാള്‍ വെച്ചിരിക്കുമ്പോള്‍ ബ്യുറോക്രസിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കാര്യങ്ങള്‍ എളുപ്പമാകും. അവര്‍ക്ക് കൂടി ഭരിക്കാന്‍ അവസരം വരും, ഒരേ ഒരു രാഷ്ട്രീയ അധികാരം മാത്രമുള്ള സര്‍ക്കാര്‍ എന്നത് ഉന്നതഉദ്യോഗസ്ഥരുടെ മനോധര്‍മത്തിനൊപ്പം സഞ്ചരിക്കും.
ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് സന്ദീപാനന്ദ ഗിരിയുടെ വീട് തീ വെച്ചത്. പിണറായി സന്ദര്‍ശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തി. അന്വേഷണം സംഘിയെ ഏല്‍പിച്ചു. ആ സംഘി ഇന്ന് ബി.ജെ.പി ബൂത്ത് ഏജന്റ് ആണ്. (പിന്നീട് യഥാര്‍ത്ഥ പ്രതികളെ മറ്റൊരു കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ കണ്ടെത്തി). ആലപ്പുഴയില്‍ ഭീകരമായ രണ്ട് കൊലകള്‍ നടന്നു. മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു കേസ് വിധി വന്നപ്പോള്‍ മറ്റൊരു കേസില്‍ പൊലീസ് അതുവരെ എന്ത് ചെയ്തു എന്ന ചോദ്യം ബാക്കിയായി.
സ്റ്റേറ്റ് ശ്രദ്ധിച്ച, ഭരണകൂടം മോണിറ്റര്‍ ചെയ്യേണ്ട രണ്ട് കേസിന്റെ രണ്ട് അവസ്ഥയാണിത്. കഴിഞ്ഞ 8 കൊല്ലത്തിനിടെ എത്ര സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആ കേസുകളുടെ സ്ഥിതി എന്താണ്? കോടതി വരെ കൃത്യസമയത്ത് എത്തിയിരുന്നോ? പ്രതികള്‍ ജയിലിലാണോ? സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രതികളാകുമ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ രാഷ്ട്രീയ ആരോപണം ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ ശരിവെക്കും. എന്നാല്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ സി.പി.ഐ.എം നേതാക്കളുടെ പ്രസ്താവനകളെ തള്ളാനായിരിക്കും ഉന്നത ഐ.പി.എസുകാര്‍ പത്രക്കാരെ കാണുക!
ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാകും എന്ന് പ്രസംഗിച്ച (അതെ ശൈലിയില്‍ എത്ര സി.പി.ഐ.എമ്മുകാര്‍ നാട്ടില്‍ പ്രസംഗിക്കുന്നു) കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് വരുന്നു. പത്രവാര്‍ത്തകള്‍ ഫേസ്ബുക് പോസ്റ്റ് ആകുമ്പോള്‍ മോദിജിയെ പറഞ്ഞെന്ന് പറഞ് കേസ് വരുന്നു. അപ്പോഴൊക്കെ തെരെഞ്ഞെടുപ്പ് കമ്മീഷനാണ് കാര്യങ്ങള്‍ നോക്കുന്നത് എന്ന് വകുപ്പ് മന്ത്രി പറയുന്നു.
തൃശൂര്‍ പൂരം പൊലീസുകാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. തൃശൂരില്‍ കണ്ണുള്ള സംഘ് പരിവാറാണോ പിന്നിലെന്ന് സംശയം വരുന്നു. അപ്പോള്‍ സി.എം ഇടപെടുന്നു( തെരെഞ്ഞെടുപ്പ് അല്ലെങ്കില്‍ പൊലീസ് ഭാഷ്യം അദ്ദേഹം ആവര്‍ത്തിക്കുമായിരുന്നു)
കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ കേരളത്തില്‍ വലിയ തോതില്‍ വര്‍ഗീയപ്രചാരങ്ങള്‍ നടന്നു. അധിക്ഷപങ്ങളും വര്‍ഗീയതയും പറയുന്നതില്‍ ജനങ്ങള്‍ക്കോ? യുട്യൂബ് ചാനലുകള്‍ക്കോ? വര്‍ഗീയപ്രൊഫൈലുകള്‍ക്കോ? യാതൊരു മടിയുമില്ലാത്ത കാലം. നിരന്തരം ആവര്‍ത്തിക്കുന്ന വിദ്വേഷങ്ങള്‍. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും സഖാക്കളും പാര്‍ട്ടി ഗ്രൂപ്പുകളില്‍ ആശങ്കകള്‍ പങ്കുവെക്കുന്നു.
സംഘ് പരിവാറും മൗദൂദി ഗ്രൂപ്പുകളും നടത്തുന്ന കള്ളങ്ങള്‍ അവരെ പേടിപ്പിക്കുന്നു. സമൂഹം വലിയ തോതില്‍ വിഭജിക്കപ്പെടുന്നു. എ.കെ.ജി സെന്ററിലെ ഒരൊറ്റ മുതിര്‍ന്ന നേതാവിനും ഇതിലൊന്നും ആശങ്കയില്ല, ഇവരിതൊന്നും അറിയുന്നില്ല. പൊലീസ് എത്ര നിയമനടപടികള്‍ ഈ വിഷയത്തില്‍ കേരളത്തില്‍ എടുത്തു? എത്ര ഫോള്ളോഅപ്പ് ചെയ്തു? എത്ര എണ്ണം കോടതിയില്‍ എത്തി? ഗൗരവത്തില്‍ ഇത്തരം കേസുകള്‍ പോകുന്നുണ്ടോ?
മമ്മൂട്ടിക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ നോക്കൂ, പൊലീസ് നടപടിയെടുക്കേണ്ട എത്ര നീചപ്രവര്‍ത്തികളാണ് എന്നും നടക്കുന്നത്. കേരളത്തിന് വേണ്ടി എന്ന് നിരന്തരം പറയുന്ന സി.പി.ഐ.എം നേതാക്കള്‍ കേരളത്തെ കുറിച്ച് ദേശിയതലത്തില്‍ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടത്തുന്ന കടുത്ത വെറുപ്പിനെതിരെ ഒരു നിയമനടപടിയും ആലോചിച്ചിട്ടില്ല.
ഇന്ത്യയില്‍ ഒരു സ്റ്റേറ്റിനെതിരെയും ഒരു പൗരനും നടത്താന്‍ കഴിയാത്ത അത്ര വെറുപ്പാണ് കേരളത്തിനോട് ചിലര്‍ ചെയ്യുന്നത്. മോദിയുടെ മുസ്‌ലിം വെറുപ്പ് സാധൂകരിക്കാന്‍ സംഘ് അനുഭാവികള്‍ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വരെ ഉദാഹരിച്ചത് കേരളത്തെയാണ്. ദേവസ്വം പണം മുസ്‌ലിങ്ങള്‍ക്ക് കൊടുക്കുന്നു എന്ന കള്ളം ‘കണക്ക്’ പറഞ് വിശദീകരിക്കുന്നു. സ്വമേധയ കേസെടുത്ത് കോടതികളില്‍ കൃത്യമായി എത്തിക്കേണ്ട എത്ര വെറുപ്പുകളാണ് രാജ്യത്ത് സഞ്ചരിക്കുന്നത്.
സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമമാണ് മറ്റൊന്ന്. വലിയ പറ്റം സി.പി.ഐ.എം വനിതാ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. കേന്ദ്രകമ്മിറ്റി മെമ്പര്‍ അക്രമിക്കപ്പെട്ടിട്ട് പാര്‍ട്ടി ആദ്യ ഘട്ടത്തില്‍ എടുത്ത നിസ്സംഗത എന്തിനാണ് എന്ന ചോദ്യത്തിന് രസമല്ലാത്ത ഉത്തരം കിട്ടും. ഹരിഹരന്‍ അധിക്ഷേപിച്ച ശേഷം ശൈലജ ടീച്ചര്‍ ഇരിക്കുന്ന കമ്മിറ്റിയിലെ ഒരൊറ്റ നേതാവ് മിണ്ടിയില്ല.
