ബെര്‍ലിന്‍: കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയില്‍ ആശംസകളുമായി വിദേശത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. ജര്‍മ്മനി, ചൈന, ക്യൂബ, ശ്രീലങ്ക, എന്നിവിടങ്ങളില്‍ നിന്നാണ് തുടര്‍ഭരണത്തിന് സി.പി.ഐ.എമ്മിനും പിണറായി വിജയനും അഭിനന്ദനങ്ങള്‍ എത്തിയത്.
മഹാമാരിക്കാലത്ത് ആരോഗ്യമേഖലയെ ലോകോത്തരമായി ശക്തിപ്പെടുത്തിയത് തുടര്‍ഭരണത്തിന് കാരണമായതായി ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ഡി ലിങ്കെ നേതാവ് വുള്‍ഫ് ഗാല്ലര്‍ട്ട് പറഞ്ഞു. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയ്ക്കാണ് ഗാല്ലര്‍ട്ട് സന്ദേശമയച്ചത്.
‘കഴിഞ്ഞ തവണ ഫലപ്രദമായി ഇടത് നയങ്ങള്‍ നടപ്പാക്കിയതാണ് എല്‍.ഡി.എഫിനെ വീണ്ടും കേരളത്തില്‍ അധികാരത്തിലേറ്റിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കി ഒരു ഭരണ ശൈലി നടപ്പാക്കിയത് നന്നായി. ഈ ചുമതലകള്‍ നിങ്ങള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുമെന്ന് എനിക്ക് ബോധ്യമുണ്ട്. നിങ്ങളുടെ വിജയം ഞങ്ങളുടെ പോരാട്ടത്തിനും ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നു’, ഗാല്ലര്‍ട്ട് പറഞ്ഞു.
ശ്രീലങ്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരാമുന, ചൈന, ക്യൂബ എന്നീ രാജ്യങ്ങളും ഇടത് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് അഭിവാദ്യമര്‍പ്പിച്ചതായി ബേബി പറഞ്ഞു.