തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ എന്‍.സി.പിയുടെ പിളര്‍പ്പ് ചര്‍ച്ചയാകുമ്പോള്‍ കേരളത്തിലെ എന്‍.സി.പി ശരദ് പവാറിനൊപ്പം നില്‍ക്കുമെന്ന് പ്രതികരിച്ച് കേരളാ നേതാക്കള്‍. മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും ഉള്‍പ്പെടെ കേരളത്തില്‍ രണ്ട് എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. കേരളത്തില്‍ ഭരണ കക്ഷിയായ ഇടത് മുന്നണിക്കൊപ്പമാണ് എന്‍.സി.പി. എന്നാല്‍ ദേശീയ തലത്തില്‍ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ചേരുമ്പോള്‍ കേരളത്തിലെ എന്‍.സി.പിയെ രാഷ്ട്രീയപരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
എന്നാല്‍ ഇപ്പോഴുണ്ടായ പിളര്‍പ്പ് തങ്ങളെ ബാധിക്കില്ലെന്നും അജിത് പവാറിന്റേത് അധികാര രാഷ്ട്രീയമാണെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. അജിത് പവാറിനൊപ്പം കേരളത്തില്‍ നിന്ന് ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരഷ്ട്രയിലെ എന്‍.സി.പിയും കേരളത്തിലെ എന്‍.സി.പിയും രണ്ട് സ്റ്റൈല്‍ ആണെന്നാണെന്നായിരുന്നു തോമസ് കെ. തോമസിന്റെ പ്രതികരണം.
‘വാര്‍ത്തകളില്‍ വരുന്ന വിവരങ്ങളല്ലാതെ പിളര്‍പ്പിനെക്കുറിച്ച് ആധികാരികമായി ഒന്നും അറിയില്ല. അതുകൊണ്ട് ഇപ്പോള്‍ പ്രതിരിക്കാന്‍ കഴിയില്ല. കേരളത്തില്‍ എന്‍.സി.പി എന്തായാലും എല്‍.ഡി.എഫിനൊപ്പമാണ്, പിണറായിക്കൊപ്പമാണ്.
എന്‍.സി.പിയുടെ നേതാവ് എപ്പോഴും ശരദ് പവാറാണ്. ബോംബെയെ നമ്മുടെ നാടുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. മഹാരാഷ്ട്രയിലെ എന്‍.സി.പിയും കേരളത്തിലെ എന്‍.സി.പിയും രണ്ട് സ്റ്റൈല്‍ ആണ്,’ തോമസ് കെ. തോമസ് പറഞ്ഞു.
അതേസമയം, നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ എന്‍.സി.പിയെ പിളര്‍ത്തിയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപതിജ്ഞ ചെയ്തത്. അജിത് പവാര്‍ രാജ്ഭവനിലെത്തിയതോടെയാണ് നീക്കങ്ങള്‍ക്ക് തുടക്കമായത്.
29 എം.എല്‍.എമാര്‍ അജിത് പവാറിനൊപ്പമുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇതില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 13 എം.എല്‍.എമാര്‍ അജിത് പവാറിനൊപ്പം രാജ്ഭവനിലെത്തിയിട്ടുണ്ട്. അജിത് പവാറിനൊപ്പം എന്‍.സി.പിയുടെ ഒമ്പത് എം.എല്‍.എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
Content Highlight: Kerala leaders have responded that Kerala NCP will stand with Sarath Pawar when the split of NCP is discussed in Maharashtra