പാര്‍ട്ടി സെക്രട്ടറി മിണ്ടിയില്ല. തിരുവനന്തപുരം മേയര്‍ എത്രയോ വര്‍ഷമായി ആക്രമിക്കപ്പെടുന്നു. അതിലൊന്നും ഒരു നിയമ ഇടപെടല്‍ പാര്‍ട്ടി കാര്യമായി എടുത്തിട്ടില്ല. പാര്‍ട്ടിക്ക് പുറത്തുള്ള സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ മാധ്യമങ്ങളുണ്ട് , അവരുടെ രാഷ്ട്രീയക്കാരുണ്ട്, സുഹൃത്തുക്കളുണ്ട്, അവര്‍ക്കൊക്കെ പരസ്യമായി രംഗത്ത് വരാനാകും, അങ്ങനെ എങ്കിലും നീതി ഉറപ്പാക്കാന്‍ കഴിയും. എന്നാല്‍ സി.പി.ഐ.എം പക്ഷത്തുള്ള സ്ത്രീകള്‍ക്കോ?
പൊലീസില്‍ കാര്യമായൊരു ഇടപെടല്‍ പോലും സി.പി.ഐ.എം നേതൃത്വം നടത്തുന്നില്ല, എന്താണ് കാരണം? സി.പി.ഐ.എം കഴിഞ്ഞ രണ്ട് സമ്മേളനകാലത്തും പ്രാദേശിക നേതാക്കളാല്‍ ഒരൊറ്റ വകുപ്പിന്റെ പേരില്‍ നിരന്തരം വിമര്‍ശനം ഏല്‍ക്കുന്നു.
ജില്ലാ സമ്മേളനങ്ങളില്‍ കോടിയേരി അടക്കം സ്റ്റേറ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന ഉറപ്പ് നല്‍കുന്നു. എന്നാല്‍ താഴേക്കിടയിലേക്ക് അത്ഭുതപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ ഇറക്കി വെച്ച്, പാര്‍ട്ടിക്കാരെ നിര്‍ബന്ധപൂര്‍വം ജനങ്ങള്‍ക്ക് ഇടയില്‍ ‘സെല്‍ ഭരണം’ ഇല്ലാതെയാക്കി എന്ന മാപ്പ് പറച്ചില്‍ കെട്ടി വെക്കുന്നു.
പാര്‍ട്ടിക്കാര്‍ ഇളിഭ്യരായി ജനമധ്യത്തില്‍ ഇരിക്കുന്നു. സംസ്ഥാന കമ്മിറ്റി എന്നൊരു ബോഡി ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലൂടെ കടന്ന് പോകുന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റിനെ ചോദ്യം ചെയ്യാനുള്ള കെല്‍പ്പ് പോലുമില്ലാതെ വല്ലപ്പോഴും കൂടി ഇരുന്ന് ചായ കുടിച്ച് പിരിയുന്നു.
പിണറായി വിജയനെ തിരുത്തുക എന്നുള്ളത് പാര്‍ട്ടി ഇപ്പോള്‍ അതിജീവനപ്രശ്‌നമായി എടുക്കേണ്ട സംഗതിയാണ്. ആ തിരുത്തിനുള്ള ബലം പാര്‍ട്ടി നേതാക്കള്‍ക്ക് ഉണ്ടോ എന്നത് മറ്റൊരു ആഭ്യന്തരവിഷയമാണ്. ആത്മാര്‍ത്ഥതയും പാര്‍ട്ടി ബോധവും സത്യസന്ധതയും കര്‍മനിരതമുള്ളവര്‍ക്ക് അല്ലാതെ അത് സാധ്യമല്ല.
പിണറായി വി.എസിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ ഇതൊക്കെയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇപ്പോഴുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് എത്ര ആള്‍ക്ക് ഇതൊക്കെയുണ്ട്. ? നേതാക്കള്‍ക്ക് ഇല്ലെങ്കിലും ഉണ്ടെങ്കിലും ഈ രീതിയില്‍ തുടര്‍ന്നാല്‍ പാര്‍ട്ടി പരാജയപ്പെടും. മാറ്റം അനിവാര്യമായ ഘട്ടമാണിത്. എല്ലാ നേതാക്കളും പാര്‍ട്ടിക്ക് മുകളില്‍ കസേരയിട്ട് ഇരിക്കാന്‍ താല്പര്യം ഉള്ളവരാണ്.
എന്നാല്‍ കസേര ഇട്ട് തുടങ്ങുന്ന സമയത്ത് അത് പാര്‍ട്ടി ഒന്നാകെ തിരിച്ചറിയും. തിരുത്തും, പാര്‍ട്ടിക്ക് താഴെ കൊണ്ടുവരും.വി.എസ് വരെ അത് അനുഭവിച്ചിട്ടുണ്ട്, എന്നാല്‍ പിന്നീട് വന്നവര്‍ പാര്‍ട്ടിക്ക് മുകളില്‍ കസേരയിട്ട് ഇരുന്ന് തിരുവാതിര കാണുകയാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടികളെ എളുപ്പത്തില്‍ തകര്‍ക്കാന്‍ ഉള്ളില്‍ പാര്‍ട്ടിയായി നില്‍ക്കുന്ന- എന്നാല്‍ അധികാരിയായി മാറുന്നവര്‍ക്ക് കഴിയുന്ന കാര്യമാണ്. പുറത്ത് നിന്ന് എന്ത് കൊമ്പ് എടുത്താലും ആര്‍ക്കും പാര്‍ട്ടിയെ ഒരു ചുക്കും ചെയ്യാനാവില്ല, വി.എസിന് ആയിട്ടില്ല. (പാര്‍ട്ടിക്കാര്‍ക്ക് വി.എസിനെ പറ്റി പുറത്ത് നില്‍ക്കുന്നു എന്ന ഫീല്‍ ഉണ്ടായിരുന്നു, പിണറായി ഇന്ന് അകത്ത് നില്‍ക്കുന്നു എന്ന തോന്നലുണ്ട്)
പിണറായി വിജയന്‍ പൊലീസില്‍ കൊണ്ട് വന്ന മാറ്റം അധികാരവുമായി ബന്ധപ്പെട്ടതാണ്. അതിന്റെ ഉള്ളടക്കം കടുത്ത വലത്-പക്ഷ ബോധമാണ്. തൊഴിലാളികളും പാവപ്പെട്ടവരും ഇടപ്പെട്ട്-ഇടപ്പെട്ട് നമ്മുടെ സംവിധാനങ്ങള്‍ നശിപ്പിക്കുന്നു എന്ന കൃത്യമായ വലത്- ബോധ്യങ്ങളെ കൂട്ട് പിടിച്ചാണ് പിണറായി വിജയന്‍ പതിറ്റാണ്ടുകള്‍ കൊണ്ട് കമ്യൂണിസ്റ്റുകാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നേടിയെടുത്ത ചോദ്യം ചോദിക്കാനും അന്വേഷിക്കാനുമുള്ള അവകാശങ്ങള്‍ ബലി കഴിച്ചത്.
സര്‍ക്കാര്‍ സംവിധാനത്തിലും പൊലീസ് നടപടികളിലും ഒരൊറ്റ അധികാര- രാഷ്ട്രീക്കാരനെ പാടൂ എന്ന നിര്‍ബന്ധം പിണറായി സൂക്ഷിച്ചു. അദ്ദേഹത്തിന് തിരുത്താന്‍ കഴിയുന്ന രാഷ്ട്രീയങ്ങളെ മുഴുവന്‍ തിരുത്തി. അങ്ങനെ പാര്‍ട്ടി ഒരു ഇടപെടല്‍ ശക്തിയേ അല്ലാതെയായി,
ആദ്യന്തരവകുപ്പില്‍ നടക്കുന്നത് അതാണ്.
