| Sunday, 17th October 2021, 1:07 pm

'എന്നെ സസ്പെന്റ് ചെയ്ത കൊണാണ്ടന്‍മാര്‍ അറിയാന്‍'; വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ചതിന് സസ്‌പെന്റ് ചെയ്തതിന് പരിഹാസവുമായി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: യാത്രക്കാരുടെ ജീവന് ഭീഷണിയായി വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ചതിന് സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍. സസ്‌പെന്റ് ചെയ്തവരെ ആക്ഷേപിച്ചും വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ചതിനെ ന്യായീകരിച്ചുമാണ് ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്റെ പ്രതികരണം.

പൂഞ്ഞാര്‍ പള്ളിയുടെ മുന്നില്‍ വച്ച് ഉരുള്‍പൊട്ടി വെള്ളം വന്ന് വണ്ടി നിന്നു പോയതാണെന്ന് കെ.എസ്.ആര്‍.ടി.സിയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞ ജയദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സസ്‌പെന്‍ഷന്‍ നടപടിയെ പരിഹസിക്കുകയാണ് ചെയ്യുന്നത്.

വീട്ടുകാര്യങ്ങള്‍ നോക്കി ടി.എസ് നമ്പര്‍ 50 ല്‍ (കള്ള് ഷാപ്പ് നമ്പര്‍) പോയി സുഖിച്ച് വിശ്രമിക്കട്ടെ എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് വന്ന പത്രവാര്‍ത്ത പങ്കുവച്ച് ഇയാള്‍ പറയുന്നത്.

‘എന്നെ സസ്പെന്‍ഡ് ചെയ്ത കെ.എസ്.ആര്‍.ടി.സിയിലെ കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക,’ എന്നാണ് മറ്റൊരു പോസ്റ്റില്‍ ഇയാളുടെ പ്രതികരണം.

ഏത് തൊഴിലും അറിയാവുന്നവനാണ് താനെന്നും പറഞ്ഞ് അദ്ദേഹം അച്ഛന്റെ മുടിവെട്ടി കൊടുക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഐ.എന്‍.ടി.യു.സി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റായ ജയദീപ് നേരത്തെയും നിരവധി സസ്പെന്‍ഷന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. വീട്ടില്‍ കയറി ഒരാളെ വെടിവെച്ചതിനും ജയദീപ് സസ്പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്.

ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് ഇയാള്‍. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് ഡ്രൈവറെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala KSRTC Driver suspended dangerous driving on Flood

We use cookies to give you the best possible experience. Learn more