ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യത്തെ ഏഴ് സ്ഥാനവും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക്. തിരുവനന്തപുരം പൂഴനാട് (സ്‌കോര്‍: 99), മലപ്പുറം ചാലിയാര്‍ (95), പാലക്കാട് ശ്രീകൃഷ്ണപുരം (94), പത്തനംതിട്ട ഓതറ (93), കോഴിക്കോട് രാമനാട്ടുകര (92), കണ്ണൂര്‍ കൊട്ടിയൂര്‍ (92), തൃശൂര്‍ മുണ്ടൂര്‍ (88) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) ബഹുമതി നേടിയത്.
ദേശീയ ഗുണനിലവാര അംഗീകാരം തുടര്‍ച്ചയായ രണ്ടാം തവണയാണ് ഉയര്‍ന്ന സ്‌കോറോടെ കേരളം കരസ്ഥമാക്കുന്നത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രമാണ് 99 എന്ന സ്‌കോറോടെ എന്‍.ക്യു.എ.എസ് കരസ്ഥമാക്കി ദേശിയതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കാസര്‍കോട് കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം ഇതേ സ്‌കോര്‍ നേടിയാണ് രാജ്യത്ത് ഒന്നാമതെത്തിയത്. രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ തുടങ്ങി എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശോധന നടന്നത്.
ഈ വര്‍ഷാവസാനത്തോടെ 140 കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം.
WATCH THIS VIDEO: