ശിവസേനയുമായുള്ള കോണ്‍ഗ്രസ് ബന്ധത്തിന് തടസ്സം 'കേരള ലോബി'; തടസ്സം തട്ടിമാറ്റുമോ ബന്ധത്തില്‍ നിന്ന് പിന്മാറുമോ?
national news
ശിവസേനയുമായുള്ള കോണ്‍ഗ്രസ് ബന്ധത്തിന് തടസ്സം 'കേരള ലോബി'; തടസ്സം തട്ടിമാറ്റുമോ ബന്ധത്തില്‍ നിന്ന് പിന്മാറുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 11:04 pm

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇന്ന് ഈ രാത്രി അവസാനിക്കുന്നത് വരെ അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ജയ്പൂരില്‍ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും ശിവസേനയെ പിന്തുണച്ച് സര്‍ക്കാരുണ്ടാക്കണമെന്നും സ്പീക്കര്‍ സ്ഥാനവും സാധ്യമായ മന്ത്രിസ്ഥാനങ്ങളും നേടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ നേതാക്കളുടെ അഭിപ്രായവും അത് തന്നെയാണ്. എന്നിട്ടും ശിവസേനയെ പിന്തുണക്കുന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസിന് സാധിക്കാത്തതിന്റെ കാരണങ്ങളില്‍ പ്രധാനമായും പറയുന്ന ഒരു കാരണത്തിന് കേരളവുമായി ഒരു ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ എ.കെ ആന്‍ണിയുടേയും കെ.സി വേണുഗോപാലിന്റെയും എതിര്‍പ്പാണ് ശിവസേനയുമായുള്ള ബന്ധത്തിന് തടസ്സമാവുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും പറയുന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കിയാല്‍ മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സാധ്യതകളെ തകര്‍ക്കുമെന്നാണ് ഇവരുടെ നിലപാടെന്ന് അവര്‍ പറയുന്നു.

ആന്റണിയെയും കെ.സി വേണുഗോപാലിനെയും കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശിവസേന ബന്ധത്തിന് എതിരാണ്.

ശിവസേനയ്ക്ക് ഗവര്‍ണര്‍ അനുവദിച്ച സമയത്തിനകം സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ എന്‍.സി.പിയെ ക്ഷണിച്ചിരിക്കുകയാണ്. ഈ അവസരത്തെ ശരത് പവാര്‍ എങ്ങനെ ഉപയോഗിക്കും എന്ന് നാളെയറിയാം. ശരത് പവാര്‍ നാളെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ശിവസേനയെ കോണ്‍ഗ്രസ് പിന്തുണക്കുമോ ഇല്ലയോ എന്ന് നാളെയറിയാം.