പാര്‍ട്ടിയേക്കാള്‍ പിണറായിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ പ്രിയപ്പെട്ടതാകുന്നു. പാര്‍ട്ടി എന്നാല്‍ ഒരാള്‍ മാത്രമാവുന്നു. പൊതുവെ വലത് വത്കരിക്കപ്പെട്ട വകുപ്പില്‍ നിന്ന് ലെഫ്റ്റുകാരുടെ ഇടപെടല്‍ കുറയ്ക്കുന്നു. സി.പി.ഐ.എം പതുകെ പിന്‍വാങ്ങുന്നു. എന്നാല്‍ കെ. സുരേന്ദ്രനോ രമേശ് ചെന്നിത്തലക്കോ ഇടപെടാതെ തന്നെ പൊലീസില്‍ ശക്തിയുണ്ട്.
സംഘിന് സംഘ് ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഇടപെടല്‍ ആവിശ്യമില്ല. പൊലീസുകാരന്‍ തന്നെ സംഘ് ആയിരിക്കും. സി.പി.ഐ.എമ്മുകാരെ പാര്‍ട്ടി കണ്ണിറുക്കി ഓടിച്ചെങ്കിലും മറ്റ് രാഷ്ട്രീയക്കാരെ ഓടിക്കാന്‍ കഴിഞ്ഞിട്ടില്ല.
സി.പി.ഐ.എം ഭരണചരിത്രത്തില്‍ ഏറ്റവും കടുത്ത ‘സെല്‍ ഭരണം’ നടത്തിയ സെക്രട്ടറി അധികാരം പാര്‍ട്ടി ഓഫീസില്‍ നിന്ന് ക്ലിഫ് ഹൌസിലേക്ക് മാറ്റിയപ്പോള്‍ ‘സെല്‍ ഭരണം’ അവിടെയാക്കി.
ഈ തീവ്രമായ അപകടം സി.പി.ഐ.എം സ്റ്റേറ്റ് കമ്മിറ്റിക്ക് അല്പം ശക്തി ഉണ്ടെങ്കില്‍ തിരുത്തണം. തിരുത്തിയാലും വളരെ വൈകിയത് കൊണ്ട് കാര്യമൊന്നുമുണ്ടാവില്ല. പത്ത്- അന്‍പത് കൊല്ലം പണിയെടുത്ത ശേഷം വന്ന മാറ്റമാണ് അഞ്ചെട്ട് കൊല്ലം കൊണ്ട് ബ്യുറോക്രസിയെ വെച്ച് പിണറായി പൊളിച്ചത്.
എല്ലാം നേരെയാകാന്‍ പിന്നെയും കാലമെടുക്കും. അത് നേരെയാക്കാനുള്ള സത്യസന്ധമായ ബലം നേതാക്കള്‍ക്ക് ഉണ്ടോ എന്ന ചോദ്യം അപ്പുറത്ത് ഉണ്ടെങ്കിലും ഇപ്പോള്‍ ഇടപെട്ടാല്‍ അത്രയും നല്ലത്.
2024 സി.പി.ഐ.എം സമ്മേളനങ്ങള്‍ പാര്‍ട്ടിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രധാനമാണ് എന്ന് കരുതുന്നു. 2018 മുതല്‍ സ്റ്റേറ്റ് നേതൃത്വം തുടരുന്ന- താഴെകിടയിലെ വിമര്‍ശനങ്ങളോടുള്ള കടുത്ത അവഗണനയും നിസ്സംഗതയും ഇത്തവണ കൂടി തുടര്‍ന്നാല്‍ എല്ലാ അര്‍ത്ഥത്തിലും സ്റ്റേറ്റ് നേതൃത്വം തകര്‍ത്തൊരു മിടുക്കുള്ള പഴയ പാര്‍ട്ടിയായി സി.പി.ഐ.എം മാറും.